എന്റെ അചിന്ത്യ മഹത്വം പറയാം, കേള്‍ക്കൂ (9-4)

Thursday 18 May 2017 9:33 pm IST

  എന്റെ സ്വരൂപം നിങ്ങളുടെ ഭൗതിക നേത്രങ്ങള്‍ക്കൊണ്ട് കാണാനോ, ചെവികൊണ്ട് എന്റെ സ്വരൂപത്തിന്റെ സര്‍വോത്കൃഷ്ടമായ ഭാവത്തെപ്പറ്റി യഥാരൂപം കേള്‍ക്കാനോ കഴിയില്ല. കാരണം എന്റെ സ്വരൂപം സച്ചിദാനന്ദമയവും ചൈതന്യഘനവും കോടിസൂര്യന് തുല്യമായ കാന്തി പ്രവഹിക്കുന്നതുമാണ്. എന്നില്‍ തന്നെയാണ്, ബ്രഹ്മാവ്-മുതല്‍ കീഴ്‌പോട്ട് ഉറുമ്പുവരെയുള്ള ദേവ-മനുഷ്യ-മൃഗ-പക്ഷി-വൃക്ഷലതാദികളും നിലനില്‍ക്കുന്നത്. മാത്രമല്ല, ഞാന്‍ എല്ലാത്തിന്റെയും അകത്തും പുറത്തും വ്യാപിച്ചുനില്‍ക്കുന്നു. ഒരു കുടത്തില്‍ വെള്ളം നിറച്ചുവച്ചിട്ടുണ്ടെങ്കില്‍ ആ വെള്ളത്തിന്റെ ആധാരം കുടമാണല്ലോ. അതുപോലെ ഞാന്‍ എല്ലാത്തിനും ആശ്രയമാണ്. തടാകത്തിലെ വെള്ളത്തില്‍ നുരയും പതയും പാവിയും നിറഞ്ഞുനില്‍ക്കുന്നു. നുരയിലും പതയിലും പാവിയിലും വെള്ളം വ്യാപിച്ചുനില്‍ക്കുന്നു. സൂര്യനെയും ഉദാഹരിക്കാം സൂര്യന്‍ എന്നു നാം പറയുമ്പോള്‍, സൂര്യഗ്രഹവും രശ്മികളും വെയിലും ഉള്‍പ്പെടുമല്ലോ. അപ്പോള്‍ നാമെല്ലാം ജീവിക്കുന്നത് സൂര്യനില്‍ തന്നെയാണ് സംശയമില്ല. വെയിലില്‍നിന്നുണ്ടാവുന്ന ഊര്‍ജം നമ്മില്‍ വ്യാപിച്ചുനില്‍ക്കുന്നതുകൊണ്ടാണ് നമുക്ക് പ്രവര്‍ത്തനശക്തി കിട്ടുന്നത്. ഇക്കാര്യമാണ് ''മയാതത വിദ്യാസര്‍വ്വം,'' മത്സ്ഥാനി സര്‍വ്വഭൂതാനി എന്ന വാക്യങ്ങളുടെ താല്‍പ്പര്യം. ശ്രീമഹാഭാരതം സഭാപര്‍വ്വത്തില്‍ സഹദേവന്‍ പ്രഖ്യാപിക്കുന്നതും നമുക്ക് ഉള്‍ക്കൊള്ളാം. ''ബുദ്ധിര്‍മനോമഹദ്‌വായുഃ തേജോരഭഃ ഖം മഹീചയാ ചതുര്‍വിധം ചയദ്ഭൂതം സര്‍വ്വം കൃഷ്‌ണേ പ്രതിഷ്ഠിതം'' (=ബുദ്ധി, മനസ്സ്, മഹത്തത്ത്വം, വായു, തേജസ്സ്, നാം ജീവിക്കുന്ന ഈ ഭൂമി, നാലുവിധത്തില്‍ ജനിച്ചിട്ടുള്ള ജന്തുക്കള്‍ ഇവയെല്ലാം ഈ കൃഷ്ണനിലാണ് ഉറച്ചുനില്‍ക്കുന്നത്) അങ്ങനെയാണെങ്കില്‍ കൃഷ്ണാ, അങ്ങ് എവിടെയാണ് സ്ഥിതിചെയ്യുന്നത്?. ഞാന്‍ ഈ ഭൗതിക പ്രപഞ്ചത്തില്‍ എവിടെയുമല്ല വര്‍ത്തിക്കുന്നത്. ഗൃഹത്തിനുള്ളില്‍ വായു നില്‍ക്കുന്നതുപോലെയോ മാളത്തില്‍ സര്‍പ്പം കിടക്കുന്നതുപോലെയോ നില്‍ക്കുന്നില്ല എന്നു മനസ്സിലാക്കുക. സൂര്യന്റെ പ്രഭാവമായ വെയില്‍ നമ്മുടെ ഗൃഹത്തിനുള്ളില്‍ പ്രവേശിക്കുന്നുണ്ടെങ്കിലും സൂരഗ്രഹം പ്രവേശിക്കുന്നില്ല; ആകാശത്ത് നില്‍ക്കുന്ന ശ്രീകൃഷ്ണഭഗവാന്‍ പരമാത്മാവായി, അന്തര്യാമി രൂപത്തില്‍ എല്ലായിടത്തും ഉണ്ടെങ്കിലും നമുക്ക് യുക്തി ചിന്തകൊണ്ടോ വേദോപനിഷത്തുകള്‍, ബ്രഹ്മസൂത്രം മുതലായ പഠിച്ചോ ഭഗവാനെ കാണാന്‍ കിട്ടുകയില്ല. എന്നാല്‍ പ്രേമലക്ഷണയായ ഭക്തിയുടെ പൂര്‍ണാവസ്ഥയില്‍ ആനന്ദിക്കുന്ന ഭക്തന്മാരുടെ അകത്തും പുറത്തും ആവിര്‍ഭവിച്ച് അവരെ ആനന്ദഭരിതരാക്കുകയും ചെയ്യും. ഈ കലിയുഗത്തില്‍ പോലും ഭഗവാന്‍ കുറൂരമ്മയുടെ കലത്തിനുള്ളിലും വില്വമംഗലത്തിന്റെ തേവാരവിഗ്രഹത്തിലും മേല്‍പ്പുത്തൂരിന്റെ മുന്‍പിലും -ഇങ്ങനെ ഈ ഭാരതഭൂമിയില്‍ അനേകം ഭക്തന്മാര്‍ക്ക് ഇന്ദ്രിയങ്ങള്‍ക്കു ഗോചരനായി വിഹരിച്ചിട്ടുള്ളത് ചരിത്രമാണല്ലോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.