പരിശീലനം നേടിയ പൈലറ്റ്, പരിസ്ഥിതി പ്രവര്‍ത്തകന്‍

Thursday 18 May 2017 9:57 pm IST

പരിശീലനം നേടിയ പൈലറ്റ് ആയ മാധവ് ദവെ നര്‍മദാ നദിയുടെ ഉറവിടം മുതല്‍ കടലില്‍ ചെന്നു പതിക്കുന്നതുവരെയുള്ള പ്രദേശങ്ങളിലൂടെ വിമാനം പറത്തിയിട്ടുണ്ട്. ഉറവിടം മുതല്‍ കടലില്‍ പതിക്കുന്ന പ്രദേശംവരെയുള്ള 1312 കിലോമീറ്റര്‍ ദൂരം നര്‍മദയിലൂടെ ചങ്ങാടത്തില്‍ യാത്ര ചെയ്യുകയുമുണ്ടായിട്ടുണ്ട്. നര്‍മ്മദാ നദിയോടുള്ള സ്‌നേഹമായിരുന്നു അനില്‍ മാധവ് ദവെയുടെ ജീവിതം മുഴുവന്‍. ഭോപ്പാലിലെ നദീ കീ ഘറും(നദിയുടെ വീട്) ഭോപ്പാലില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ഹൗസംഗബാദിലെ നര്‍മ്മദാ തീരത്തുള്ള ചെറിയ ഔട്ട് ഹൗസുമെല്ലാം നര്‍മ്മദയോടുള്ള സ്‌നേഹത്തിന്റെ അടയാളങ്ങളായി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുന്നതും ഇവിടെത്തന്നെയാണ്. നര്‍മ്മദാതീരത്ത് പ്രവര്‍ത്തിക്കുന്ന നര്‍മ്മദ സമഗ്ര എന്ന പ്രസ്ഥാനവും അദ്ദേഹത്തിന്റെ ആശയമായിരുന്നു. 1956 ജുലൈ 6ന് ഉജ്ജയിലെ ബട്‌നഗറില്‍ ജനിച്ച ദവെ ഇന്‍ഡോറിലെ ഗുജറാത്തി കോളേജില്‍ നിന്ന് ഗ്രാമവികസനത്തിലും നടത്തിപ്പിലും സ്‌പെഷ്യലൈസേഷനോടെ എംകോം ബിരുദം നേടിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജെപി മൂവ്‌മെന്റില്‍ ആകൃഷ്ടനായി സമരരംഗത്തെത്തി. അടിയന്തരാവസ്ഥക്കാലത്തെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ അദ്ദേഹം താമസിയാതെ സംഘ പ്രചാരകനുമായി. ഭോപ്പാല്‍ പ്രചാരക് ആയിരിക്കെയാണ് ഉമാഭാരതിയുടെ സെക്രട്ടറിയായി മാറിയത്. ജന്‍ അഭിയാന്‍ പരിഷത്തിന്റെ സ്ഥാപനം നിര്‍വഹിച്ച അദ്ദേഹം ചരൈവേതി മാസികയുടേയും ജന്‍അഭിയാന്‍ പരിഷത്ത് ജേര്‍ണലിന്റെയും പത്രാധിപരായി പ്രവര്‍ത്തിച്ചു. നല്ല എഴുത്തുകാരനായിരുന്ന അദ്ദേഹം ഹിന്ദിയിലും ഇംഗ്ലീഷിനും നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിയോണ്ട് കോപ്പണ്‍ഹേഗന്‍ എന്ന ഇംഗ്ലീഷ് പുസ്തകം രാജ്യാന്തര തലത്തില്‍ വളരെയേറെ ശ്രദ്ധേയമായി. അമര്‍ കണ്ഡക് ടു അമര്‍ കണ്ഡക് എന്ന ഹിന്ദി പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2009ല്‍ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലെത്തിയ അദ്ദേഹം രാജ്യസഭയിലെ ജലവിഭവ സ്റ്റാന്റിംഗ് കമ്മറ്റി, വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ ഉപദേശക സമിതി എന്നിവയിലും അംഗമായിരുന്നു. 2010 മുതല്‍ ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച പാര്‍ലമെന്ററി സമിതിയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ഛത്രപതി ശിവജിയെക്കുറിച്ച് ലണ്ടനില്‍ വെംബ്ലിയില്‍ ഉള്‍പ്പെടെ ആയിരംവേദികളില്‍ അരങ്ങേറിയ 'ജനത രാജ' എന്ന നാടകത്തിന്റെ സംഘാടകനായിരുന്നു. ദവെ എഴുതിയ ശിവജിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ മലയാള പരിഭാഷ കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016ല്‍ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദവെ 2016 ജൂലൈയില്‍ പ്രകാശ് ജാവദേക്കര്‍ മാനവ വിഭവ ശേഷി വകുപ്പിന്റെ ചുമതലയിലേക്ക് മാറിയപ്പോള്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ചുമതലയേറ്റു. ദരിദ്രരോടും അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവരോടുമുള്ള സഹാനുഭൂതിയിലൂടെ പ്രശസ്തനായിരുന്ന ഒരു യഥാര്‍ഥ പൊതുപ്രവര്‍ത്തകനായിരുന്നു അനില്‍ മാധവ്ദവേയെന്ന് കേന്ദ്രമന്ത്രിസഭ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. പരിസ്ഥിതിപ്രവര്‍ത്തകനെ നിലയില്‍ നര്‍മദാ നദിയെ സംരക്ഷിക്കാനായി അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. യഥാര്‍ഥ ദേശീയവാദിയായിരുന്ന അദ്ദേഹം പൊതുചുമതലകള്‍ വിനയത്തോടും സൗകുമാര്യതയോടും കൂടി നിറവേറ്റി. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ രാഷ്ട്രത്തിന് മധ്യപ്രദേശില്‍നിന്നുള്ള ഒരു മികച്ച നേതാവിനെയാണു നഷ്ടമായതെന്നും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം പാസാക്കിയ പ്രമേയം അനുസ്മരിച്ചു. നിങ്ങള്‍ക്ക് എന്നെ സ്മരിക്കണമെങ്കില്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ച് സംരക്ഷിക്കുക. അല്ലാതെ സ്മാരകം നിര്‍മ്മിച്ചോ പ്രതിമകള്‍ ഉയര്‍ത്തിയോ പുരസ്‌ക്കാരങ്ങള്‍ നല്‍കിയോ ആവരുത് എന്നെ ഓര്‍മ്മിക്കേണ്ടത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ അന്തിമ ആഗ്രഹങ്ങള്‍ അനില്‍ മാധവ് ദവെ എഴുതി സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയത് ഇപ്രകാരമായിരുന്നു.