കുമ്മനത്തിനെതിരെ പ്രതികാര രാഷ്ട്രീയം

Thursday 18 May 2017 10:02 pm IST

അക്രമരാഷ്ട്രീയത്തെ ഭരണനടപടിയാക്കിയിരിക്കുന്ന പിണറായി വിജയന്റെ സര്‍ക്കാര്‍ അതിനെതിരെ ശക്തവും ഫലപ്രദവുമായി പ്രതികരിക്കുന്നവരെ വേട്ടയാടാന്‍ ഉറച്ചിരിക്കുകയാണ്. ഇടതുഭരണത്തിന്‍ കീഴില്‍ കമ്പോഡിയന്‍ മോഡല്‍ കൊലവയലുകള്‍ തീര്‍ക്കുന്ന കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് ബിജുവിനെ കൊലപ്പെടുത്തിയതിനുശേഷം ആഹ്‌ളാദപ്രകടനം നടത്തുന്ന സിപിഎമ്മുകാരുടെ വീഡിയോദൃശ്യം ട്വിറ്ററിലിട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേസെടുത്ത നടപടി സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന് അടിവരയിടുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് കുമ്മനത്തിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി നിയമസഭയില്‍ ഭീഷണിപ്പെടുത്തിയിരുന്നു. സംഘര്‍ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് ഒരു എസ്എഫ്‌ഐ നേതാവിനെക്കൊണ്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി കൊടുപ്പിക്കുകയും ചെയ്തു. ആസൂത്രിതമായ ഈ നടപടിക്കു പിന്നാലെയാണ് കുമ്മനത്തിനെതിരെ കേസെടുത്തിരിക്കുന്നത്. രാഷ്ട്രിയ വിദേ്വഷം ഒന്നുകൊണ്ടുമാത്രം ഒരു യുവാവിനെ കൊലചെയ്തതിലല്ല, അതില്‍ ആഹ്‌ളാദിക്കുന്ന പ്രാകൃത മനോഭാവത്തെ തുറന്നുകാട്ടിയതാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായിയുടെയും കണ്ണില്‍ കുറ്റം. ബിജുവിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സിപിഎം നേതാക്കള്‍ അവകാശപ്പെട്ടത്. ഇതുപറഞ്ഞ് നാവെടുക്കുന്നതിനു മുന്‍പ് കേസില്‍ പിടിയിലായ പ്രതികള്‍ മുഴുവന്‍ സിപിഎമ്മുകാരാണ്. ഇവരിലൊരാളായ റിനീഷ് പതിനേഴ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഈ പ്രതിക്കുവേണ്ടി കോടതിയില്‍ ഹാജരായത് സിപിഎമ്മിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. ബിജുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ പ്രമുഖ സിപിഎം നേതാക്കള്‍ക്ക് പങ്കുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് ഇത്രയൊക്കെ ബന്ധമുണ്ടായിട്ടാണ് ബിജുവിന്റെ കൊലപാതകത്തെ സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞത്! താന്‍ ട്വിറ്ററിലിട്ട ദൃശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് കുമ്മനം പ്രതികരിച്ചിട്ടുള്ളത്. ഇതിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. ഇരകളുടെ വേദന പങ്കുവയ്ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും കുമ്മനം പറയുമ്പോള്‍, പ്രതിക്കൂട്ടിലാവുന്നത് സിപിഎം നേതൃത്വം ഒന്നടങ്കമാണ്. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം തീരാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് പതിമൂന്നാമത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മൃഗീയമായി കൊലചെയ്യപ്പെട്ടത്. കേരളത്തിലെന്നല്ല, രാജ്യത്തെമ്പാടും ഇന്ന് സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രതിഷേധമുയരുന്നുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേരളത്തിലെ ചുവപ്പു ഫാസിസം അപലപിക്കപ്പെട്ടു. കേരളം കഴിഞ്ഞാല്‍ കൊച്ചു ത്രിപുരയില്‍ മാത്രം അവശേഷിക്കുന്ന സിപിഎം ഇന്ന് കൊലയാളികളുടെ പാര്‍ട്ടിയായാണ് അറിയപ്പെടുന്നത്. സിപിഎമ്മിന്റെ സമാന്തര ഭരണം നടക്കുന്ന കണ്ണൂരില്‍ ക്രമസമാധാനപാലനത്തിന് പട്ടാളത്തെ ഇറക്കണമെന്ന ആവശ്യം പോലും ഉയര്‍ന്നിരിക്കുന്നു. ഇതില്‍നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള അടവുനയത്തിന്റെ ഭാഗമാണ് കുമ്മനത്തിനെതിരായ മുഖ്യമന്ത്രിയുടെ ഭീഷണി മുഴക്കലും കേസെടുക്കലും. സത്യത്തെ കൊടിലുകൊണ്ടുപോലും തൊടാന്‍ അറയ്ക്കുന്ന സിപിഎം, കുപ്രചാരണത്തിലൂടെയാണ് എക്കാലവും രാഷ്ട്രീയമായി അതിജീവിക്കുന്നത്. ഇത് തുറന്നുകാട്ടുന്നവരൊക്കെ അവരുടെ ശത്രുക്കളാവും. ഹിംസയില്‍ ആഹ്‌ളാദിക്കുന്ന പാര്‍ട്ടിക്കാരുടെ ചിത്രം പുറത്തുവിട്ട കുമ്മനം ഇപ്പോള്‍ സിപിഎമ്മിന്റെ ശത്രുവായതും ഇതുകൊണ്ടുതന്നെ. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് തുടക്കമിട്ട് വാടിക്കല്‍ രാമകൃഷ്ണനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലചെയ്ത കേസില്‍ പ്രതിയായിരുന്നു പിണറായി വിജയന്‍. ഇതേ പിണറായിതന്നെയാണ് രാഷ്ട്രീയ പ്രതിയോഗികളെ തെളിവ് അവശേഷിപ്പിക്കാതെ ബംഗാള്‍ മോഡലില്‍ കൊലപ്പെടുത്താന്‍ പാര്‍ട്ടി യോഗത്തില്‍ ആഹ്വാനം ചെയ്തത്. കതിരൂര്‍ മനോജ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ മൃഗീയമായി കൊലചെയ്ത കേസില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ഇതേ കേസില്‍ പ്രതിയായിരിക്കുന്ന പി. ജയരാജന്റെ മകനാണ്. മനോജ് കൊലചെയ്യപ്പെട്ട വാര്‍ഷികദിനത്തില്‍ അത് നടന്നിടത്ത് നായ്ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി പൈശാചിക മനോഭാവം പ്രകടിപ്പിച്ചവരാണ് കണ്ണൂരിലെ സഖാക്കള്‍. എത്ര കുപ്രചാരണം നടത്തിയാലും കള്ളക്കേസുകള്‍ ചമച്ചാലും സിപിഎമ്മിന്റെ തനിനിറം തുറന്നുകാട്ടുന്നതില്‍നിന്ന് ഒരിഞ്ചുപോലും ബിജെപിയും സംഘപരിവാറും പിന്നോട്ടുപോവില്ല. ജനാധിപത്യം അംഗീകരിക്കാനും രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാനും സിപിഎം തയ്യാറായേ മതിയാവൂ. അധികാരത്തിന്റെ ബലത്തില്‍ ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. അക്രമവും കൊലപാതകവും അടിച്ചമര്‍ത്തലും നടത്തി മൂന്നരപ്പതിറ്റാണ്ടുകാലം ഭരിച്ച ബംഗാളിലെ ഇപ്പോഴത്തെ സ്ഥിതി എന്തെന്ന് സിപിഎം ഓര്‍ക്കുന്നത് കൊള്ളാം. കേരളത്തെ ബംഗാളാക്കുമെന്നായിരുന്നല്ലോ ഒരുകാലത്ത് സിപിഎമ്മിന്റെ മുദ്രാവാക്യം. ഹിംസയുടെ രാഷ്ട്രീയം ഉപേക്ഷിച്ചില്ലെങ്കില്‍ ഇതിന് അധികകാലം വേണ്ടിവരുമെന്ന് തോന്നുന്നില്ല.