തോണിപ്പാറയില്‍ മഴപെയ്താല്‍ വൈദ്യുതി പോകും

Thursday 18 May 2017 10:05 pm IST

പൊന്‍കുന്നം: മഴതുടങ്ങിയതോടെ തോണിപ്പാറ മേഖലയില്‍ വൈദ്യുതി മുടക്കം പതിവായി. മഴയും കാറ്റും ഉണ്ടായാല്‍ അപ്പോള്‍ തന്നെ വൈദ്യുതി മുടങ്ങും. കിലോമീറ്ററുകള്‍ക്കപ്പുറം മഴപെയ്താലും ഇതു തന്നെ അവസ്ഥ. പിന്നീട് വൈദ്യുതി എത്താന്‍ മണിക്കൂറുകള്‍ കാത്തിരിക്കണം. വൈദ്യുതി മുടക്കത്തിന് പരിഹാരമായി തോണിപ്പാറയിലേക്കുള്ള ലൈന്‍ ടൗണ്‍ വൈദ്യതി ലൈനുമായി ബന്ധിപ്പിച്ചെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. പകലും രാത്രിയും തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഒരാഴ്ചയായി രാത്രി 12ന് മുടങ്ങുന്ന വൈദ്യുതി നേരം വെളുക്കുമ്പോഴാണ് എത്തുന്നത്. കെഎസ്ഇബിയില്‍ വിളിച്ചാല്‍ ഇപ്പോള്‍ വരും എന്നു പറയുന്നല്ലാതെ പ്രയോജനമൊന്നുമില്ലെന്നാണ് നാട്ടുകാരുടെ പരാതി. വൈദ്യുതിലൈനില്‍ മരത്തിന്റെ ശിഖരങ്ങള്‍ ചാഞ്ഞു കിടക്കുന്നതാണ് കാരണമെന്ന് അധികൃതര്‍ പറയുന്നു. വൈദ്യുതി ലൈനിന്റെ തുടക്കത്തില്‍ എവിടെ പ്രശ്‌നമുണ്ടായാലും ആ മേഖലയിലെ കരണ്ടുപോകുമെന്നും അത് സാങ്കേതിക പ്രശ്‌നമാണെന്നുമാണ് അധികൃതരുടെ ഭാഗം. തുടര്‍ച്ചയായ വൈദ്യുതി മുടക്കത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കാന്‍ പൊന്‍കുന്നം ടൗണ്‍ വികസന സമിതി പ്രസിഡന്റ് ഷാജി വട്ടപ്പാറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.