ഗിയറില്ലാക്കാലം

Thursday 18 May 2017 10:18 pm IST

വാഹനത്തില്‍ കയറിയിരുന്ന് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ കൃത്യമായ സ്ഥലത്ത് എത്തിക്കും. ഇത്തരമൊരു സംവിധാനത്തെക്കുറിച്ചാണ് മലയാളികള്‍ ചിന്തിക്കുന്നത്. കാരണം, യാത്രയ്ക്കായി ഒരുപാടു മെനക്കെടാനൊന്നും ആര്‍ക്കും വയ്യ. അപ്പോള്‍, ക്ലച്ച് താങ്ങി എപ്പോഴും ഗിയര്‍ മാറ്റി വാഹനം ഓടിക്കണമെന്ന് പറഞ്ഞാലോ? ആരും കേള്‍ക്കില്ല. ഇതാണ് കൂടുതല്‍ കാര്‍ കമ്പനികള്‍ ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ് സംവിധാനത്തിലേക്ക് മാറാന്‍ കാരണം. ഇപ്പോള്‍, പുതുതായി ഇറങ്ങുന്ന ഒട്ടുമിക്ക കാറുകളിലും ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ് സംവിധാനമുണ്ട്. ഇന്ത്യയില്‍ ഓട്ടോഗിയര്‍ ഷിഫ്റ്റ് സംവിധാനം ആദ്യമായി കൊണ്ടുവന്നത് മാരുതിയാണ്. സെലേറിയോയില്‍. ഗിയര്‍ മാറ്റാതെ കാര്‍ ഓടിക്കാമെന്നതുകൊണ്ടുമാത്രം ഒട്ടേറെപ്പേര്‍ സെലേറിയോയുടെ ആരാധകരായി. ഇതോടെ, മറ്റു പല കാര്‍ കമ്പനികളും ഓട്ടോ ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്തു. മാനുവലായും ഓട്ടോമാറ്റിക്കായും ഗിയര്‍മാറ്റാനുള്ള സംവിധാനം ഇന്ന് ഒട്ടുമിക്ക കാറിലുമുണ്ട്. പക്ഷേ, ഓട്ടോമാറ്റിക് ഗിയര്‍ മാറ്റം ഇപ്പോഴത്തെ കണ്ടുപിടിത്തമൊന്നുമല്ല. 1921 കാനഡക്കാരനായ ആല്‍ഫ്രഡ് ഹോര്‍നര്‍ മണ്‍റോ ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനം പരീക്ഷിച്ച് പേറ്റന്റ് നേടി. പക്ഷേ, അത് വ്യാവസായികമായി വികസിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. 1932 ബ്രസീലിയന്‍ സ്വദേശികളായ ജോസ് ബ്രാസ് അരാരിപെയും ഫെര്‍ണാണ്ടോ ലേലി ലോമസും ഹൈഡ്രോളിക് ഫ്‌ളൂയിഡില്‍ ഓട്ടോഗിയര്‍ ഷിഫ്റ്റ് സംവിധാനം തയ്യാറാക്കി. ഇത് അവര്‍ ജനറല്‍ മോട്ടോഴ്‌സിന് വിറ്റതോടെയാണ് ഓട്ടോ ഗിയര്‍ സാങ്കേതിക വിദ്യയിലേക്ക് വാഹനലോകം മാറിയത്. രണ്ടാംലോക മഹായുദ്ധകാലത്തെ ടാങ്കുകള്‍ ഓടിക്കാനാണ് ഈ സംവിധാനം ആദ്യം ഉപയോഗപ്പെടുത്തയതെന്നും ചരിത്രം.