ഫൈനല്‍ മോഹവുമായി വീണ്ടും മുംബൈ; പകവീട്ടാന്‍ കൊല്‍ക്കത്ത

Thursday 18 May 2017 10:28 pm IST

  ബെംഗളൂരു: മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ഐപിഎല്ലിന്റെ ഫൈനലിലെത്താന്‍ ഒരവസരം കൂടി. ക്വാളിഫെയര്‍ രണ്ട് മത്സരത്തില്‍ അവര്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ജയിക്കുന്ന ടീം ഫൈനലിലേയ്ക്ക് മാര്‍ച്ച് ചെയ്യും. ഞായറാഴ്ച ഹൈദരാബാദിലാണ് ഫൈനല്‍. ഒന്നാം ക്വാളിഫെയര്‍ മത്സരത്തില്‍ മുംബൈയെ മുക്കി നേരത്തെ തന്നെ സൈറിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ഫൈനലിന് യോഗ്യത നേടി. രണ്ടുതവണ ചാമ്പ്യന്മാരായ കൊല്‍ക്കത്ത എലിമിനേറ്റര്‍ മത്സരത്തില്‍ നിലവിലുളള ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിന് തകര്‍ത്താണ് ക്വാളിഫെയര്‍ രണ്ടില്‍ മത്സരിക്കാന്‍ ടിക്കറ്റെടുത്തത്. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്‌വര്‍ത്തിലൂയിസ് നിയമമനുസരിച്ച് കൊല്‍ക്കത്തയുടെ വിജയലക്ഷ്യം ആറ് ഓവറില്‍ 48 റണ്‍സാക്കി.മൂന്ന് വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായെങ്കിലും നായകന്റെ ബാറ്റില്‍ പിടിച്ച് കൊല്‍ക്കത്ത വിജയത്തിന്റെ പടവുകള്‍ കയറി.മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കി അവര്‍ ലക്ഷ്യം കണ്ടു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇരുപത് ഓവറില്‍ ഏഴു വിക്കറ്റിന് 128 റണ്‍സാണ് എടുത്തത്. തുടര്‍ന്ന് മഴപെയ്തതിനാല്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം പുനഃക്രമീകരിച്ചു.