പുതുതലമുറയെ ശുഭസന്ദേശ പ്രചാരകരാക്കണം: സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി

Friday 19 May 2017 11:20 am IST

കോഴിക്കോട്: സന്ദേശ പ്രചാരണത്തിന് പുതുതലമുറയെ പ്രയോജനപ്പെടുത്തുന്ന ഇന്നത്തെ സാഹചര്യം ശുഭസന്ദേശമാണെന്ന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. കോഴിക്കോട് അഴകൊടി ദേവീക്ഷേത്രം ഹാളില്‍ നടക്കുന്ന വാല്‍മീകി രാമായണ യജ്ഞം പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു സ്വാമി. എന്നാല്‍ വികല സന്ദേശങ്ങളാണ് പങ്കുവെക്കുന്നതെങ്കില്‍ അത് സമൂഹത്തിന് ദോഷം ചെയ്യും. ലവ കുശന്മാരിലൂടെ ധര്‍മ്മാധിഷ്ഠിത കാവ്യം പ്രചരിപ്പിക്കാന്‍ വാല്‍മീകി കാണിച്ച മാതൃക ശുഭകരമായി പ്രയോജനപ്പെടുത്താന്‍ സജ്ജന വൃന്ദം ഉത്സാഹിക്കണം. അനൗപചാരിക വിദ്യാഭ്യാസം എന്നത് ദൂരക്കാഴ്ചയോടെ വിഭാവനം ചെയ്യണം. നവരസ സമ്പന്നമായ ഇതിഹാസകാവ്യം അര്‍ഹിക്കുന്ന ഭാവ വ്യതിയാനങ്ങളോടെ ആലപിക്കാന്‍ ലവകുശന്മാര്‍ സമര്‍ത്ഥരായിരുന്നു. അവര്‍ മുനിവാടങ്ങളിലും, തെരുവുകളിലും പാടി നടന്നു. ധാരാളം ഉപഹാരങ്ങളും പ്രശംസയും നേടിയെടുത്തു. രാമചരിതം ഭാവികാലത്തില്‍ എല്ലാ കവികള്‍ക്കും ആധാരമാവുമെന്ന് പണ്ഡിതര്‍ വിലയിരുത്തി. മുനികുമാരന്മാരെക്കുറിച്ച് കേട്ടറിഞ്ഞ ശ്രീരാമചന്ദ്രന്‍ അവരെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. മുഖ്യകേള്‍വിക്കാരനായി മഹാരാജാവ് തന്നെ സ്വര്‍ണ്ണ സിംഹാസനത്തില്‍ ഉപവിഷ്ടനായി. അയോധ്യാപുരി വര്‍ണ്ണനവും, ദശരഥമഹത്വവും ആദ്യം വിസ്തരിക്കപ്പെടുന്നു. സുവ്യവസ്ഥിതമായ രാജനഗരിയുടെ വിശദാംശം പരിഗണിക്കുമ്പോള്‍ അവ ഇന്നത്തെ പരിഷ്‌കൃത പട്ടണങ്ങളോട് കിടപിടിക്കാന്‍ പോന്നവ തന്നെയാണെന്നു കാണാം. ദശരഥന്റെ മന്ത്രി പ്രമുഖരെക്കുറിച്ചും, ഉപദേഷ്ടാക്കളെക്കുറിച്ചും വിശദീകരണമുണ്ട്. പ്രജകളും രാജാവിനെപ്പോലെ സുസംസ്‌കൃതരാണെന്നു കാണാം. ദശരഥ മഹാരാജാവു നടത്തിയ അശ്വമേധത്തിന്റെ വര്‍ണ്ണനം ആസൂത്രണ കാര്യങ്ങളില്‍ നമുക്കും പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്വാമി കൂട്ടിച്ചേര്‍ത്തു.