ഓരോരോ സിപി‌എം കോമാളിത്തങ്ങള്‍

Friday 19 May 2017 4:19 pm IST

ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റു മാധ്യമങ്ങള്‍ക്കു വിലക്ക്. അഡ്‌മിനിസ്‌ട്രേറ്ററുടേതാണ് ഉത്തരവ്. ഇങ്ങനെ പോയാല്‍ സിപിഎമ്മുകാര്‍മാത്രം ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും കയറിയാല്‍ മതിയെന്നു സര്‍ക്കുലര്‍ ഇറക്കുമോ. പാര്‍ട്ടിക്കാര്‍ഡു കാണിച്ചോ ലോക്കല്‍ സെക്രട്ടറിയുടെ കത്തു കാണിച്ചോ വരുന്നവര്‍ക്കുമാത്രമേ ഇനി അകത്തു കയറാന്‍ പാടുള്ളൂ എന്നും വരാം. അതിനായി പാര്‍ട്ടിക്കൂറുള്ള ഒരു ചാവേറിനെ പരിശോധിക്കാനും നിര്‍ത്തിയേക്കാം. സിപിഎംഅല്ലേ പാര്‍ട്ടി. ഇതിനപ്പുറവും സംഭവിക്കാം.

കോഫി ബോര്‍ഡ് ഭരണസമിതി ഇടതു സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്നു നിയോഗിച്ച അഡ്‌മിനിസ്‌ട്രേറ്ററാണ് ഉത്തരവിറക്കിയത്. കോഫി ഹൗസ് ഭരണ സമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളാണ് മറ്റു പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ദേശാഭിമാനി സര്‍ക്കാരിനെതിരെ നില്‍ക്കാന്‍ അത് കോണ്‍ഗ്രസ് പത്രമൊന്നുമല്ലല്ലോ. നല്ല അക്ഷര സ്‌നേഹിയായ അഡ്മിനിസ്‌ട്രേറ്റര്‍! ഇങ്ങനെയൊക്കെ വിചാരിച്ചുപോകുമ്പോള്‍ ഒരു സംശയവും വായനക്കാര്‍ക്കു തോന്നിയേക്കാം.

ഇതെന്താ കോഫി ഹൗസ് ചായക്കടയല്ലേ വായനശാലയാണോ എന്ന്. സംശയംവേണ്ട,ചായക്കട തന്നെ. ദേശാഭിമാനി മാത്രം സത്യം പറയുന്നതുകൊണ്ടും മറ്റു പത്രങ്ങള്‍ അസത്യംമാത്രം പറയുന്നതുകൊണ്ടും അങ്ങനെ അസത്യങ്ങള്‍ വായിച്ച് സ്വന്തക്കാര്‍ വഷളാകരുതല്ലോ എന്നും വിചാരിച്ചു മാത്രമാണ് ഈ പുതിയ കലാപരിപാടി! ഇനി ദേശാഭിമാനി പത്രം മാത്രമേ വായിക്കാവൂ എന്നുകൂടി കോഫി ഹൗസ് ജീവനക്കാര്‍ക്കു സര്‍ക്കുലര്‍ വരാം.സംശയം തോന്നുന്നവരുടെ വീട് റെയ്ഡുചെയ്തു മറ്റു പത്രങ്ങള്‍ പിടിച്ചെടുത്തുവെന്നും നാളെ വാര്‍ത്തയാവാം.

സ്റ്റാലിന്റെയും പോള്‍പോള്‍ട്ടിന്റെയും കാലത്ത് ഇങ്ങനെയൊക്കെ ആയിരുന്നല്ലോ.അവരെ ആരാധിക്കുകയും ദൈവമാക്കുകയും ചെയ്യുന്ന സിപിഎമ്മിനു എന്തുകൊണ്ട് അവരെ അനുകരിച്ചു കൂടാ. നാളെ ഇന്നതേ ഭക്ഷിക്കാവൂ ഇന്നതേ കുടിക്കാവൂ എന്നും ഉത്തരവു വരാം. പണ്ട് ലോകത്തെ പല കോഫി ഹൗസുകളും പുതു ചിന്തകളുടെയും ചര്‍ച്ചകളുടേയുമൊക്കെ പശ്ചാത്തലങ്ങളായിരുന്നു. പല നവീകരണ പ്രസ്ഥാനങ്ങള്‍ക്കും വിപ്‌ളവങ്ങള്‍ക്കുപോലും അവവിത്തുപാകി. ഒരു പത്രംകൊണ്ടും ഒരു അഡ്മിനിസ്‌ട്രേറ്ററെകൊണ്ടും ലോകത്തിന്റെ വാതില്‍ കൊട്ടിയടക്കാമെന്നത് സിപിഎം കോമാളിത്തങ്ങളില്‍ ഒന്നായിട്ടുമാത്രം കരുതിയാല്‍ മതി.

മാധ്യമ സ്വാതന്ത്ര്യ ദിനത്തില്‍ പത്രമാരണ ഉത്തരവ്; കോഫിഹൗസുകളില്‍ ദേശാഭിമാനി മാത്രം മതി

തൃശൂര്‍: ലോകമെങ്ങും മാധ്യമ സ്വാതന്ത്ര്യ ദിനാചരണത്തില്‍ മുഴുകിയപ്പോള്‍ കേരളത്തില്‍ അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന പത്രമാരണ ഉത്തരവ്. ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും അരുതെന്ന് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ്. കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതു സര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്ട്രേറ്ററാണ് ഉത്തരവ് ഇറക്കിയത്.

ഇന്നലെ വിവിധ ബ്രാഞ്ചുകളില്‍ മാനേജര്‍മാര്‍ക്ക് ഉത്തരവ് ലഭിച്ചു.
കോഫിഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാര്‍ത്തകളാണ് മറ്റു പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നും ഉത്തരവില്‍ പറയുന്നു. അതുകൊണ്ട് എല്ലാ ബ്രാഞ്ചുകളിലും ഇനി ദേശാഭിമാനി മതിയെന്നാണ് നിര്‍ദ്ദേശം. അതേസമയം ഉത്തരവിനെതിരെ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നുണ്ട്.

കൂടുതല്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

മാധ്യമ സ്വാതന്ത്ര്യ ദിനത്തില്‍ പത്രമാരണ ഉത്തരവ്; കോഫിഹൗസുകളില്‍ ദേശാഭിമാനി മാത്രം മതി