വിധി റദ്ദാക്കണം; ജസ്റ്റീസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു

Friday 19 May 2017 4:33 pm IST

ന്യൂദല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു. തനിക്കെതിരായ സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജസ്റ്റീസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം കര്‍ണന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മാപ്പപേക്ഷ കോടതി സ്വീകരിച്ചില്ല. നിരുപാധികം മാപ്പ് പറയാമെന്ന് അറിയിച്ച് കര്‍ണന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഇതിനു പിന്നാലെയാണ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചത്. ചീഫ് ജസ്റ്റീസിനെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റീസ് കര്‍ണന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടിയെടുത്തിരിക്കുന്നത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാറിനെയും സുപ്രീം കോടതിയിലെ ഏഴു ജഡ്ജിമാരെയും അഞ്ചു വര്‍ഷത്തെ കഠിന തടവിനു ജസ്റ്റീസ് കര്‍ണന്‍ ശിക്ഷിച്ചിരുന്നു. എസ്‌സി/എസ്ടി ആക്ട് പ്രകാരം ജാതിവിവേചനം നടത്തിയെന്നും ന്യായാധിപനെന്ന സ്ഥാനത്തെ മാനിക്കാതെ ദളിതനായ തന്നെ അവഹേളിച്ചെന്നും ജസ്റ്റീസ് കര്‍ണന്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.