കൊച്ചി മെട്രോ: പ്രധാനമന്ത്രിയെ ഒഴിവാക്കുന്നതിന് പിന്നില്‍ ഗൂഢാലോചന

Friday 19 May 2017 5:02 pm IST

തിരുവനന്തപുരം: പ്രധാനമന്ത്രിയെ മെട്രോ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രധാനമന്ത്രി സ്ഥലത്തില്ലാത്ത സമയം നോക്കി തന്നെ ഉദ്ഘാടനം നടത്തണമെന്ന് സർക്കാരിന് എന്താണ് വാശിയെന്നും അദ്ദേഹം ചോദിച്ചു. ഉദ്ഘാടന ചടങ്ങിൽ നിന്ന് മാറ്റി നിർത്താൻ പ്രധാനമന്ത്രിക്ക് എന്ത് അയോഗ്യതയാണുള്ളതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം. മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാനുള്ള സാമാന്യ മര്യാദ സർക്കാർ കാട്ടണമെന്നും കുമ്മനം പറഞ്ഞു. മേയ് 29 മുതൽ ജൂൺ 3 വരെ പ്രധാനമന്ത്രി വിദേശ പര്യടനത്തിലായിരിക്കുമെന്നു നേരത്തെ അറിയിച്ചതാണ്. ഒന്നരമാസം മുൻപ് നിശ്ചയിച്ചതാണ് ഈ പര്യടനം. ജർമനി, സ്പെയിൻ, റഷ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. ത്രിരാഷ്ട്ര സന്ദർശനത്തിനുശേഷം ജൂൺ 7, 8 തീയതികളിൽ നടക്കുന്ന ഷാങ്‌ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ സംബന്ധിക്കാൻ കസാക്കിസ്ഥാനിലേക്കു പോകും. അതിനുശേഷം യുഎസ്, ഇസ്രയേൽ സന്ദർശനവും നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിന്റെ തീയതി അന്തിമമായി തീരുമാനിച്ചിട്ടില്ല.