ഹോമിയോ ആശുപത്രിയില്‍ വഴിവിട്ട നിയമനം; കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു

Friday 19 May 2017 3:39 pm IST

കുന്നത്തൂര്‍: മാതൃകാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയായ കുന്നത്തുര്‍ ഹോമിയോ ഡിസ്പന്‍സറിയില്‍ നടന്ന താല്‍ക്കാലികനിയമനം മാനദണ്ഡങ്ങള്‍ പാലിയ്ക്കാതെയുള്ളതെന്ന് ആരോപണം. ഇവിടെ ഒഴിവുള്ള ഒരു സ്വീപ്പര്‍ തസ്തികയിലേക്ക് കോണ്‍ഗ്രസ് വനിതാ നേതാവിനെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ട് തിരുകി കയറ്റുകയായിരുന്നു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ബന്ധുവുമായ വനിതയെ നിയമിച്ചത് പഞ്ചായത്തു പ്രസിഡന്റിന്റെ വ്യക്തിതാല്‍പ്പര്യപ്രകാരമാണന്നാണ് ആരോപണം. ഈ നിയമനത്തിനെതിരെ കോണ്‍ഗ്രസില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിയമനങ്ങള്‍ നടത്തുമ്പോള്‍ അതാതു ഓഫീസുകളില്‍ നോട്ടീസ് പതിയ്ക്കുകയും പത്രമാധ്യമങ്ങളിലൂടെ പരസ്യം പ്രസിഡീകരിച്ച് അപേക്ഷ ക്ഷണിക്കുകയും വേണം. എന്നാല്‍ ഈ നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല. കുടുംബശ്രീ വഴിയാണ് നിയമനം നടത്തിയത് എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത്തരം നിയമനങ്ങള്‍ കുടുംബശ്രീ യൂണിറ്റുകള്‍ വഴി മാത്രമേ നടത്താവു എന്ന പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഉള്ളതായി അറിവില്ല. കുടുംബശ്രീ യൂണിറ്റുകളില്‍ മതിയായ രീതിയില്‍ അറിയിപ്പ് നല്‍കാതെയാണ് നിയമനം എന്നും ആരോപണം നിലനില്‍ക്കുന്നു. ആശുപത്രിയുടെ സമീപ വാര്‍ഡുകളായ 11, 12, 13 വാര്‍ഡുകളിലയി 20ല്‍പ്പരം കുടുംബശ്രീ യൂണിറ്റുകളാണെങ്കിലും അവയില്‍ ഒന്നില്‍പ്പോലും ഒഴിവ് സംബന്ധിച്ച് അറിയിപ്പ് നല്‍കിയില്ല. സമുദായിക പ്രീണനത്തിന്റെ ഭാഗമായി സിപിഎമ്മും സ്വജനപക്ഷപാതത്തിനെതിരെ നിശബ്ദത പാലിക്കുകയാണ്. താല്‍ക്കാലിക നിയമനം സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയെപ്പോലുമറിയിക്കാതെ സ്വന്തം നിലയ്ക്ക് തീരുമാനമെടുത്തതില്‍ നേതാക്കള്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്. കോണ്‍ഗ്രസിലെ അതൃപ്തി വരുംദിവസങ്ങളില്‍ രൂക്ഷമാകാനാണ് സാധ്യത.