ട്രംപിന്റെ വിദേശപര്യടനത്തിന് ഇന്ന് തുടക്കം

Friday 19 May 2017 3:57 pm IST

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസഡന്റായി ചുമതലയേറ്റശേഷമുള്ള ട്രംപിന്റെ വിദേശപര്യടനത്തിന് ഇന്ന് തുടക്കം.സൗദി അറേബ്യ, ഇസ്രയേല്‍, വത്തിക്കാന്‍, ബെല്‍ജിയം, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഒമ്പതു ദിവസം നീളുന്ന വിദേശപര്യടനത്തില്‍ ട്രംപ് സന്ദര്‍ശിക്കുന്നത്. നാളെ റിയാദിലെത്തുന്ന ട്രംപിന് സൗദി രാജാവ് ആചാരപൂര്‍വ്വമായ വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. തീവ്രവാദത്തിനെതിരായ പോരാട്ടം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണവും ട്രംപ് ചര്‍ച്ചയില്‍ ഉന്നയിക്കും. ജറുസലേമില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ്, ബെത് ലേഹെമില്‍ വെച്ച് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തും. പാലസ്തീന്‍ പ്രശ്നമടക്കം ചര്‍ച്ചയാകുമെന്നാണ് സൂചന. പാലസ്തീന്റെ സ്വയം നിര്‍ണയാവകാശത്തിന് ട്രംപ് പിന്തുണ നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനുശേഷം വത്തിക്കാനിലെത്തുന്ന ട്രംപ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായും കൂടിക്കാഴ്ച നടത്തും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ അടക്കമുള്ളവയെ മാര്‍പാപ്പ നിശിതമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ട്രംപ്, പോപ്പ് കൂടിക്കാഴ്ചയെ ലോകരാജ്യങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വത്തിക്കാന് പിന്നാലെ ബ്രസ്സല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയിലും, സിസിലിയില്‍ നടക്കുന്ന ജി 7 ഗ്രൂപ്പ് സമ്മേളനത്തിലും ഡൊണാള്‍ഡ് ട്രംപ് സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.