ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി

Friday 19 May 2017 11:02 pm IST

ന്യൂദല്‍ഹി: വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ മേഖലകളെ ചരക്കുസേവന നികുതിയില്‍ നിന്നൊഴിവാക്കി ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. ആയിരം രൂപയില്‍ താഴെ വാടക വാങ്ങുന്ന ഹോട്ടലുകളെയും ലോഡ്ജുകളെയും നികുതിയില്‍ നിന്നൊഴിവാക്കി. ഗതാഗത മേഖലയെയും ഇക്കണോമി ക്ലാസിലെ വിമാന യാത്രയെയും ഏറ്റവും കുറഞ്ഞ നികുതി നിരക്കായ അഞ്ച് ശതമാനത്തിലാണ് ഉള്‍പ്പെടുത്തിയത്. ടെലികോം, ഇന്‍ഷുറന്‍സ്, ഹോട്ടല്‍-റസ്‌റ്റോറന്റുകള്‍ തുടങ്ങിയ എല്ലാ മേഖലയെയും ഉള്‍പ്പെടുത്തിയാണ് പുതിയ നികുതി നിരക്കുകള്‍ ജിഎസ്ടി കൗണ്‍സില്‍ പ്രഖ്യാപിച്ചത്. സ്വര്‍ണത്തിന് ഒഴികെയുള്ള നികുതി നിരക്കുകളിലാണ് രണ്ടു ദിവസമായി ശ്രീനഗറില്‍ തുടര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായത്. ടെലികോം, ധനകാര്യ സേവനങ്ങള്‍ക്ക് 18 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഓണ്‍ലൈന്‍ ടാക്‌സികളായ ഓല, യൂബര്‍ എന്നിവ നിലവില്‍ ഈടാക്കുന്ന ആറ് ശതമാനം അഞ്ചായി കുറയും. എസി ട്രെയിന്‍ യാത്രയ്ക്ക് അഞ്ച് ശതമാനം ലെവി ഈടാക്കുമ്പോള്‍ നോണ്‍ എസി യാത്രയ്ക്ക് പൂര്‍ണമായും നികുതിയിളവുണ്ട്. മെട്രോ, ലോക്കല്‍ ട്രെയിന്‍, ഹജ്ജ് യാത്ര തുടങ്ങിയവയ്ക്കും നികുതിയില്ല. എക്കണോമി ക്ലാസ് വിമാനയാത്രയ്ക്ക് അഞ്ച് ശതമാനം നികുതി. ബിസിനസ് ക്ലാസിന് 12 ശതമാനം. നോണ്‍ എസി റസ്‌റ്റോറന്റുകള്‍ക്ക് 12 ശതമാനമാണ് നികുതി. മദ്യലൈസന്‍സുള്ള എസി റസ്‌റ്റോറന്റുകള്‍ക്ക് 18 ശതമാനം. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് 28 ശതമാനം. 50 ലക്ഷത്തിന് താഴെ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് അഞ്ചു ശതമാനം നികുതിയിളവ് ലഭിക്കും. പെയിന്റിങ് പോലുള്ള കരാറുകള്‍ക്ക് 12 ശതമാനം നികുതി. 250 രൂപയ്ക്ക് മുകളില്‍ ടിക്കറ്റ് നിരക്കുള്ള സിനിമാ തീയേറ്ററുകളില്‍ 28 ശതമാനമാണ് ജിഎസ്ടി. അല്ലാത്തവയ്ക്ക് നികുതിയിളവുണ്ട്. ഹോട്ടല്‍ താമസത്തിന് രണ്ടായിരം രൂപ വരെ 12 ശതമാനവും അയ്യായിരം വരെ 18 ശതമാനവും നികുതി നല്‍കണം. അതിന് മുകളിലുള്ള താമസത്തിന് 28 ശതമാനം. ലോട്ടറിക്ക് നികുതിയീടാക്കില്ലെന്നും റവന്യൂ സെക്രട്ടറി ഹഷ്മുഖ് അദിയ പറഞ്ഞു. 5,12,18,28 എന്നിങ്ങനെ നാലു നിരക്കുകളിലാണ് ജിഎസ്ടി ഈടാക്കുന്നത്. ജൂലൈ ഒന്നു മുതല്‍ ഏകീകൃത നികുതി സംവിധാനം രാജ്യത്ത് നിലവില്‍ വരും.