കുസാറ്റ് ഗവേഷക പുതിയ സസ്യവും ജീവിയും കണ്ടെത്തി

Friday 19 May 2017 7:28 pm IST

കൊച്ചി: കൊച്ചി സര്‍വ്വകലാശാല പരിസ്ഥിതി ശാസ്ത്ര വകുപ്പിലെ ഗവേഷക അമ്പിളി സി.ബി. തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ പന്നല്‍ വര്‍ഗ്ഗത്തില്‍ പെട്ട അപൂര്‍വ്വ ഇനം സസ്യത്തെയും ബഹുകോശ ജലജീവിയേയും കണ്ടെത്തി. തട്ടേക്കാട് പക്ഷി സങ്കേതത്തിലെ കുളംമ്പുതോട് പ്രദേശത്തു നിന്ന്, ഹെല്‍മിന്തോസ്റ്റാക്കൈസ് സെയ്‌ലാനിക സസ്യത്തെയും ശുദ്ധജലത്തില്‍ മാത്രം കാണുന്ന യുനാപിയസ് കര്‍ട്ടേരി എന്ന ജലജീവിയെയുമാണ് കണ്ടെത്തിയത്. ഇതുമായി സംബന്ധിച്ച ശാസ്ത്ര വിശദാംശങ്ങള്‍ വിവിധ അന്താരാഷ്ട്ര സെമിനാറുകളില്‍ അവതരിപ്പിച്ചു. ഓഫിയോഗ്ലോസേസിയെ എന്ന സസ്യ കുടുംബത്തിലെ ഹെല്‍മിന്തോസ്റ്റാക്കൈസ് ജനുസ്സില്‍ പെട്ടതാണ് ഈ പന്നല്‍ വര്‍ഗ്ഗം. പ്രാദേശിക ഭാഷയില്‍ 'പഴുതാരകാളി' എന്നാണ് അറിയപ്പെടുന്നത്. എറണാകുളം ജില്ലയില്‍ ആദ്യമായിട്ടാണ് ഈ സസ്യത്തെ കണ്ടെത്തുന്നത്. ചതുപ്പ്‌നിറഞ്ഞ പുഴയോരമേഖലയില്‍ കൂടുതലായി കണ്ട് വരുന്ന ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഔഷധ ഗുണമുള്ളതാണ്. പ്രത്യകിച്ചും സര്‍പ്പദംശനം, വിളര്‍ച്ച, വന്ധ്യത, ഓര്‍മ്മക്കുറവ് എന്നിവയുടെ ചികിത്സയില്‍. സ്‌പോഞ്ചില്ലിഡെ എന്ന ജന്തു കുടുംബത്തിലെ അംഗമായ യുനാപിയസ് കര്‍ട്ടേരി കൂട്ടമായി ജീവിക്കുന്ന ബഹുകോശ ജീവിയാണ്. വെള്ളത്തില്‍ മുങ്ങിനില്‍ക്കുന്ന മരക്കുറ്റിയിലും പാറയിലും മുളംതണ്ടിലും കൂട്ടമായാണ് ഈ ജീവിവര്‍ഗ്ഗത്തെ കാണുന്നത്. ഇതിന്റെ ആവരണത്തില്‍ മറ്റു ചില ജീവികളും അഭയം പ്രാപിക്കുന്നു. കൂടാതെ ഈ വര്‍ഗ്ഗം ആല്‍ഗയുമായി സഹജീവിതം നയിക്കുന്നു. കേരളത്തില്‍ ആദ്യമായാണ് ഈ ജന്തുവര്‍ഗത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഡോ. എ. മോഹന്‍ദാസ്, ഡോ. എസ്. രാജാത്തി, ഡോ. ആര്‍. സുഗുണന്‍ എന്നിവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ഗവേഷണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.