കഞ്ചിക്കോട് ഐഐടി കേന്ദ്രമന്ത്രി പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

Friday 19 May 2017 9:35 pm IST

പാലക്കാട് : പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ ആരംഭിക്കുന്നഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സ്ഥിരം കാമ്പസിന്റെ ഉദ്ഘാടനം താമസിയാതെ നടക്കും. ഇതിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി ഡോ. മഹേന്ദ്രനാഥ് പാണ്ഡെ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ശിലാസ്ഥാപന ചടങ്ങ് നേരത്തെ നിശ്ചയിച്ചിരുന്നു എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പുമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. നിലവില്‍ അഹല്യ കാമ്പസിലാണ് ഐഐടിയുടെ താല്‍ക്കാലിക കാമ്പസ് പ്രവര്‍ത്തിക്കുന്നത്.ഐഐടിയുടെ പ്രവര്‍ത്തനം മാസങ്ങള്‍ക്കകം പൂര്‍ത്തിയാക്കുമെന്നണ് വകുപ്പുദ്യോഗസ്ഥര്‍ കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്‌ഡെയെ അറിയിച്ചത്.ഉദ്ഘാടനത്തിനായി പ്രകാശ് ജാവ്‌ദേക്കറുടെ തിയതി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. ഐഐടികളുടെ ചുമതല ഡോ.പാണ്ഡെക്കാണ്. അദ്ദേഹംട്രാന്‍സിറ്റ് കാമ്പസിന്റെയും ചുറ്റുമതില്‍ നിര്‍മാണത്തിന്റെയും മറ്റും പുരോഗതി വീക്ഷിച്ചു. പ്രകൃതിഭംഗിയാലും സൗകര്യത്താലും രാജ്യത്തെ മികച്ച കാമ്പസുകളിലൊന്നായി ഇതു മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐഐടിയുടെ പ്രവര്‍ത്തന പുരോഗതി ത്വരിത ഗതിയിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പിന്തുണക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. ബാക്കിയുള്ള സ്ഥലമേറ്റെടുപ്പ് വേഗം പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു.പാലക്കാട് ഐഐടി ഡയറക്ടര്‍ പി.ബി. സുനില്‍ കുമാര്‍, കലക്ടര്‍ പി. മേരിക്കുട്ടി എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഐഐടിക്കായി 504.54 ഏക്കര്‍ ഭൂമിയാണ് ആവശ്യമെന്നും ഇതില്‍ 367.87 ഏക്കര്‍ സ്വകാര്യ ഭൂമി, 44.81 ഏക്കര്‍ വനഭൂമി എന്നിവയാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും കലക്ടര്‍ പി. മേരിക്കുട്ടി മന്ത്രിയോട് വിശദീകരിച്ചു. സ്വകാര്യ ഭൂമിയില്‍ 323.22 ഏക്കര്‍ ഏറ്റെടുത്തു. ബാക്കി ഏറ്റെടുക്കുന്നതു പുരോഗതിയിലാണ്. വനഭൂമിക്കു പകരം ഭൂമി അട്ടപ്പാടിയില്‍ നല്‍കാനും നടപടികള്‍ നടന്നുവരുന്നതായി കലക്ടര്‍ പറഞ്ഞു. ഹോസ്റ്റല്‍, ലാബ് കെട്ടിടങ്ങളുടെ പണി ആഗസ്റ്റിന് മുന്‍പായി പൂര്‍ത്തിയാകുമെന്നു നിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു.14 കിലോമീറ്ററിലേറെ വരുന്ന ചുറ്റുമതിലില്‍ നാലിലൊന്നും പൂര്‍ത്തിയായി.