സ്‌കൂള്‍ വിപണിയിലും ബാഹുബലി തന്നെ സൂപ്പര്‍ഹീറോ

Friday 19 May 2017 9:40 pm IST

മലപ്പുറം: ഇന്ത്യന്‍ സിനിമാ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ബാഹുബലി തന്നെയാണ് സ്‌കൂള്‍ വിപണിയിലെയും താരം. ബാഹുബലി ബാഗുകള്‍ക്കും കുടക്കുമാണ് ആവശ്യക്കാര്‍ ഏറെ. പുലിമുരുകനും ശക്തമായി രംഗത്തുണ്ട്. ജില്ലയിലെ പ്രധാന നഗരങ്ങളിലെ കടകളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യമായി സ്‌കൂളിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരാണ് ആവേശത്തോടെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്‌കൂള്‍ വിപണിയില്‍ മിക്കതിനും വില വര്‍ധിച്ചിട്ടുണ്ട്. ബാഹുബലിക്കും പുലിമുരുകനുമൊപ്പം പതിവുപോലെ കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായ ബെന്‍ടെന്‍, സ്പൈഡര്‍മാന്‍, മിക്കിമൗസ്, ബാര്‍ബി ഡോള്‍ തുടങ്ങിയവയുമുണ്ട്. കമ്പനി ബാഗുകളുടെ വലിയ വില താങ്ങാത്തവര്‍ക്കായി ചൈന ബാഗുകളും ലഭ്യമാണ്. കമ്പനി ബാഗുകള്‍ക്ക് 800 രൂപ മുതല്‍ 3000 രൂപ വരെ നല്‍കണം. പുതുമയാര്‍ന്ന സ്‌കൂള്‍ ട്രോളി ബാഗുകളും ഇത്തവണ വിപണിയിലുണ്ട്. ഇവയ്ക്ക് വില കൂടുതലാണ്. ചൈനീസ് ബാഗുകള്‍ 250 രൂപ മുതല്‍ ലഭ്യമാണ്. പ്രാദേശികമായി നിര്‍മ്മിക്കുന്ന ബാഗുകളുമുണ്ട്. ചൈനീസ് ബാഗുകളേക്കാള്‍ ഈട് നില്‍ക്കുമെങ്കിലും വിലയില്‍ വലിയ വ്യത്യാസമില്ല. 150 രൂപയ്ക്ക് മുകളിലാണ് കുടകളുടെ വില. പ്രധാന കമ്പനികള്‍ക്കൊപ്പം ചെറുകമ്പനികളും ചൈനീസ് ഉല്‍പ്പന്നങ്ങളും വിപണിയിലുണ്ട്. കുട്ടികളെ ആകര്‍ഷിപ്പിക്കുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് കുടകളില്‍ നിറയുന്നത്. 250 രൂപ മുതല്‍ 350 രൂപ വരെയാണ് ഇത്തരം കുടകള്‍ക്ക്.