തിരുവാഭരണം കാണാതായ സംഭവം; കിണര്‍ വറ്റിച്ച് പരിശോധിച്ചിട്ടും ഫലമില്ല

Friday 19 May 2017 10:03 pm IST

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ അമൂല്യമായ പതക്കം കണ്ടെത്താന്‍ ക്ഷേത്രത്തിലെ മറ്റൊരു കിണര്‍ കൂടി വറ്റിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശ്രീകോവിലിന് തെക്കു ഭാഗത്തെ ഗുരുവായൂരപ്പന്‍ നടയോട് ചേര്‍ന്നുള്ള കിണറാണ് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് സംഘം വറ്റിച്ച് പരിശോധന നടത്തിയത്. ചെറിയ മോട്ടോര്‍ സ്ഥാപിച്ച് അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ വെള്ളം വറ്റിച്ചെങ്കിലും പതക്കം കണ്ടെത്താനായില്ല. കഴിഞ്ഞ വിഷു ദിനത്തിലാണ് നവരത്‌നങ്ങള്‍ പതിച്ച പതക്കം കാണാതായ വിവരം അറിയുന്നത്. എന്നാല്‍ ഇതിന് ദിവസങ്ങള്‍ മുന്‍പ് തന്നെ ഇതു നഷ്ടപ്പെട്ടിരുന്നതായി സംഭവത്തില്‍ അന്വേഷണം നടത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സും, ക്രൈംബ്രാഞ്ചും, പോലീസും കണ്ടെത്തിയിരുന്നു. പതക്കം കണ്ടെത്താന്‍ ക്ഷേത്രത്തിലെ പാല്‍പ്പായസ കിണര്‍ ഒരാഴ്ച മുന്‍പ് വറ്റിച്ചിരുന്നു. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ തെക്കുഭാഗത്തെ, മേല്‍ശാന്തിമാര്‍ കുളിച്ചു കൊണ്ടിരുന്ന കുളം തിങ്കളാഴ്ച വറ്റിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്‌ഐ വിക്രമന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മേല്‍ശാന്തിമാര്‍ അടക്കമുള്ള ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കിണര്‍ വറ്റിച്ച് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.