പുഴയോര ഹരിതവല്‍ക്കരണ പദ്ധതിയുമായി മുഴക്കുന്ന് പഞ്ചായത്ത്

Friday 19 May 2017 10:09 pm IST

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തും കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും സംയുക്തമായി പാലപ്പുഴയോരത്ത് 246 ഏക്കര്‍ സ്ഥലത്ത് വിവിധങ്ങളായ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു. ജൈവ വൈവിധ്യപാര്‍ക്ക്, ഔഷധോദ്യാനം, തീറ്റപ്പുല്‍കൃഷി, മുളഗ്രാമം പദ്ധതി, ഹരിത വനവല്‍ക്രണം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. പുഴയോര സംരക്ഷണവും പരമ്പരാഗത തൊഴിലുകളുടെ വീണ്ടെടുപ്പും ജലസംരക്ഷണവും സൗന്ദര്യവല്‍ക്കരണവും പദ്ധതിയിലൂടെ സാധ്യമാകും. കേരളത്തിലെ ഏറ്റവും കൂടുതല്‍ പുറംപോക്ക് ഭൂമി സ്വന്തമായുള്ള പഞ്ചായത്തായ മുഴക്കുന്നില്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇക്കോ ടൂറിസം മേഖലയില്‍ ഉള്‍പ്പെടെ മികച്ച സാധ്യതകളാണ് തുറക്കുന്നത്. മലയോര ഹൈവേ കടന്നുപോകുന്ന പ്രദേശം എന്ന നിലയിലും ആറളം വന്യജീവി സങ്കേതത്തോട് ചേര്‍ന്നു കിടക്കുന്നതിനാലും ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനും പദ്ധതി വഴിയൊരുക്കും. ഹരിതതീരം പുഴയോര പച്ച പദ്ധതിയുടെ ഭാഗമായി നാളെ രാവിലെ 8.30 ന് പെരുമ്പുന്നയില്‍ ആരംഭിച്ച് പുഴയുടെ തീരത്തുകൂടി സ്‌നേഹതീരം യാത്ര സംഘടിപ്പിക്കും. പുഴയെ തൊട്ടറിഞ്ഞ് പുഴയുടെ ഒഴുക്കിനോടൊപ്പം നടത്തുന്ന ഈ യാത്രയില്‍ ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും അണിചേരുമെന്നും യാത്ര വൈകിട്ട് അഞ്ചിന് ചാക്കാട് സമാപിക്കുമെന്നും പ്രസിഡന്റ് ബാബു ജോസഫ്, സ്ഥിരംസമിതി അധ്യക്ഷന്‍ കെ.വി.റഷീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.