മെട്രോ കുതിക്കും 90 കിലോമീറ്റര്‍ വേഗത്തില്‍

Saturday 20 May 2017 12:22 am IST

കൊച്ചി: മെട്രോ ട്രെയിന്‍ കുതിച്ചുപായുക 90 കിലോ മീറ്റര്‍ വേഗത്തില്‍. സ്‌റ്റേഷനുകളില്‍ നിര്‍ത്താനായി വേഗം കുറയ്ക്കുന്നത് കണക്കെലെടുത്താല്‍ ശരാശരി വേഗം 40 കിലോമീറ്ററായിരിക്കും. ആലുവ മുതല്‍ പാലാരിവട്ടം വരെ എത്താന്‍ പരമാവധി വേണ്ടി വരിക 20 മിനിറ്റും. പരീക്ഷണ ഓട്ടത്തില്‍ ട്രെയിന്‍ ഇതുവരെ 80 കിലോമീറ്റര്‍ വേഗം കൈവരിച്ചു കഴിഞ്ഞു. പരീക്ഷണം അന്തിമഘട്ടത്തിലെത്തുമ്പോള്‍ വേഗം 85 മുതല്‍ 90 കിലോമീറ്റര്‍ വരെയാകുമെന്നാണ് പ്രതീക്ഷ. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിനിടെ 11 സ്‌റ്റേഷനുകളാണുള്ളത്. ഇത്രയും ദൂരം ബസിലും മറ്റു വാഹനങ്ങളിലുമെത്താന്‍ പലപ്പോഴും ഏറെ സമയം വേണ്ടി വരുന്നുണ്ട്. മെട്രോ വരുന്നതോടെ എല്ലാവര്‍ക്കും സമയത്തിന് ജോലിസ്ഥലങ്ങളിലും മറ്റും എത്തിപ്പെടാനാകും. അതുകൊണ്ടുതന്നെ ബസ്, കാര്‍ എന്നിവയില്‍ സഞ്ചരിക്കുന്നവര്‍ വേഗക്കൂടുതലുള്ള മെട്രോ ട്രെയിനിലേറുമെന്നാണ് പ്രതീക്ഷ. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം എന്നിവയാണ് ആദ്യഘട്ടത്തിലെ സ്റ്റേഷനുകള്‍. മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രിയുടെ സൗകര്യമനുസരിച്ചേ നടത്തൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതോടെ മെട്രോയുമായി ബന്ധപ്പെട്ട വിവാദങ്ങളും അവസാനിച്ചു. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജുവരെയുള്ള റൂട്ടില്‍ ജവഹാര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയം, കലൂര്‍, ലിസി, എം.ജി. റോഡ്, എന്നി സ്‌റ്റേഷനുകളാണുള്ളത്. ഈ റൂട്ടില്‍ പണികള്‍ നടന്നുവരികയാണ്. മഹാരാജാസ് കോളേജ്, എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം, പേട്ട എന്നീ സ്റ്റേഷനുകള്‍ പൂര്‍ത്തിയായാല്‍ മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയം മുതല്‍ കാക്കാനാട് വഴി ഇന്‍ഫോ പാര്‍ക്കിലേക്കുള്ള മെട്രോയുടെ രണ്ടാം ഘട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.