പരീക്ഷയ്ക്ക് ഇരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Saturday 20 May 2017 12:27 am IST

കൊച്ചി: സംസ്‌കൃത സര്‍വകലാശാലയില്‍ നടക്കുന്ന അഴിമതികള്‍ ചോദ്യം ചെയ്തതിന് പ്രവേശനപരീക്ഷ എഴുതാന്‍ അവസരം നിഷേധിച്ചതായി പരാതിപ്പെട്ട യുവാവിനെ എം.എ (ചരിത്രം) കോഴ്‌സിന്റെ പ്രവേശനപരീക്ഷയില്‍ പങ്കെടുപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കാലടി സംസ്‌കൃത സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ട് സെമസ്റ്ററുകള്‍ക്ക് ബിരുദതലത്തില്‍ 55 ശതമാനം മാര്‍ക്ക് വാങ്ങിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിര്‍ദ്ധനയുവാവിന് പ്രവേശനപരീക്ഷയില്‍ അവസരം നല്‍കണമെന്നാണ് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്. 2013-16 കാലഘട്ടത്തില്‍ കാലടി ബി.എ സംസ്‌കൃതം വിദ്യാര്‍ത്ഥിയായിരുന്ന ആലുവ മാറമ്പള്ളി സ്വദേശി മനോജ് മാധവന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. നേരത്തെ എം.എ (തീയേറ്റര്‍) കോഴ്‌സിന് പ്രവേശനപരീക്ഷ എഴുതിയെങ്കിലും തനിക്ക് പ്രവേശനം നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അഴിമതികള്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം നിമിത്തമാണ് ഇത്. ഹോസ്റ്റല്‍ ഫണ്ട് ദുരുപയോഗം ചെയ്തതിനെതിരെ വിജിലന്‍സ് കോടതിയിലും യൂണിയന്‍ ഫണ്ട് ദുരുപയോഗം ചെയ്തതിനെതിരെ ഹൈക്കോടതിയെയും പരാതിക്കാരന്‍ സമീപിച്ചിരുന്നു. ഇതിന്റെ ഫലമായി 2016 ലെ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എം.എ. കോഴ്‌സിന്റെ പ്രോസ്പക്റ്റസില്‍ പറയാത്ത കാര്യങ്ങള്‍ ചൂണ്ടികാണിച്ചാണ് തനിക്ക് എം.എക്ക് പ്രവേശനം നിഷേധിച്ചതെന്നും പരാതിക്കാരന്‍ അറിയിച്ചു. പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ തിരക്കാന്‍ താന്‍ കാമ്പസിലെത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതായും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് എം.എ ചരിത്ര കോഴ്‌സ് പഠിക്കാന്‍ അപേക്ഷ നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.