വ്യാജ ലോട്ടറി തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

Saturday 20 May 2017 12:29 am IST

കൊച്ചി: വ്യാജ ലോട്ടറി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. ലോട്ടറി ഏജന്റായി പ്രവര്‍ത്തിച്ചുവരുന്ന തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി കെന്നഡി (35)യാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. കോട്ടയത്ത് പുതുവല്‍ച്ചിറ പത്രോസിന്റെ വീട്ടില്‍ വാടകക്ക് താമസിച്ചുവരികയായിരുന്നു. ഇയാള്‍ ലോട്ടറി അടിച്ച് വ്യത്യസ്ത ഏജന്റുമാരുടെ സീല്‍ പതിച്ച് പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ മാറി പണം വാങ്ങുകയായിരുന്നു ഇയാളുടെ രീതി. ഇതിനായി ഇയാള്‍ കോട്ടയം നാട്ടകത്ത് ചിങ്ങവനം ഗോമതി ജംഗ്ഷനില്‍ ആര്‍എസ്‌കെ ലോട്ടറി എന്ന ഏജന്‍സി തുടങ്ങിയിരുന്നു. ഈ ഏജന്‍സിയുടെ മറവിലായിരുന്നു വ്യാജ ലോട്ടറി നിര്‍മാണം. ഭാര്യവീടായ നാട്ടകം പുതുവല്‍ച്ചിറ വീട്ടില്‍ പത്രോസിന്റെ വീട്ടില്‍വച്ച് രാത്രിയിലാണ് ലോട്ടറികളുടെ വ്യാജനിര്‍മാണം നടത്തിവന്നിരുന്നത്. ചെറിയ ചെറിയ പ്രൈസ് അടിച്ച ടിക്കറ്റുകളുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് പ്രിന്റ് എടുത്താണ് ഇയാള്‍ മറ്റ് സ്ഥലങ്ങളില്‍ കൊണ്ടുേപായി മാറിയിരുന്നത്. മെയ് 15ന് എറണാകുളം വളഞ്ഞമ്പലത്തുള്ള സെന്റ് മേരീസ് ലോട്ടറി ഏജന്‍സിയില്‍ ഇയാള്‍ കൊണ്ടുവന്ന ആറ് വ്യാജ ടിക്കറ്റുകള്‍ മാറി 12,000 രൂപ വാങ്ങിയിരുന്നു. ലോട്ടറി ഏജന്റായ വിനോദ് ഈ ടിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയെ കെഎസ്ആര്‍ടിസി ബസ്‌സ്റ്റാന്റ്പരിസരത്തുനിന്ന് പിടികൂടിയത്. എറണാകുളം അസി. കമ്മീഷണര്‍ കെ. ലാല്‍ജി, സെന്‍ട്രല്‍ സിഐ എ. അനന്തലാല്‍, എസ്‌ഐ ജോസഫ് സാജന്‍, അസി. എസ്‌ഐമാരായ സേവ്യര്‍, അരുള്‍, ആന്റണി, സീനിയര്‍ സിപിഒ സുധീര്‍, സിപിഒമാരായ രാജേഷ്, സുധീര്‍ബാബു എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.