രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചു, വിവാദങ്ങള്‍ക്ക് പുറകേയില്ലെന്ന് മുഖ്യമന്ത്രി

Saturday 20 May 2017 11:57 pm IST

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സംസ്‌കാരം എല്‍ഡിഎഫ് ശുദ്ധീകരിച്ചുവെന്നും വിവാദങ്ങള്‍ക്കുപുറമെ പോകാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. അധികാരവും അഴിമതിയും അനാശാസ്യവും കൂടിക്കലര്‍ന്ന അത്യന്തം ജീര്‍ണാവസ്ഥയിലുള്ള രാഷ്ട്രീയ സംസ്‌കാരമായിരുന്നു കേരളത്തിലേത്. യുഡിഎഫ് ഭരണത്തില്‍ അത്യന്തം ജീര്‍ണമായ രാഷ്ട്രീയ സംസ്‌കാരം ഉയര്‍ന്നുവന്നു. അതിനുപകരം ആരോഗ്യവത്തായ രാഷ്ട്രീയ സംസ്‌കാരം പകരം വയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. അഴിമതിയില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനാണ് ശ്രമിക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ടവരെ സംരക്ഷിക്കുന്ന നിലപാട് മുമ്പുണ്ടായിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആ നിലപാട് ഉണ്ടാവില്ല. മുന്‍പ് അഴിമതിക്കു വിധേയരായവരുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഫയല്‍ നീക്കത്തില്‍ പുരോഗതിയില്ല എന്നൊക്കെ പറയുന്നത് വാസ്തവവിരുദ്ധമാണ്. സര്‍ക്കാര്‍ നയങ്ങളില്‍ വ്യതിയാനം വരുത്തുന്നവരുടെ കാര്യത്തില്‍ ഗൗരവമായി ഇടപെടും. നാട്ടില്‍ ക്ഷാമമില്ലാത്തത് വിവാദങ്ങള്‍ക്കാണ്. വിവാദങ്ങളുടെ പുറകെപോയാല്‍ താല്‍പര്യമില്ല. വിവാദങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം എല്ലാ കാര്യങ്ങളും ആഗ്രഹിച്ച തലത്തിലേക്ക് ഉയര്‍ന്നിട്ടില്ല. എന്നാലും നല്ല മുന്നേറ്റമുണ്ട് കൈത്തറി യൂണിഫോം അടുത്തവര്‍ഷം യുപി സ്‌കൂളുകളിലും ലഭ്യമാക്കും.ഒന്നുമുതല്‍ പ്ലസ്ടുവരെയുള്ള ക്ലാസുകള്‍ സ്മാര്‍ട്ട് ക്ലാസുകളാക്കും. ഇതില്‍ എയ്ഡഡും പെടും. എല്ലാവര്‍ക്കും വീട് എന്നത് യാഥാര്‍ത്ഥ്യമാക്കും. ദേശീയപാത വികസനത്തില്‍ കേരളത്തിന് മുന്നേറാന്‍ കഴിഞ്ഞു. ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ല എന്ന അവസ്ഥ മാറി. ഗെയ്ല്‍ പദ്ധതിയിലും കൂടംകുളം വൈദ്യുതി ലൈനിന്റെ കാര്യത്തിലും ഇതായിരുന്നു അവസ്ഥ. തീരദേശ ഹൈവേയ്ക്കും 6100 കോടി ചെലവിടാനും മലേയോര ഹൈവേ 3500 കോടി ചെലവിട്ട് യാഥാര്‍ത്ഥ്യമാക്കാനുമാണ് ഉദ്ദേശിക്കുന്നത്. മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം ഇനിയും തുടരുന്നത് ശരിയല്ല. മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.