പീഡനം: കള്ളസന്യാസി അറസ്റ്റില്‍, ജനനേന്ദ്രിയം യുവതി ഛേദിച്ചു

Sunday 21 May 2017 12:09 am IST

തിരുവനന്തപുരം പേട്ടയില്‍ പീഡനശ്രമത്തിനിടെ യുവതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ശ്രീഹരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

തിരുവനന്തപുരം: തന്നെ നിരന്തരം പീഡിപ്പിച്ച കള്ളസന്യാസിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി ഛേദിച്ചു. അറ്റുതൂങ്ങിയ അവയവം പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മുറിച്ചു നീക്കി. തിരുവനന്തപുരം പേട്ടയ്ക്കടുത്ത് കണ്ണമ്മൂലയിലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ പ്രതികാരം. കോലഞ്ചേരി സ്വദേശി, ഹരിസ്വാമിയെന്നും ഗംഗേശാനന്ദയെന്നും അറിയപ്പെടുന്ന കപടസന്യാസിയാണ് ഇരുപത്തിമൂന്നുകാരിയായ നിയമ വിദ്യാര്‍ത്ഥിനിയുടെ വേദനയും രോഷവുമുറഞ്ഞ കത്തിക്കിരയായത്.

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് വീട്ടിലെ സ്ഥിരം സന്ദര്‍ശകനായ അന്‍പത്തിനാലുകാരന്‍ പെണ്‍കുട്ടിയെ സമീപിച്ചത്. ഇയാള്‍ ഇന്നലെ വീട്ടിലെത്തുമെന്ന് അറിഞ്ഞ പെണ്‍കുട്ടി നേരത്തെ കത്തി കരുതിയിരുന്നു. ഇംഗിതത്തിനു വഴങ്ങാതെ വന്നതോടെ കൊല്ലുമെന്നായി ഇയാളുടെ ഭീഷണി. ഇതോടെ കരുതിവച്ചിരുന്ന കത്തിയെടുത്ത് പെണ്‍കുട്ടി ഇയാളുടെ അവയവം ഛേദിച്ചു. തുടര്‍ന്ന് അവര്‍ തന്നെയാണ് പേട്ട പോലീസിനെ വിവരം അറിയിച്ചത്. വീട്ടുകാരാണ് കാഷയം ധരിച്ച പീഡനവീരനെ ആശുപത്രിയില്‍ എത്തിച്ചത്. അവയവം തുന്നിപ്പിടിപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഇത് മുറിച്ചുനീക്കിയെന്നാണ് വിവരം.

ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും കേസ് എടുത്ത് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലുടന്‍ കോടതിയില്‍ ഹാജരാക്കും. ഇയാളെ സഹായിച്ച പെണ്‍കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്വയരക്ഷാര്‍ത്ഥം ചെയ്ത കൃത്യമായതുകൊണ്ട് യുവതിയുടെ പേരില്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് നിയമപരമായ സകല സംരക്ഷണവും നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു. കമ്മീഷന്‍ ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തു.
മുന്‍പ് കൊല്ലം പന്മനയിലെ ഒരു ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ 15 വര്‍ഷം മുന്‍പ് ആശ്രമം വിട്ടതാണെന്നും ഇയാള്‍ക്ക് ആശ്രമവുമായി ഒരു ബന്ധവുമില്ലെന്ന് ആശ്രമം അധികൃതര്‍ അറിയിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ അച്ഛന് ശാരീരിക തളര്‍ച്ചയുണ്ടായപ്പോള്‍ ചികിത്സയ്ക്കായാണ് ഇയാള്‍ വീട്ടിലെത്തിയത്. അസുഖം മാറിയതോടെ യുവതിയുടെ മാതാപിതാക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായി. തുടര്‍ന്ന് വീട്ടിലെ നിത്യ സന്ദര്‍ശകനായി. പെണ്‍കുട്ടി പ്ലസ് ടുവിന് പഠിച്ചിരുന്ന സമയത്താണ് ആദ്യമായി ഇയാളുടെ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമായത്. തുടര്‍ന്ന് നിരവധി തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിട്ടുള്ളതായും അമ്മയ്ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി.

ഇയാള്‍ വീട്ടില്‍ വന്നാല്‍ രണ്ട് ദിവസം കഴിഞ്ഞാണ് മടങ്ങുക. അതുകൊണ്ടാണ് കത്തി മുറിയില്‍ സൂക്ഷിച്ചിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. കമ്മീഷണര്‍ സ്പര്‍ജ്ജന്‍ കുമാര്‍, ശംഖുംമുഖം എസി ടി. അജിത് കുമാര്‍, പേട്ട സിഐ സുരേഷ്‌കുമാര്‍, പൂന്തുറ സിഐ മനോജ് കുമാര്‍ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി.

യുവതിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ യുവതി രഹസ്യമൊഴി നല്‍കി. കണ്ണമ്മൂലയില്‍ നടന്ന അവകാശ സമരത്തില്‍ പങ്കെടുക്കാനായി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയതായിരുന്നു ഗംഗേശാനന്ദ.

സമരം സംഘടനകള്‍ ഏറ്റെടുത്തെങ്കിലും ഗംഗേശാനന്ദ ഇവിടം വിട്ട് പോയില്ല. യുവതിയുടെ കുടുംബത്തിനൊപ്പം കൂടുകയായിരുന്നു. നിത്യ സന്ദര്‍ശകനെന്നതിന് പുറമെ കുടുംബാംഗമായി ഇയാള്‍ മാറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.ഗംഗേശാനന്ദയുടെ ഇന്നോവ കാര്‍ വീടിന് മുറ്റത്തേക്ക് കയറ്റാനായി വലിയ ഗേറ്റ് പണി കഴിപ്പിച്ചു. അതേസമയം, ഉപയോഗമില്ലാത്തതിനാല്‍ താന്‍ തന്നെയാണ് അവയവം മുറിച്ചു മാറ്റിയതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.