ഉന്മൂലന രാഷ്ട്രീയത്തിന്റെ തത്വവും പ്രയോഗവും

Saturday 30 June 2012 9:45 pm IST

ടി.പി. ചന്ദ്രശേഖരന്‍ വധം കേരള രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവാണ്‌. കൊലപാതകരാഷ്ട്രീയത്തെ സംബന്ധിച്ചും മാര്‍ക്സിസ്റ്റു ഫാസിസത്തെക്കുറിച്ചും തുറന്ന ചര്‍ച്ചയ്ക്ക്‌ വേദി ഒരുങ്ങിയിരിക്കുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മറ്റനവധി കൊലപാതകങ്ങള്‍ കേരളത്തില്‍ നടന്നെങ്കിലും അതൊന്നും വലിയ ചര്‍ച്ചാവിഷയമായില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലവും അച്യുതാനന്ദന്‍ പ്രശ്നവും ഇല്ലാതിരുന്നെങ്കില്‍ ഒരുപക്ഷെ ചന്ദ്രശേഖരന്‍ വധവും ഇത്ര ശ്രദ്ധ പിടിച്ചുപറ്റുമായിരുന്നില്ല. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും സാംസ്കാരിക നായകന്മാരും ഇതുവരെ നടന്ന കൊലപാതകങ്ങളില്‍ ഇരയെയും വേട്ടക്കാരനെയും ഒരേ അളവുകോല്‍ വച്ചാണ്‌ കണ്ടിരുന്നത്‌. വേട്ടക്കാരന്റെ റോളില്‍ എക്കാലത്തും സിപിഎമ്മായിരുന്നു. അധികാരത്തിന്റെ ഗുണഭോക്താക്കളാകാന്‍ വെമ്പല്‍കൊള്ളുന്ന സാംസ്കാരിക പ്രതിഭകള്‍ക്ക്‌ അരുംകൊലകളെ വെറും "രാഷ്ട്രീയ കൊലപാതകം" എന്ന ഓമനപേരിട്ട്‌ മാര്‍ക്സിസ്റ്റ്‌ ഫാസിസത്തെ വെള്ളപൂശാന്‍ കഴിയുമായിരുന്നു. അതുകൊണ്ടുതന്നെ മാര്‍ക്സിസ്റ്റ്‌ ക്രൂരതയ്ക്ക്‌ വിധേയരായവരുടെ ദീനരോദനം ശ്രദ്ധിക്കപ്പെടാതെപോയി. കേരളം മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ ഒരുപോലെ കുറ്റകരമായ അനാസ്ഥയാണ്‌ ഇക്കാര്യത്തില്‍ കാണിച്ചത്‌. നിരവധി തവണ നീതിപീഠം പോലീസിന്റെ അനാസ്ഥയും രാഷ്ട്രീയ ഇടപെടലും ചൂണ്ടിക്കാണിച്ചിട്ടും കേരളത്തിന്റെ ഭരണകൂടംപോലെ പൊതുമനസ്സും മൗനം പാലിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്ന 400-ല്‍പരം കൊലപാതകങ്ങളുണ്ട്‌. മാര്‍ക്സിസ്റ്റ്‌ ക്രൂരതക്ക്‌ അതേ നാണയത്തില്‍ തിരിച്ചടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. പോലീസിന്റെ നിസംഗതയും നീതിന്യായവ്യവസ്ഥയുടെ നിസഹായതയുമാണ്‌ മാര്‍ക്സിസ്റ്റ്കാര്‍ക്കെതിരെ പോരാടാന്‍ ചിലരെയെങ്കിലും പ്രേരിപ്പിച്ചത്‌. നിക്ഷ്പക്ഷമായ പോലീസ്‌ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ മാര്‍ക്സിസ്റ്റ്‌ വിരുദ്ധപക്ഷത്തുനിന്ന്‌ അക്രമം ഉണ്ടാകില്ലായിരുന്നു. പക്ഷെ കൊലപാതകരാഷ്ട്രീയം മുഖമുദ്രയാക്കിയ ക്രിമിനല്‍ മാര്‍ക്സിസ്റ്റു ശൈലി പാര്‍ട്ടിയുടെ ഒരു നയമാണ്‌. അത്‌ വൈകാരികമായ ഒരു പ്രതികരണമല്ല എന്നതാണ്‌ എടുത്തുപറയേണ്ടത്‌.
കേരളമണ്ണിനെ രക്തമയമാക്കിയ രാഷ്ട്രീയശൈലി ടി.പി. ചന്ദ്രശേഖരന്‍ വധം വരെ ചോദ്യം ചെയ്യാതെപോയതെങ്ങനെ? ടി.പി. ചന്ദ്രശേഖരന്‍ വധം ചര്‍ച്ചചെയ്യുമ്പോള്‍ അതിനെ ഒറ്റപ്പെട്ടതായി കാണാതെ 1969-ല്‍ അതായത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ജന്മം കൊണ്ടിട്ട്‌ അഞ്ചാം വര്‍ഷം കണ്ണൂരില്‍ ആരംഭിച്ച ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണനെ അവര്‍ കൊലചെയ്തതു മുതല്‍ ചര്‍ച്ച ചെയ്യപ്പെടണം. വാടിക്കല്‍ രാമകൃഷ്ണന്റെ വധത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ പിണറായി വിജയനെപ്പോലുള്ളവര്‍ കേരള രാഷ്ട്രീയത്തില്‍ ജന്മം കൊള്ളില്ലായിരുന്നു. 1979-ന്‌ ശേഷം കൊലപാതക രാഷ്ട്രീയം സിപിഎമ്മിനെ സംബന്ധിച്ച്‌ ഒരു അംഗീകൃത നയമായി മാറി. സമൂഹ മനസ്സിനെ ചിട്ടപ്പെടുത്തേണ്ട മാധ്യമങ്ങളും സാംസ്കാരിക നായകന്മാരും കൊല്ലപ്പെടുന്നത്‌ ആര്‍എസ്‌എസ്‌ കാരനായതുകൊണ്ട്‌ അപലപിക്കേണ്ടതില്ല എന്ന നയമാണ്‌ സ്വീകരിച്ചത്‌. നിഷ്പക്ഷമതികളെന്ന്‌ അഭിമാനിക്കുന്ന ചിലര്‍ ഇരയെയും വേട്ടക്കാരനെയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായും ചിത്രീകരിച്ചു. ചുരുക്കത്തില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ രാഷ്ട്രീയ കൊലപാതക ചര്‍ച്ചകള്‍ വേട്ടക്കാരന്റെ താല്‍പര്യമനുസരിച്ചാണ്‌ നടന്നത്‌.
സാംസ്കാരിക ലോകത്തിന്റെ കുറ്റകരമായ മൗനത്തിനും, സിസംഗതയ്ക്കും നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. മുരുക്കുംപുഴയില്‍ യാതൊരു പ്രകോപനവും കൂടാതെ കൗമാരപ്രായക്കാരായ മൂന്നു സ്വയംസേവകരെ കൊന്ന്‌ വയലില്‍ താഴ്ത്തിയതും, പരുമലയില്‍ മൂന്നു വിദ്യാര്‍ത്ഥികളെ പുഴയില്‍ തള്ളിയിട്ടശേഷം എറിഞ്ഞുകൊന്നതും, സദാനന്ദന്‍ മാസ്റ്ററുടെ ഇരുകാലുകളും വെട്ടിമാറ്റിയതും, പന്ന്യന്നൂര്‍ ചന്ദ്രനെ സ്വന്തം ഭാര്യയുടെ മുന്നിലിട്ട്‌ വെട്ടിനുറുക്കികൊന്നതും, ജയകൃഷ്ണന്‍ മാസ്റ്ററെ സ്വന്തം ക്ലാസ്‌ മുറിയില്‍ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട്‌ വെട്ടിനുറുക്കിയതും, തില്ലങ്കേരിയില്‍ ഒരു സ്ത്രീയെ ബോംബെറിഞ്ഞ്‌ കൊന്നപ്പോഴും മാറാട്‌ എട്ട്‌ ഹിന്ദുക്കളെ ഇസ്ലാമിക ഭീകരര്‍ കൊന്നൊടുക്കിയതുമായ നിരവധി അരുംകൊലകള്‍ സാംസ്കാരികമണ്ഡലം ചര്‍ച്ച ചെയ്തില്ല. കാരണം ഈ സംഭവങ്ങളിലെല്ലാം കൊലയാളിയുടെ പക്ഷത്ത്‌ സിപിഎമ്മും മറ്റു ചില മുസ്ലിം ഭീകരപ്രസ്ഥാനങ്ങളുമായിരുന്നു. കൊല്ലപ്പെട്ടവര്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗവുമായിരുന്നു. സിപിഎം പ്രതിസ്ഥാനത്ത്‌ വരുമെന്നതിനാല്‍ ഈ പ്രശ്നങ്ങളൊക്കെ പ്രാദേശിക രാഷ്ട്രീയ പ്രശ്നമായി മാറ്റി. ഈ നിസംഗതയാണ്‌ കേരളം രാഷ്ട്രീയ ഭീകരതയുടെ അരങ്ങായി മാറിയത്‌. ഇസ്ലാമിക ഭീകരതയും മാര്‍ക്സിസ്റ്റ്‌ ക്രിമിനല്‍ സംഘങ്ങളും ചോദ്യം ചെയ്യാന്‍ കഴിയാത്ത ശക്തികളായി കേരളത്തില്‍ മാറി. മാത്രമല്ല, ആര്‍എസ്‌എസുകാരന്‍ കൊല്ലപ്പെടേണ്ടതാണെന്ന മനോഭാവവുമാണ്‌ സാംസ്കാരികലോകം മുന്നില്‍വച്ചത്‌. സിപിഎം അധികാരത്തെ കൊലപാതകരാഷ്ട്രീയത്തിന്‌ അനുയോജ്യമായി ഉപയോഗിച്ചത്‌ ഈ സാഹചര്യത്തിലാണ്‌.
കേരളത്തിലെ കൊലപാതകരാഷ്ട്രീയം ആദ്യം മുസ്ലിം മതാന്ധതയിലൂടെയും പിന്നീട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലൂടെയുമാണ്‌ വികാസം പ്രാപിക്കുന്നത്‌. മലബാറില്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം ശക്തിപ്രാപിക്കുന്ന നാളിലാണ്‌ ഖിലാഫത്ത്‌ പ്രസ്ഥാനം ഉദയം ചെയ്തത്‌. കോണ്‍ഗ്രസ്‌ പിന്തുണ നല്‍കിയ ഖിലാഫത്ത്‌ പ്രസ്ഥാനം ക്രമേണ ഹിന്ദു കൂട്ടക്കൊലയ്ക്കുള്ള വേദിയായി മാറി. പില്‍ക്കാലത്ത്‌ 'ഉശൃലരേ‍ അരശ്ി‍ റമ്യ' പ്രഖ്യാപിച്ച്‌ വര്‍ഗ്ഗീയ കലാപം അഴിച്ചുവിട്ടാണ്‌ ഭാരതത്തെ മുസ്ലിംലീഗ്‌ വിഭജിക്കുന്നത്‌. സ്വാതന്ത്ര്യം ലഭിക്കുന്നതിനും ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ്‌ അങ്ങാടിപ്പുറത്ത്‌ രാമസിംഹനെയും കുടുംബത്തെയും ക്രൂരമായി മുസ്ലീം ഭീകരര്‍ കൊല ചെയ്യുന്നത്‌. പാക്കിസ്ഥാന്‍ വാദത്തെ പിന്തുണച്ച്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം രാമസിംഹന്‍ വധത്തെ ന്യായീകരിക്കാന്‍ മുന്നിലെത്തി.
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ മുസ്ലിം കൊലായാളികള്‍ക്കെതിരെ നടപടി എടുക്കരുത്‌ എന്ന നിലപാടാണ്‌ എടുത്തത്‌. പില്‍ക്കാലത്തും മദനി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പിന്തുണയുമായി സിപിഎം രംഗത്തുണ്ടായിരുന്നു. മുസ്ലിംലീഗിനെ കേരള രാഷ്ട്രീയത്തില്‍ മാന്യത നല്‍കി പ്രതിഷ്ഠിച്ച മാര്‍ക്സിസ്റ്റുപാര്‍ട്ടി പില്‍ക്കാലത്ത ലീഗ്‌ ഇടതുമുന്നണിവിട്ടശേഷം ലീഗിനെതിരായി തീവ്ര മുസ്ലിം സംഘടനകളെ പ്രീണിപ്പിക്കുന്ന നയമാണ്‌ സ്വീകരിച്ചത്‌. പിഡിപി, എന്‍ഡിഎഫ്‌, എസ്ഡിപിഐ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്ക്‌ കേരള രാഷ്ട്രീയത്തില്‍ വേരോട്ടമുണ്ടാകുന്നത്‌ സിപിഎമ്മിന്റെ പിന്തുണയിലാണ്‌. മാര്‍ക്സിസ്റ്റ്‌,മുസ്ലിം ഭീകരതാണ്ഢവത്തില്‍ നാനൂറില്‍പരം പേര്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. ഈ ആക്രമണങ്ങളില്‍പ്പെട്ട്‌ ജീവിക്കുന്ന രക്തസാക്ഷികള്‍ നിരവധിയാണ്‌. ബഹുഭൂരിപക്ഷവും സാധാരണക്കാരും പിന്നോക്കവിഭാഗത്തില്‍പ്പെട്ട തൊഴിലാളികളും കൂലിപ്പണിക്കാരുമാണ്‌ മാര്‍ക്സിസ്റ്റ്‌ ഭീകരതയില്‍ ജീവന്‍ നഷ്ടപ്പെട്ടത്‌. അടിസ്ഥാന ജനവിഭാഗങ്ങളിലേയ്ക്ക്‌ സംഘപ്രസ്ഥാനം കടന്നുചെന്നതാണ്‌ ആര്‍എസ്‌എസുകാരെ ആക്രമിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്‌. കൊടുംക്രൂരത നടത്തി തങ്ങളുടെ കോട്ടകളെ സംരക്ഷിക്കാന്‍ നടത്തിയ ശ്രമമാണ്‌ ടി.പി. ചന്ദ്രശേഖരന്‍ വധത്തിലൂണ്ടായത്‌. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടും, താത്വിക പിന്തുണയിലുമാണ്‌ മാര്‍ക്സിസ്റ്റു കൊലപാതകരാഷ്ട്രീയം വളര്‍ന്നത്‌.
കൊലപാതകരാഷ്ട്രയത്തിലേയ്ക്ക്‌ സിപിഎം കടക്കുന്നതിന്‌ മുമ്പുതന്നെ കൊലപാതകങ്ങളെ ന്യായീകരിക്കുന്ന സമീപനമാണ്‌ പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്‌. 1964-ലെ സിപി എമ്മിന്റെ രൂപീകരണം കേരള രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവായിരുന്നു. സിപിഎമ്മിന്റെ ക്രിമിനല്‍ രാഷ്ട്രീയം ആദ്യം പ്രയോഗിക്കുന്നത്‌ സിപിഐക്കാരോടായിരുന്നു. സിപിഎമ്മിന്റെ നിലപാട്‌ കാരണം സിപിഐ പക്ഷത്തുനിന്ന മാന്യരായ പലരും രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ ഉപേക്ഷിച്ചിട്ടുണ്ട്‌. കാന്തലോട്ട്‌ കുഞ്ഞമ്പുവിനെപോലെ പോരാടിനിന്നവരും ഉണ്ട്‌. നേതാക്കളെല്ലാം സിപിഐ പക്ഷത്ത്‌ ഉണ്ടായിട്ടും അണികള്‍ക്ക്‌ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടായില്ല. 1967-ല്‍ ഇടതുമുന്നണിയില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചെങ്കിലും രണ്ടുവര്‍ഷത്തിനുള്ളില്‍ സിപിഐ മുന്നണി വിട്ടു. ഒരു ദശകം കഴിഞ്ഞ്‌ വീണ്ടും ഒരു മുന്നണിയിലാണെങ്കിലും സിപിഐയുടെ സംഘടനാ സംവിധാനത്തെ ഏറെ ക്ഷയിപ്പിക്കാന്‍ സിപിഎമ്മിന്റെ ക്രിമിനല്‍ കേഡറിനു കഴിഞ്ഞിട്ടുണ്ട്‌. സിപിഎം കണ്ണൂരില്‍ കൊലപാതകരാഷ്ട്രീയം തുടങ്ങുന്നത്‌ 1969-ലാണ്‌. എം.വി. രാഘവന്‍, എം.വി. രാജഗോപാലന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വത്തിലും പിണറായി വിജയന്‍ യുവജനനിരയിലുമായിരുന്നു. സിപിഎം അക്രമരാഷ്ട്രീയത്തിന്റെ പിതാവായിരുന്നു ഒരുകാലത്ത്‌ എം.വി. രാഘവന്‍. രാഘവന്റെ ശിക്ഷണത്തില്‍ വന്നവരാണ്‌ പിണറായിയും കോടിയേരിയും മൂന്ന്‌ ജയരാജന്‍മാരും. 1980-ല്‍ നായനാര്‍ അധികാരത്തില്‍ വന്നതോടെയാണ്‌ കൊലപാതകരാഷ്ട്രീയം കണ്ണൂരിന്റെ മുഖമുദ്രയായത്‌. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടമാണ്‌ ആര്‍എസ്‌എസിനെ കേരളത്തില്‍ ജനകീയമാക്കിയത്‌. 1977-നുശേഷം സംഘത്തിനുണ്ടായ വളര്‍ച്ചയും കണ്ണൂരിലെ സിപിഎമ്മില്‍നിന്നു കൊഴിഞ്ഞുപോക്കും കമ്മ്യൂണിസ്റ്റ്‌ അസഹിഷ്ണുതയ്ക്ക്‌ കാരണമായി. 1980-ല്‍ ഇ.കെ. നായനാര്‍ അധികാരത്തില്‍ വന്നതോടെ കണ്ണൂര്‍ കൊലക്കളമായി. 21 മാസത്തെ നായനാര്‍ ഭരണത്തിന്‍കീഴില്‍ 23 സംഘപ്രവര്‍ത്തകരാണ്‌ കൊല്ലപ്പെട്ടത്‌. എം.വി. രാഘവന്‍ വളര്‍ത്തിയ കണ്ണൂര്‍ ലോബി പില്‍ക്കാലത്ത്‌ എം.വി. രാഘവനെ സിപിഎമ്മില്‍നിന്ന്‌ പുറത്താക്കിയശേഷം രാഘവന്റെ വീടും, പാമ്പുവളര്‍ത്തല്‍ കേന്ദ്രവും ചുട്ടുചാമ്പലാക്കി ഗുരുദക്ഷിണ നല്‍കിയത്‌ എടുത്തുപറയേണ്ടതാണ്‌. പാര്‍ട്ടി ഗുണ്ടകളെ ഓമനപേരുകള്‍ നല്‍കി പ്രൊഫഷണല്‍ കൊലയാളികളാക്കി നിലനിര്‍ത്തി വിവിധ കേസുകളില്‍ പ്രതികളാക്കി പാര്‍ട്ടിയുടെ ചങ്ങലയില്‍ തളയ്ക്കുകയാണ്‌ പതിവ്‌. ഒരിക്കല്‍ പ്രതിയായാല്‍ പിന്നീടൊരിക്കലും പാര്‍ട്ടി ബന്ധം കളയാനാകില്ല. കേസു നടത്തിക്കൊണ്ടുപോകാന്‍ പാര്‍ട്ടിയെ ആശ്രയിക്കേണ്ടിവരുന്നു. പാര്‍ട്ടി ഗുണ്ടകള്‍ക്ക്‌ ഒരിക്കലും പാര്‍ട്ടി വിടാന്‍ കഴിയാത്തത്‌ പാര്‍ട്ടിലിസ്റ്റ്‌ പ്രകാരം വിവിധ കേസുകളില്‍ പ്രതിയാകുന്നതുകൊണ്ടാണ്‌.
മാപ്പിളകലാപത്തെയും, രാമസിംഹന്‍ വധത്തെയും ന്യായീകരിക്കാന്‍ ഇഎംഎസിന്‌ കഴിഞ്ഞിരുന്നു. ഇരകളോട്‌ നമ്പൂതിരിപ്പാടിന്‌ അനുകമ്പയുണ്ടായിരുന്നില്ല. സിപിഎമ്മിന്റെ കൊലപാതകരാഷ്ട്രീയം ആരംഭിക്കുന്നത്‌ 1969-ല്‍ ഇഎംഎസിന്റെ ഭരണകാലത്താണ്‌. 1979-നുശേഷം നൂറുകണക്കണക്കിന്‌ കൊലപാതകങ്ങളില്‍ സിപിഎം കേഡര്‍മാര്‍ പ്രതികളായി. ഇ.കെ. നായനാര്‍ നയിച്ച 1980-81, 1987-91, 1996-2001-ലെ ഇടതുമുന്നണി ഭരണകാലത്താണ്‌ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായത്‌. ലോകത്ത്‌ നടക്കുന്ന ഏതു പ്രശ്നത്തിലും അഭിപ്രായം പറയുന്ന ഇഎംഎസ്‌, കൊലപാതകരാഷ്ട്രീയത്തില്‍ മൗനം പാലിച്ചു. കേരള രാഷ്ട്രീയത്തില്‍ 1998 വരെ നിറഞ്ഞുനിന്ന ഇഎംഎസിന്‌ കൊലപാതകരാഷ്ട്രീയത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ നമ്പൂതിരിപ്പാട്‌ വേട്ടക്കാരെ വളര്‍ത്തുകയായിരുന്നു. ക്രിമിനല്‍ രാഷ്ട്രീയത്തിന്‌ താത്വികതലം രചിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു.
എതിരാളികളെ കൊന്നൊടുക്കുമ്പോള്‍ ലഭിക്കുന്നതിലും ആത്മസംതൃപ്തി രക്തസാക്ഷികളില്‍നിന്നാണ്‌ പാര്‍ട്ടിയ്ക്ക്‌ ലഭിക്കുന്നത്‌. കാരണം രക്തസാക്ഷികള്‍ എക്കാലത്തും സിപിഎമ്മിന്‌ മുതല്‍ക്കൂട്ടാണ്‌. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ സിപിഎം ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റു ചെയ്തത്‌ കൂത്തുപറമ്പ്‌ രക്തസാക്ഷികളെയാണ്‌. വധശിക്ഷയ്ക്കു വിധിച്ച ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലയാളികളെ "മൊകേരി വിപ്ലവകാരികള്‍" എന്ന ഓമനപേര്‍ നല്‍കി ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാക്കി ചിത്രീകരിച്ച്‌ കോടികളാണ്‌ സിപിഎം പിരിച്ചെടുത്തത്‌. രക്തസാക്ഷികള്‍ക്കും, പാര്‍ട്ടി ക്രിമിനലുകള്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്‌. എടുത്തുപറയേണ്ട വസ്തുത അവശ-പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട കാര്യമായ വിദ്യാഭ്യാസം ഇല്ലാത്തവരെയാണ്‌ ചാവേറുകളായി വാര്‍ത്തെടുക്കുന്നത്‌.
മലബാറിനെ സംഘര്‍ഷഭൂമിയാക്കുന്നതില്‍ ലീഗും സിപിഎമ്മും ഇന്ന്‌ മത്സരിക്കുകയാണ്‌. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം വര്‍ഗ്ഗീയ വികാരം വളര്‍ത്തിയാണ്‌ ലീഗ്‌ വന്‍ വിജയം നേടിയത്‌. സിപിഎമ്മിലെ കണ്ണൂര്‍ ലോബി 'ഹിന്ദു കാര്‍ഡ്‌' ഉപയോഗിച്ച്‌ ലീഗിനെതിരെ വികാരം വളര്‍ത്താന്‍ നടത്തിയ ശ്രമങ്ങളും തിരിച്ചറിയണം. കാസര്‍ഗോഡ്‌, നാദാപുരം പോലുള്ള മേഖലകളില്‍ സംഘര്‍ഷം നിലനിര്‍ത്തിയാണ്‌ ഇരുകക്ഷികളും നിലനില്‍ക്കുന്നത്‌.
ജയരാജന്‍മാരും, മണിമാരും, ബഷീറുമാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്‌. ഇടതു-വലതുമുന്നണികളിലായി ഇവര്‍ അണിനിരന്നിരിക്കുന്നു എന്നുമാത്രം. മുസ്ലീം തീവ്രവാദ ഗ്രൂപ്പുകള്‍ ലീഗിനകത്ത്‌ സജീവമാണ്‌. പിഡിപി പോലുള്ള പ്രസ്ഥാനങ്ങള്‍ തളര്‍ന്നതും, ലീഗിന്‌ പുതിയ ഉണര്‍വ്‌ ഉണ്ടായതും എടുത്തു പറയേണ്ടതാണ്‌. ഈ പശ്ചാത്തലത്തില്‍ കൊലപാതക-ക്രിമിനല്‍ രാഷ്ട്രീയത്തിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരേണ്ടതുണ്ട്‌. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയില്‍ ഇടതു-വലതു മുന്നണികളുടെ തണലിലാണ്‌ കലാപരാഷ്ട്രീയം കേരളത്തിന്റെ മുഖമുദ്രയായത്‌. തീര്‍ച്ചയായും ചന്ദ്രശേഖരന്‍ വധം പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന്‌ തുടക്കം കുറിക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക്‌ തുടക്കം കുറിക്കുമെന്നതില്‍ സംശയമില്ല.
ഡോ. കെ. ജയപ്രസാദ്‌


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.