വിവരാവകാശത്തിന്‌ മറുപടി നല്‍കാതിരുന്നതിനെതിരെ നടപടിക്ക്‌ ഉത്തരവ്‌

Saturday 30 June 2012 9:48 pm IST

മരട്‌: വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷകള്‍ക്ക്‌ മറുപടി നല്‍കാത്തതിന്റെ പേരില്‍ പഞ്ചായത്ത്‌ സെക്രട്ടറിക്കെതിരെ നടപടിക്ക്‌ നോട്ടീസ്‌. റോഡ്‌ നിര്‍മാണം സംബന്ധിച്ച്‌ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ കുണ്ടന്നൂര്‍ സ്വദേശി കെ.ആര്‍.സന്തോഷ്‌ മുന്‍ മരട്‌ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ നല്‍കിയ അപേക്ഷയില്‍ മറുപടി ലഭ്യമാക്കാത്തതിനെതിരെയാണ്‌ സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ നടപടി. അന്നത്തെ മരട്‌ പഞ്ചായത്തിലെ കരിവേലി റോഡുമായി ബന്ധപ്പെട്ട്‌ കോതിയില്‍ കേസുണ്ടോ എന്ന കാര്യമാണ്‌ സന്തോഷ്‌ എന്നയാള്‍ വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിലെ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറോട്‌ ചോദിച്ചിരുന്നത്‌.
മൂന്നുമാസം കഴിഞ്ഞും രേഖാമൂലം പഞ്ചായത്ത്‌ സെക്രട്ടറി മറുപടി നല്‍കിയില്ല. ഇതേതുടര്‍ന്ന്‌ എറണാകുളം ഡിസിപി ഓഫീസര്‍ക്ക്‌ അപ്പീല്‍ സമര്‍പ്പിച്ചു. ഇതിനും 45 ദിവസം കഴിഞ്ഞും മറുപടിലഭിച്ചില്ല. തുടര്‍ന്നാണ്‌ സംസ്ഥാന വിവരാവകാശ കമ്മീഷന്‌ അപ്പീല്‍ നല്‍കിയത്‌. ഇതില്‍മേലുള്ള നടപടിയുടെ ഭാഗമായി മരട്‌ നഗരസഭ സൂപ്രണ്ടിനേയും പരാതിക്കാരനേയും കമ്മീഷന്‍ വിളിച്ചുവരുത്തി. തുടര്‍ന്നു രേഖകളും മറ്റും പരിശോധിച്ചതില്‍ നിന്നും സമയബന്ധിതമായി വിവരാവകാശത്തിന്‌ മറുപടി നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്ന്‌ നിരീക്ഷിച്ചു. വിവരാവകാശത്തിന്‌ മറുപടിനല്‍കിയ കാലയളവില്‍ താനല്ല പബ്ലിക്ക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നതെന്ന്‌ നഗര സഭാ സൂപ്രണ്ട്‌ കമ്മീഷനെ ബോധിപ്പിച്ചു. തുടര്‍ന്നാണ്‌ അപേക്ഷ നല്‍കിയ 2010 ജൂലൈ മുതലുള്ള കാലയളവില്‍ മരട്‌ പഞ്ചായത്തിലെ സെക്രട്ടറിയും ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായിരുന്ന പി.ജെ.ആന്റണിക്കെതിരെ വിവരാവകാശ നിയമം വകുപ്പ്‌ 20 (1) അനുസരിച്ച്‌ നടപടി എടുക്കുന്നതിനായി നോട്ടീസയക്കാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എം.എന്‍.ഗുണവര്‍ദ്ധനന്‍ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.