സിപിഎം ഹര്‍ത്താലില്‍ പരക്കെ അക്രമം

Saturday 30 June 2012 10:31 pm IST

കോഴിക്കോട്‌: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്സില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം. പി. മോഹനനെ അറസ്റ്റ്‌ ചെയ്തതില്‍ പ്രതിഷേധിച്ച്‌ സിപിഎം കോഴിക്കോട്‌ ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. ഇന്നലെ രാവിലെ മുതല്‍ വൈകിട്ട്‌ ആറ്‌ വരെ നടന്ന ഹര്‍ത്താലിന്റെ മറവില്‍ സിപിഎമ്മുകാര്‍ നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും അക്രമം അഴിച്ചുവിടുകയായിരുന്നു. സ്വകാര്യവാഹനങ്ങള്‍ക്കും കെഎസ്‌ആര്‍ടിസി ബസ്സുകള്‍ക്കും നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക്‌ കേടുപാടുവരുത്തുകയും ചെയ്തു. കല്ലേറില്‍ നിരവധി വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. അക്രമം ഭയന്ന്‌ സ്വകാര്യബസ്സുകള്‍ സര്‍വ്വീസ്‌ നടത്തിയിരുന്നുമില്ല. ഇതുകാരണം റെയില്‍വേ സ്റ്റേഷനുകളിലും ബസ്‌ സ്റ്റാന്റുകളിലും എത്തിയ അന്യസംസ്ഥാനക്കാര്‍ അടക്കമുള്ളവര്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ വളരെയധികം ബുദ്ധിമുട്ടി.
മെഡിക്കല്‍ കോളേജിന്‌ സമീപം കോവൂരില്‍ വെച്ച്‌ സ്വകാര്യ ആശുപത്രിയിലുള്ള രോഗിയെ കാണാന്‍ പോകുകയായിരുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ച ഇന്നോവക്കാറിന്‌ നേരെ ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞു. വാഹനത്തില്‍ ഉണ്ടായിരുന്ന കുട്ടികളടക്കം കല്ലേറില്‍ പരിക്കേറ്റു. ഇരുപതോളം വരുന്ന സംഘമാണ്‌ തങ്ങളെ ആക്രമിച്ചതെന്ന്‌ വാഹനത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. പേരാമ്പ്ര ചാലിക്കരയില്‍ രോഗിയുമായി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ വരികയായിരുന്ന ആംബുലന്‍സ്‌ തടഞ്ഞിട്ട്‌ ഡ്രൈവറെയും രോഗിയുടെ ബന്ധുവിനെയും മര്‍ദ്ദിച്ചു. തുടര്‍ന്ന്‌ നാട്ടുകാര്‍ ഇടപെട്ടാണ്‌ ഇവരെ രക്ഷപ്പെടുത്തിയത്‌.
നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനുശേഷം പിരിഞ്ഞുപോകുകയായിരുന്ന ഹര്‍ത്താലനുകൂലികള്‍ ചെറുസംഘങ്ങളായി തിരിഞ്ഞ്‌ വാഹനങ്ങള്‍ക്ക്‌ നേരെ കല്ലേറ്‌ നടത്തി. സ്വകാര്യ ബാങ്ക്‌ അടപ്പിയ്ക്കാന്‍ നടത്തിയ ശ്രമം പോലീസ്‌ ഇടപെട്ട്‌ തടയുകയും ചെയ്തു. നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഥാപിച്ച മറ്റുരാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകളുള്‍പ്പെടെ നശിപ്പിച്ചു. മൊയ്തുമൗലവി അവാര്‍ഡ്‌ ദാനചടങ്ങിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളും കമാനങ്ങളും തകര്‍ത്തു.
ഈങ്ങാപ്പുഴയിലും അരീക്കാടും കെഎസ്‌ആര്‍ടിസി ബസ്സുകള്‍ക്ക്‌ നേരെ കല്ലേറുണ്ടായതോടെ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ താല്‍ക്കാലികമായി സര്‍വ്വീസ്‌ നിര്‍ത്തിവെച്ചു. തുടര്‍ന്ന്‌ ഉച്ചയ്ക്ക്‌ ശേഷം പോലീസ്‌ സംരക്ഷണത്തിലാണ്‌ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ്‌ നടത്തിയത്‌. ജില്ലയുടെ അതിര്‍ത്തികളിലും ബസ്സുകള്‍ തടഞ്ഞിട്ടിരുന്നു വടകരയില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഓഫീസിന്‌ നേരെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞു. നാദാപുരം വാണിമേല്‍ പരപ്പുപാറയില്‍ ലീഗ്‌-സിപിഎം സംഘര്‍ഷമുണ്ടായി. അരൂരിലും ചെമ്മലത്തൂരിലും ബസ്‌ വെയറ്റിംഗ്‌ ഷെഡുകളും തകര്‍ത്തു. പലസ്ഥലങ്ങളിലും നേതാക്കളുടെ സാന്നിധ്യത്തിലാണ്‌ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതെന്നും ആരോപണമുണ്ട്‌. പ്രവര്‍ത്തകരെ നേതാക്കള്‍ പലയിടത്തും കയറൂരി വിടുകയാണുണ്ടായത്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.