മാലിന്യ കൂമ്പാരം പമ്പയേയും മലിനമാക്കുന്നു

Sunday 21 May 2017 8:09 pm IST

കോഴഞ്ചേരി: കോഴഞ്ചേരി ചന്തയിലെ അറവു മാലിന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ മാലിന്യങ്ങളും നിക്ഷേപിക്കുവാനുള്ള സ്ഥലമായി ചന്തക്കടവ് മാറിക്കൊണ്ടിരിക്കുന്നു. കോഴഞ്ചേരി വള്ളപ്പുരയുടെ മുന്നിലും ഇതിനോടു ചേര്‍ന്ന തോട്ടിലുമാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ആശുപത്രി മാലിന്യങ്ങളും പരിസര പ്രദേശങ്ങളിലെ അഴുക്കുചാലുകളും വന്നെത്തുന്നതും ഈ തോട്ടിലാണ്. തോട്ടിലൂടെ മലിന ജലവും മാലിന്യവും പമ്പാനദിയില്‍ ചേര്‍ന്ന് കുടിവെള്ള പദ്ധതിക്കുവേണ്ടി നിര്‍മ്മിച്ചിരിക്കുന്ന കിണറിന്റെ സമീപത്തേക്ക് എത്തിച്ചേരുന്നു. മൂന്നുമാസത്തിലേറെയായി കിടക്കുന്ന മാലിന്യങ്ങള്‍ അഴുകി ദുര്‍ഗനധം വമിക്കുകയാണ്. മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ കുട്ടയിലും ചാക്കിലുമാക്കി രാത്രി സമയം ചന്തക്കടവില്‍ നിക്ഷേപിക്കുമ്പോള്‍ മറ്റുള്ള കടക്കാരും നാട്ടുകാരും മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി വണ്ടിപ്പേട്ടയിലും, പോസ്‌റ്റോഫീസിന്റെ മതിലിനോടുചേര്‍ന്ന് മാലിന്യകൂമ്പാരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. മഴ ആരംഭിച്ചതോടെ ഈ പ്രദേശത്ത് ദുര്‍ഗന്ധം പരക്കുവാനും തുടങ്ങി. കോഴഞ്ചേരി പഞ്ചായത്തിലെ ജനങ്ങള്‍ താമസിക്കുന്ന പിച്ചനാട്ട് കോളനിയില്‍ പ്രമുഖ സ്വകാര്യ ആശുപത്രികളിലേതടക്കം മലിന ജലവും മാലിന്യവുംഒഴുകിയെത്തുന്നു. ഇതിനെതിരെ പരാതികള്‍ നല്‍കിയിട്ടും വര്‍ഷങ്ങള്‍ പലതായി. ഇവിടെ നിന്നും ഒഴുകുന്ന മാലിന്യങ്ങള്‍ പമ്പാനദിയിലാണ് എത്തിച്ചേരുന്നത്. ആറന്മുള പഞ്ചായത്തില്‍ നീര്‍വിളാകം കിടങ്ങന്നൂര്‍ നാല്‍ക്കാലിക്കല്‍ പാലം, മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കുറുന്താര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപം മൂലം ജനങ്ങള്‍ പൊറുതിമുട്ടുന്നു. ഇവിടെയൊന്നും തന്നെ ത്രിതല പഞ്ചായത്തുകളുടെ ഇടപെടലുകളും ഉണ്ടാവുന്നില്ല. കോഴഞ്ചേരി തെക്കേമല റോഡിന്റെ ഇരുവശങ്ങളിലും പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ സമീപത്തെ പാടങ്ങളിലും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ചീഞ്ഞു ദുര്‍ഗന്ധം പരക്കുവാനും തുടങ്ങിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലൊക്കെതന്നെ ഇറച്ചി മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നതിനാല്‍ തെരുവുനായകളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്. കോഴഞ്ചേരി പഞ്ചായത്തിലെ രണ്ട് മാലിന്യ സംസ്‌കരണ പ്ലാന്റുകളും തുരുമ്പെടുത്ത് നശിക്കുകയും ഇവയക്ക് ചുറ്റും മാലിന്യ നിക്ഷേപം കുന്നുകൂടുകയും ചെയ്തു. മാലിന്യങ്ങള്‍ കെട്ടികിടന്ന് പരിസ്ഥിതിയുടെ സ്വാഭാവികതയ്ക്ക് സസ്യ ജീവജാലങ്ങള്‍ക്കും ദോഷകരമായി മാറിക്കൊണ്ടിരിക്കുകയാണ്. ജലത്തിലേക്ക് തള്ളുന്ന മാലിന്യങ്ങള്‍ ജലാശയങ്ങളെ മലിനമാക്കുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍നിന്നുണ്ടാകുന്ന രാസവസ്തുക്കള്‍ പരിസര പ്രദേശങ്ങളിലെ കിണറിനുള്ളിലേക്കും ഭൂഗര്‍ഭ ജലാശയത്തിലേക്കും കലരുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലായെങ്കില്‍ വരും മാസങ്ങളില്‍ രോഗ സാധ്യതയ്ക്കും പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിക്കുവാനും കാരണമാകും. ശരിയായ രീതിയില്‍ മാലിന്യം നീക്കം ചെയ്യുവാനും സംസ്‌കരിക്കുവാനും തദ്ദേശ ഭരണ സമിതികളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഇടപെടലുകള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.