പ്രൈമറി സ്കൂള്‍ അധ്യാപകരാകാന്‍ താല്‍പ്പര്യമുള്ള പ്ലസ്ടു വിജയികള്‍ക്ക് ഡിപ്ലോമ ഇന്‍ എഡ്യുക്കേഷന്‍ (ഡിഎഡ്) കോഴ്സിന് ചേര്‍ന്ന് പഠിക്കാം. സംസ്ഥാനത്തെ ഗവണ്മെന്റ്/എയ്ഡഡ്/ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (ടിടിഐ) ഇക്കൊല്ലം നടത്തുന്ന ഡിഎഡ് കോഴ്സ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. നാല് സെമസ്റ്ററുകളിലായി രണ്ട് വര്‍ഷമാണ് കോഴ്സിന്റെ കാലാവധി.
ഹയര്‍ സെക്കന്ററി/പ്ലസ്ടു/തുല്യ ബോര്‍ഡ് പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഒബിസികാര്‍ക്ക് 45% മാര്‍ക്ക് മതി. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് മാര്‍ക്കിന്റെയും ചാന്‍സിന്റെയും പരിധി ബാധകമല്ല.
പ്രായം 1.7.2017 ല്‍ 17 വയസ്സില്‍ കുറയരുത്. 33 വയസ് കവിയാനും പാടില്ല. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഒബിസികാര്‍ക്ക് മൂന്ന് വര്‍ഷവും വിമുക്തഭടന്മാര്ക്ക് അവരുടെ സൈനിക സേവനത്തിന്റെ കാലയളവും ഇളവ് നല്‍കുന്നതാണ്. നേരത്തെ അദ്ധ്യാപകനായി അംഗീകാരം ലഭിച്ചിട്ടുള്ള അപേക്ഷകര്‍ക്ക് അവരുടെ അധ്യാപക സേവന കാലയളവ് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കുന്നതിന് കണക്കാക്കും.
ഒരാള്‍ ഒരു റവന്യൂ ജില്ലയില്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. അപേക്ഷാ ഫോറത്തിന്റെ മാതൃകയും അപേക്ഷിക്കേണ്ട രീതിയുമൊക്കെ www. eduction.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം തെരഞ്ഞെടുക്കപ്പെടുവാന്‍ ആഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ മേയ് 31 വരെ സ്വീകരിക്കും. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കില്‍ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന മാര്ക്ക്ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്താല്‍ മതി.
മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനത്തിന് സ്വകാര്യ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ക്ക് അപേക്ഷ നല്‍കണം. പകര്‍പ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കിയിരിക്കണം.
ന്യൂനപക്ഷ ടിടിഐകളിലേക്ക് 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ പ്രവേശനത്തിന് ബന്ധപ്പെട്ട മാനേജര്‍മാര്‍ക്കും അപേക്ഷ നല്‍കണം. പകര്‍പ്പ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കുകയും വേണം.
കന്നഡ ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിലേക്കുള്ള അപേക്ഷകള്‍ കാസര്‍കോഡ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും തമിഴ് ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിലേക്കുള്ള അപേക്ഷകള്‍ പാലക്കാട്, ഇടുക്കി, തിരുവനന്തപുരം എന്നീ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള അപേക്ഷകള്‍ തിരുവനന്തപുരം/കൊല്ലം/മലപ്പുറം/കോഴിക്കോട്/കണ്ണൂര്‍ എന്നീ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും അയക്കേണ്ടതാണ്. ആംഗ്ലോ ഇന്ത്യന്‍ ടിടിഐയിലേക്കുള്ള അപേക്ഷകള്‍ കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ടിടിഐ മാനേജര്‍മാര്‍ക്കും നല്‍കേണ്ടതാണ്.
യോഗ്യതാ പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തില്‍ സംവരണ തത്വങ്ങള്‍ പാലിച്ച് മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. പ്രവേശനത്തിനുള്ള അര്‍ഹത നിശ്ചയിക്കുന്നത് ഇനി പറയുന്ന മാനദണ്ഡം അനുസരിച്ചായിരിക്കും.
- യോഗ്യതാ പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് – 80%
- ഇന്റര്‍വ്യൂവില്‍ ലഭിച്ച മാര്‍ക്ക് -10%
- സ്പോര്‍ട്സ്/ഗെയിംസ്/കലോത്സവം എന്നിവയില്‍ ദേശീയ/സംസ്ഥാന/ജില്ലാ/ഉപജില്ലാ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്ക്-10% ഓരോ കാറ്റഗറിയിലും ഒഴിവുള്ള സീറ്റുകളുടെ മൂന്നിരട്ടിപ്പേരുടെ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതാണ്.
ഗവണ്മെന്റ്/സ്വകാര്യ എയ്ഡഡ് മേഖലയില്‍ 102 ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കാണ് ‘ഡിഎഡ്’പ്രവേശനം. പ്രവേശന നടപടികള്‍ ജൂണ്‍ 15 നകം പൂര്‍ത്തിയാക്കി ജൂണ്‍ 21ന് അദ്ധ്യയനം ആരംഭിക്കാനാണ് ഡിപിഐയുടെ നിര്‍ദ്ദേശം. സ്വകാര്യ സ്വാശ്രയ മേഖലയില്‍ 50% ഡിഎഡ് കോഴ്സുകളിലെ മെരിറ്റ് സീറ്റുകളില്‍ പ്രവേശനത്തിനും ഇതോടൊപ്പം പ്രത്യേകം അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ഇത്സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.education. kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: