കുരുമുളകിന്റെ വിലത്തകര്‍ച്ചക്ക് പിന്നില്‍ വ്യാപാരികള്‍

Sunday 21 May 2017 11:34 pm IST

കൊച്ചി: കുരുമുളകിന്റെ വിലത്തകര്‍ച്ചക്കു പിന്നില്‍ എക്‌സ്‌പോര്‍ട്ടേഴ്‌സിന്റെ ലാഭക്കൊതിയും, സ്‌പെഷ്യല്‍ എക്കണോമിക് സോണിന്റെ(സെസ്) പിടിപ്പ്‌കേടുമെന്ന് ആരോപണമുയരുന്നു. കയറ്റുമതി ചെയ്യുന്ന കുരുമുളകിന് ഗുണനിലവാര തകര്‍ച്ച ഉണ്ടായതാണ് വിദേശമാര്‍ക്കറ്റിലെ വിലയിടിവിന് കാരണമായതെന്ന് ചില കയറ്റുമതിക്കാരും അടക്കം പറയുന്നു. വിയറ്റ്‌നാം, ഇന്‍ഡോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിലവാരമില്ലാത്ത കുരുമുളകാണ്. സാര്‍ക്ക് രാജ്യങ്ങളില്‍ നിന്ന് മാത്രമേ ഇന്ത്യയിലേക്ക് കുരുമുളക് ഇറക്കുമതിക്ക് നിയമമുള്ളു. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്ന് ശ്രീലങ്കയിലേക്ക് ഇറക്കുമതി ചെയ്യാം. ശ്രീലങ്ക വഴി നിലവാരമില്ലാത്ത കുരുമുളക് ഇന്ത്യയിലേക്ക് എത്തും. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന നിലവാരമുള്ള കുരുമുളക്, ഇറക്കുമതി ചെയ്തു കിട്ടുന്ന നിലവാരമില്ലത്ത കുരുമുളകുമായി കലര്‍ത്തിയാണ് വിദേശത്തേക്ക് കയറ്റി അയക്കുന്നത്. ഇതോടെ ഇന്ത്യന്‍ കുരുമുളകിന് അടുത്തകാലം വരെ വിദേശത്തുണ്ടായിരുന്ന പ്രതിച്ഛായ ഇടിഞ്ഞു. ഡിമാന്റിലും ഇടിവുണ്ടായി. ഇന്ത്യയിലെ കയറ്റുമതിക്കാര്‍ ഉയര്‍ന്ന ലാഭത്തിന് വേണ്ടി ചെയ്യുന്ന തട്ടിപ്പാണിത്. കേരളത്തിലേയും കര്‍ണാടത്തിലേയും കുരുമുളക് കര്‍ഷകരുടെ സ്വപ്‌നങ്ങളെയാണിത് തകര്‍ക്കുന്നത്. ഇന്ത്യയിലെ കുരുമുളകിന് വിദേശമാര്‍ക്കറ്റില്‍ മികച്ച ഇടം ലഭിക്കാന്‍ കാരണം അതിലടങ്ങിയിട്ടുള്ള ഓയില്‍ കണ്ടന്റി (ലിറ്റര്‍ വെയിറ്റ്)നെ ആസ്പദമാക്കിയാണ്. ഇന്തോനേഷ്യ, വിയറ്റ്‌നാം, ശ്രീലങ്ക എന്നിവിടങ്ങളിലെ കുരുമുളകില്‍ അത്രത്തോളം ഓയില്‍ കണ്ടന്റില്ല. നിറത്തിലും ഗുണത്തിലും ഇവ വളരെ പിന്നിലാണ്. കേരളത്തിലെ കുരുമുളക് ഇനമായ കരിമുണ്ട, എംജി വണ്‍, ബോള്‍ട്ട്, വയനാടന്‍, ഉതിരന്‍ എന്നിവക്ക് ഗുണനിലവാരവും ലിറ്റര്‍ കണക്കിലുള്ള ഭാരവും കൂടുതലാണ്. ഒരു ലിറ്റര്‍ കുരുമുളകിന്റെ തൂക്കം 600 ഗ്രാം വരെയാണ്. നിറം തനി കറുപ്പും. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്റെ തൂക്കം ലിറ്ററിന് 500 ഗ്രാമില്‍ താഴേയാണ്. നിറം ചുവപ്പ് രാശിയോടെയുള്ളതും, എരിവ് കുറവുമാണ്. സ്‌പെഷ്യല്‍ എക്കണോമിക് സോണില്‍ വ്യാപാരികള്‍ നടത്തുന്ന വന്‍ തട്ടിപ്പുകളാണ് കേരളത്തിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. ഇത് കേന്ദ്രസര്‍ക്കാരിനും കോടികളുടെ നികുതി നഷ്ടമാണ് ഉണ്ടാക്കുന്നത്. ഈ തട്ടിപ്പ് തടയാന്‍ സോണില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ശക്തമാക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ഈ വര്‍ഷം 65,000 ടണ്‍ കുരുമുളക് ഉത്പാദനമാണു സ്‌പൈസസ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ഉത്പാദനം കുറഞ്ഞതായി ചിത്രീകരിച്ച് വന്‍ ഇറക്കുമതിയാണ് വ്യാപാരികള്‍ ലക്ഷ്യമിടുന്നത്. വിയറ്റ്‌നാം കുരുമുളക് ടണ്ണിന് 4500 ഡോളറില്‍ ഇറക്കുമതിക്ക് കരാറായത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഈ നിരക്കില്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്ക് കിലോയ്ക്ക് 150 രൂപ വരെയാണു ലാഭം. വിയറ്റ്‌നാം കുരുമുളക് യൂറോപ്പും അമേരിക്കയും വാങ്ങുന്നില്ല. ബ്രസീലില്‍ നിന്നാണ് പശ്ചിമേഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ കുരുമുളക് വാങ്ങുന്നത്. ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് ഇന്ത്യയില്‍ പരിശോധനയില്ല. ചെറിയ പാക്കറ്റ് പരിശോധിക്കണമെങ്കില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് 25,000 രൂപ ചെലവുവരും. പരിശോധനയില്ലാത്തതിന്റെ മറവിലാണ് ഗുണനിലവാരമില്ലാത്ത കുരുമുളകിന്റെ ഇറക്കുമതി. ഇതു തടയാന്‍ നടപടിയുണ്ടായില്ലെങ്കില്‍ ഈ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നാണ് ആരോപണമുയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.