കൊച്ചി പഴയ കൊച്ചിയല്ല

Monday 22 May 2017 1:14 am IST

കൊച്ചി: രണ്ട് വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ റാങ്കിങ്ങില്‍ കൊച്ചിയുടെ സ്ഥാനം നാല്. തൊട്ടടുത്ത വര്‍ഷം 55 ലേക്ക്. ഈ വര്‍ഷം 271-ാം സ്ഥാനത്തേക്കും. കൊച്ചി പഴയ കൊച്ചിയല്ലെന്ന സിനിമാ ഡയലോഗ് അര്‍ഥവത്താക്കുന്നത് ഈ കണക്കുകള്‍ കാണുമ്പോഴാണ്. അക്ഷരാര്‍ഥത്തില്‍ നഗരം മാലിന്യ കൂമ്പാരമായി മാറിയിരിക്കുന്നു. കൊച്ചി ചീഞ്ഞ് നാറുകയാണെന്ന നാട്ടുകാരുടെ പരാതികളെ പിന്തുണയ്ക്കുന്ന തെളിവുകളില്‍ ഒന്ന് മാത്രമാണിത്. എന്നാല്‍ കേന്ദ്ര വിലയിരുത്തലിലെ മാനദണ്ഡങ്ങളുടെ പ്രശ്‌നമാണ് റാങ്കിങ് പിന്നിലാകാന്‍ കാരണമെന്നാണ് കോര്‍പ്പറേഷന്റെ വാദം. കൊച്ചിയിലെ ഭൂരിഭാഗം റോഡുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം തന്നെയാണ് നഗരം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. ഒന്നേകാല്‍ മാസമായി നഗരത്തിലെ മാലിന്യനീക്കം മന്ദഗതിയിലാണ്. മാലിന്യം വീടുകളില്‍ നിന്ന് എടുക്കുന്നതില്‍ വീഴ്ച വന്നതോടെ അവ റോഡരികില്‍ തള്ളുന്ന സ്ഥിതിയാണ്. പ്ലാസ്റ്റിക് കിറ്റുകളുടെ നിരോധനം പൂര്‍ണമായി നടപ്പാക്കാന്‍ അധികൃതര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. പ്ലാസ്റ്റിക് തരംതിരിച്ച് വാങ്ങാന്‍ നടപ്പാക്കിയ സംവിധാനവും ഫലപ്രദമല്ല. വിശാല കൊച്ചിയുടെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് നിര്‍മിക്കാന്‍ ധാരണയുണ്ടാകിയത്. എന്നാല്‍ സ്ഥലമേറ്റെടുപ്പ് പോലും പൂര്‍ത്തിയാകാതെ പദ്ധതിയെ സര്‍ക്കാരും കോര്‍പ്പറേഷനും ചേര്‍ന്ന് മൂടിയിട്ടിരിക്കുകയാണ്. മാലിന്യനീക്കത്തില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള നീക്കങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നതെന്നാണ് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ വി.കെ. മിനിമോള്‍ പറയുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം ജൈവമാലിന്യം കൂടി തള്ളിയപ്പോള്‍ പലയിടത്തും ദുര്‍ഗന്ധം വമിച്ച നിലയിലായെന്നും അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.