മദ്യാസക്തിയില്‍ മലയാളി; പ്രതിദിന മദ്യവില്‍പ്പന 20 കോടി പിന്നിട്ടു

Sunday 1 July 2012 8:18 pm IST

കൊച്ചി: മലയാളിയുടെ പ്രതിദിന മദ്യ വില്‍പ്പന തുക ശരാശരി 20 കോടി രൂപ പിന്നിട്ടു. ജനസംഖ്യാനുപാത കണക്കില്‍ ആറര ഇരട്ടി തുകയും ആളോഹരി ഉപഭോഗത്തില്‍ ഒന്നാംസ്ഥാനവും പിന്നിട്ട മലയാളക്കരയിലെ മദ്യവില്‍പ്പന സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗത്തില്‍ ഒന്നാം സ്ഥാനവും നേടിക്കഴിഞ്ഞു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം സര്‍ക്കാര്‍തല മദ്യവില്‍പ്പന കേന്ദ്രങ്ങളിലൂടെ നടത്തിക്കൊണ്ടുള്ള വില്‍പ്പന തുക 7000 കോടി രൂപ പിന്നിട്ടതായാണ്‌ റിപ്പോര്‍ട്ട്‌. 2011-12 വര്‍ഷമിത്‌ 6700 കോടി രൂപയായിരുന്നു. മദ്യശാലകളുടെ പ്രവര്‍ത്തിദിനങ്ങളും മദ്യവില്‍പ്പനതോതും തമ്മിലുള്ള കണക്കുകള്‍ പ്രകാരം ഔദ്യോഗിക മദ്യവില്‍പ്പന തുക പ്രതിദിനം ശരാശരി 20 കോടിയിലുമേറെയാണെന്നാണ്‌ വ്യാപാര കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌.
മദ്യാസക്തിയുടെ വളരുന്ന വലയത്തില്‍ അകപ്പെട്ട മലയാളക്കരയില്‍ പ്രതിവര്‍ഷമദ്യവില്‍പ്പന ശരാശരി നിരക്ക്‌ ആഗോള ശരാശരിയേക്കാള്‍ കൂടുതലാണെന്നാണ്‌ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌. ജനനം മുതല്‍ മരണംവരെയുള്ള സുഖ ദുഃഖ നിമിഷങ്ങളെ മദ്യസല്‍ക്കാരത്തിന്റെതാക്കി മാറ്റുന്ന മലയാളി കേരളത്തിലെ മാറിവരുന്ന സാംസ്ക്കാരിക-സാമൂഹിക മാറ്റത്തില്‍ മലയാളിയുടെ മാനം മദ്യത്തിന്റെതാക്കി മാറ്റുമെന്നാണ്‌ ആശങ്ക ഉയര്‍ന്നിരിക്കുന്നത്‌. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തിനിടയില്‍ മദ്യ ഉപഭോഗവളര്‍ച്ചയില്‍ കേരളത്തിന്റെ വളര്‍ച്ചാ നിരക്ക്‌ 1400 ശതമാനത്തിലുമേറെയെന്നാണ്‌ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്‌. 1995-96 ല്‍ കേരളത്തിലെ പ്രതിവര്‍ഷ മദ്യവില്‍പ്പന തുക 477.60 കോടി രൂപയുടെതായിരുന്നു. 2000-2001 ലിത്‌ 1020 കോടി രൂപയുടെതായും 2005-2006 2635 കോടി രൂപയുടേതായും വര്‍ധിച്ചു. 2008-09 ല്‍ 3621 കോടി രൂപ, 2009-10 വര്‍ഷമിത്‌ 4631 കോടി രൂപ, 2010-11 വര്‍ഷമിത്‌ 5539 കോടി രൂപ, 2011-12 വര്‍ഷമിത്‌ 6689 കോടി രൂപ എന്നിങ്ങനെ ക്രമാനുഗത വളര്‍ച്ചയാണ്‌ പ്രകടമാക്കിയത്‌.
കേരള സര്‍ക്കാരിന്റെ സുപ്രധാന നികുതിവരുമാന മാര്‍ഗ്ഗമായി മദ്യവില്‍പ്പന വുരമാനം മാറിക്കഴിഞ്ഞു. സംസ്ഥാനത്തെ പതിനൊന്ന്‌ ഡിസ്റ്റിലറികളില്‍നിന്നുള്ള മദ്യവില്‍പ്പനയ്ക്ക്‌ ബിവറേജസ്‌ കോര്‍പ്പറേഷന്റെ 383 വില്‍പ്പനകേന്ദ്രങ്ങളും സര്‍ക്കാര്‍ ലൈസന്‍സുള്ള 708 ബാറുകളുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. മദ്യത്തിന്റെ വില്‍പ്പനശാലയില്‍ നികുതിയും-തീരുവയും അധികതീരുവയുമടക്കം 120 ശതമാനം നികുതിവരുമാനം നേടുന്ന മദ്യവില്‍പ്പന സര്‍ക്കാര്‍ ഖജനാവിന്‌ പൊന്‍മുട്ടയിടുന്ന താറാവാണ്‌. ലിറ്ററിന്‌ 180 രൂപ മുതല്‍ 250 രൂപവരെ വിലയുള്ള മദ്യവില്‍പ്പനയില്‍ ഒരുപതിറ്റാണ്ടിനകം വിലയിലും-നികുതിയിലുമായി ആറ്‌ തവണ വിലവര്‍ധനവുണ്ടായതായാണ്‌ വില്‍പ്പന കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌. ഇന്ത്യയിലെ മൊത്തം മദ്യവില്‍പ്പനയുടെ 18 ശതമാനം കേരളവിഹിതമാണെന്നതും കേരളത്തിന്റെ നികുതി വരുമാനത്തിന്റെ 40 ശതമാനം വിഹിതവും മദ്യത്തില്‍നിന്നാണെന്ന്‌ കൂടി തിരിച്ചറിയുമ്പോള്‍ മലയാളി മദ്യാസക്തി തോതിന്റെ വ്യാപ്തി തിരിച്ചറിയുന്നു. ആളോഹരി ഉപഭോഗം ഉപഭോക്താക്കളുടെ പ്രായം, വ്യാപ്തി, മദ്യപാനത്താലുളള അപകടങ്ങള്‍, മരണനിരക്ക്‌, പീഡനങ്ങള്‍, അക്രമങ്ങള്‍ എന്നിവയില്‍ ദേശീയ തലത്തില്‍ കേരളത്തിന്റെ മുന്നേറ്റം മലയാളിയുടെ മദ്യാസക്തി ദോഷങ്ങള്‍ ചൂണ്ടിക്കാട്ടുന്നവയാണ്‌. ഇതിലൂടെയുള്ള നഷ്ടമാകട്ടെ വിലമതിക്കാനാകാത്ത അനേകം കോടികളും. 2011 ലെ ജനസംഖ്യ കണക്കെടുപ്പ്‌ പ്രകാരം കേരളത്തിലെ ജനസംഖ്യ മൂന്ന്‌ കോടി 35 ലക്ഷത്തോളം എന്നാണ്‌ കണക്ക്‌. ഇതില്‍ ഒരുകോടി 74 ലക്ഷം സ്ത്രീകളും ഒരുകോടി 61 ലക്ഷം പുരുഷന്മാരുമാണ്‌. ഇന്ത്യയുടെ ഭൂപ്രകൃതിയില്‍ ഒരു ശതമാനം മാത്രമുള്ള ഭൂപ്രദേശത്ത്‌ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മൂന്ന്‌ ശതമാനമാണ്‌ നശിക്കുന്നത്‌. ഇവിടെയാണ്‌ മദ്യാസക്തിയിലും മദ്യവില്‍പ്പനയില്‍ രാജ്യത്തെ സുപ്രധാന സംസ്ഥാനമായി കേരളം മുന്നേറുന്നതിന്റെ അസന്തുലിതാവസ്ഥ അപകടകരമാകുന്നത്‌. ആളോഹരി മദ്യ ഉപഭോഗത്തില്‍ കേരളമാണ്‌ മൂന്നാം സ്ഥാനത്ത്‌. എട്ട്‌ ലിറ്റര്‍ മദ്യം. പഞ്ചാബ്‌ 7.4 ലിറ്റര്‍, ഗോവ 6 ലിറ്ററില്‍ താഴെയുമാണ്‌. ദേശീയ ആളോഹരി മദ്യഉപഭോഗ നിരക്ക്‌ 1.7 ലിറ്ററുമാണ്‌. ജനസംഖ്യാനുപാതത്തില്‍ ഒരാളുടെ പ്രതിശീര്‍ഷ മദ്യപാന ഉപഭോഗ തുക 6000 രൂപയാണെന്നാണ്‌ കണക്കാക്കുന്നത്‌.
മദ്യപാനികളുടെ വയസ്സും വ്യാപ്തിയും കണക്കാക്കിയാല്‍ കേരളത്തിന്റെ അവസ്ഥ ആശങ്കവളര്‍ത്തുന്നതാണ്‌. 1986 ല്‍ മദ്യപാനിയുടെ കുറഞ്ഞ പ്രായം 19 വയസ്സായിരുന്നത്‌ 2000 ത്തിലിത്‌ 14 വയസ്സായും 2010- ലിത്‌ 13 വയസ്സുമാണ്‌. അതായത്‌ നിലവില്‍ 12-13 വയസ്സുള്ള കുട്ടികള്‍ പോലും മദ്യഉപഭോക്താക്കളായി മാറുന്നതായാണ്‌ ആല്‍ക്കഹോള്‍ ആന്റ്‌ ഡ്രഗ്സ്‌ ഇന്‍ഫര്‍മേഷന്‍ പഠന റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നത്‌. ഇതേ രീതിയില്‍ മദ്യ ഉപഭോക്താക്കളുടെ പ്രായപരിധി കണക്കാക്കിയുള്ള പഠനത്തില്‍ 1990 ല്‍ 21 വയസ്സിന്‌ താഴെയുള്ളവര്‍ രണ്ടുപേര്‍ ആയിരുന്നെങ്കില്‍ 2010 ലിത്‌ 16 പേരായി വര്‍ധിച്ചു. 21-40 വയസ്സുള്ള 1990 ല്‍ 24 എന്നത്‌. 2010 ലിത്‌ 33 പേരായും ഉയര്‍ന്നു. 41-50 വയസ്സുള്ളവര്‍ 90 ല്‍ 24 പേരായത്‌ 2010 ല്‍ 13 പേരായി കുറയുകയും ചെയ്തു. കേരളത്തില്‍ കുട്ടികളും യുവാക്കളും മദ്യപാനത്തില്‍ കൂടുതല്‍ ആകൃഷ്ടരായി ഉപഭോക്താക്കളാകുന്നതായാണ്‌ പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്‌.
മദ്യപാനത്തിന്റെ ശരാശരി ഉപഭോക്തൃ നിരക്കിന്റെ വര്‍ധന സാമൂഹിക സാംസ്ക്കാരിക രംഗത്തും ഏറെ പ്രതിഫലനം സൃഷ്ടിക്കുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. മദ്യപാനത്തിലൂടെ വാഹനമോടിച്ച്‌ പ്രതിവര്‍ഷം കേരളത്തിന്റെ 3500 പേരുടെ ജീവന്‍ പൊലിയുന്നതായും മദ്യപിച്ച്‌ കൊണ്ടുള്ള പീഡനം അക്രമങ്ങള്‍ എന്നിവയില്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ പതിന്മടങ്ങ്‌ മുന്നിലാണെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്‌. മദ്യപാനികളായ സ്ത്രീജനസംഖ്യാ നിരക്കില്‍ കഴിഞ്ഞ ഒരുപതിറ്റാണ്ടിനകം (10 വര്‍ഷം) ഉണ്ടായ വളര്‍ച്ച എട്ടിരട്ടിയിലുമേറെയാണെന്നാണ്‌ മാനസികാരോഗ്യ-മനശാസ്ത്ര കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്‌. 90 കളില്‍ മദ്യപാനികളുടെ ശരാശരിയില്‍ ഒരു ശതമാനത്തില്‍ താഴെയായിരുന്നു സ്ത്രീകളുടെ എണ്ണം 2010 ലിത്‌ 14 ശതമാനത്തോളമായതായാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. ഏറെയും യുവതികളാണെന്നും പറയുന്നു. നഗരങ്ങളില്‍ വളര്‍ന്നുവരുന്ന പമ്പുകളും ഗൃഹാന്തരീക്ഷത്തില്‍ മാറിവരുന്ന സാംസ്ക്കാരിക രീതികളും കുട്ടികളും യുവതികളുമടക്കമുള്ളവരെ മദ്യാസക്തിയിലേക്ക്‌ ആകര്‍ഷിക്കുന്നതായി മനഃശാസ്ത്ര കേന്ദ്രങ്ങളും പറയുന്നു.
പ്രതിവര്‍ഷം 7000 കോടി രൂപയുടെ മദ്യവില്‍പ്പന നടക്കുന്ന കേരളത്തില്‍ അനൗദ്യോഗികമായി സമാന്തര മദ്യവ്യവസായ ശൃംഖലയും വളര്‍ന്നുവരുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. ഒന്നരപതിറ്റാണ്ടിനകം സംസ്ഥാനത്ത്‌ നടന്ന പ്രധാനപ്പെട്ട 10 ലേറെ മദ്യദുരന്തങ്ങളും. ഇവയിലൂടെ മരണപ്പെട്ട 100 ലേറെ ജനങ്ങളും സര്‍ക്കാര്‍ നികുതിദായക മദ്യവില്‍പ്പനകേന്ദ്രത്തിന്റെ സംഭാവനയാണെന്ന്‌ പ്രഖ്യാപിക്കുക പ്രയാസമാണ്‌. 2009 ലും 2010 ലും കേരളത്തിലേക്ക്‌ അതിര്‍ത്തി കടന്നെത്തി പിടികൂടിയ സ്പിരിറ്റിന്റെ അളവ്‌ അഞ്ച്‌ ലക്ഷം ലിറ്ററിലുമേറെയാണെന്നാണ്‌ പറയുന്നത്‌. കണ്ടെടുക്കാത്ത സ്പിരിറ്റിന്റെ അനധികൃത മദ്യവ്യവസായം സംസ്ഥാനത്ത്‌ വളരുകയാണ്‌. നിക്ഷേപ സംഗമങ്ങളും സാഹചര്യങ്ങളും വികസന പദ്ധതികളെയും മാറ്റിമറിക്കുന്ന ശക്തമായ ലോബിയായി സര്‍ക്കാര്‍ സ്പോണ്‍സര്‍ മദ്യലോബി വളര്‍ന്നുവരുന്നത്‌ സാമൂഹിക-സാംസ്ക്കാരിക തകര്‍ച്ചക്കൊപ്പം സാമ്പത്തിക രംഗത്തും വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന്‌ വിദഗ്ദ്ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. നികുതിക്കായി മദ്യപരെ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തപ്പെടേണ്ടതാണ്‌. നാടിനും സമ്പത്തിനും രക്ഷ.
എസ്‌. കൃഷ്ണകുമാര്‍


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.