മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു

Monday 22 May 2017 2:32 pm IST

കൊല്ലം: വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി ജനപ്രതിനിധികളുടെ സഹകരണത്തോടെ ജില്ലയില്‍ മഴക്കാല പൂര്‍വ്വ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എല്ലാ വകുപ്പുകളും മുന്‍കരുതല്‍ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധികള്‍ പകരുന്നത് തടയാന്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് മേയര്‍ വി.രാജേന്ദ്ര ബാബു പറഞ്ഞു. വെള്ളപ്പൊക്ക സാധ്യതാ മേഖലകള്‍ കണ്ടെത്താനും ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സ്ഥലങ്ങളില്‍ അതിനുള്ള സൗകര്യം ഉറപ്പാക്കുന്നതിനും ജില്ലാ കളക്ടര്‍ മിത്ര.ടി തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ എന്നിവക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഇരവിപുരം മണ്ഡലത്തിലെ മുണ്ടയ്ക്കല്‍ പാപനാശം കടല്‍ത്തീരത്ത് കടല്‍ക്ഷോഭം രൂക്ഷമായ മേഖലയില്‍ 340 മീറ്റര്‍ നീളത്തില്‍ ജിയോ ടെക്‌സ്‌റ്റൈല്‍ ബാഗില്‍ മണല്‍ നിറച്ച് അടുക്കുന്ന പദ്ധതിക്ക് ഭരണാനുമതിയായി. ജലസേന വകുപ്പിന്റെ നേതൃത്വത്തില്‍ ഈ ജോലി ജൂണ്‍ ആദ്യവാരത്തില്‍ ആരംഭിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള അറിയിപ്പുകള്‍ നല്‍കുന്നതിനും മറ്റുമായി ഫിഷറീസ് കണ്‍ട്രോള്‍റൂം 15 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു. പോലീസിന്റെ നേതൃത്വത്തില്‍ തീരദേശ ജാഗ്രതാസമിതി യോഗങ്ങള്‍ ഉടന്‍ ചേരും. എഡിഎം ഐ.അബ്ദുല്‍സലാം, വിവിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.