സ്രാവുകള്‍ നീന്തിയില്ല; പക്ഷേ, വിറ്റു തീര്‍ന്നു

Monday 22 May 2017 10:27 pm IST

തിരുവനന്തപുരം: നിയമപ്രശ്‌നം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതോടെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനം മാറ്റിവച്ചു. ജേക്കബ് തോമസിന്റെ ആത്മകഥ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തിനെതിരെ കെ.സി. ജോസഫ് എംഎഎല്‍എ കത്തു നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി അവസാന നിമിഷം ചടങ്ങില്‍ നിന്ന് പിന്മാറിയത്. സര്‍വീസിലിരിക്കെ അനുമതിയില്ലാതെയാണ് ജേക്കബ് തോമസ് പുസ്തകം എഴുതിയതെന്ന് കെ.സി. ജോസഫ് കത്തില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ടു. പുസ്തക രചനയ്ക്ക് ജേക്കബ് തോമസ് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നില്ല. ഇത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെയും സര്‍വീസ് ചട്ടങ്ങളുടെയും ലംഘനമാണെന്ന് നിയമ സെക്രട്ടറി ഉപദേശം നല്‍കിയതോടെ മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് പിന്മാറി. ഇതോടെ പ്രകാശന ചടങ്ങ് മാറ്റിവച്ചു. എന്നാല്‍, കോണ്‍ഗ്രസുകാര്‍ ചടങ്ങ് അലങ്കോലമാക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്നും അതുകൂടി കണക്കിലെടുത്താണ് പ്രകാശനം മാറ്റിവച്ചതെന്നുമാണ് ജേക്കബ് തോമസ് അറിയിച്ചത്. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മുന്‍ മന്ത്രി കെ. ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയെന്ന് ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. കെ. ബാബുവിനെ പിന്തുണയ്ക്കുന്നവരാണ് അന്വേഷണം മുന്നോട്ടു നീങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരെടുത്തു പറയാതെ സൂചിപ്പിക്കുന്നു. ബാര്‍ ഉടമ ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ നാല്, അഞ്ച് പേജ് കെ. ബാബുവിന് എതിരായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയ്ക്ക് അന്വേഷണത്തോട് വിയോജിപ്പുണ്ടായിരുന്നില്ലെന്നും പുസ്തകത്തിലുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ചടങ്ങിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. പുസ്തകങ്ങള്‍ വില്‍പ്പനയ്ക്കായി എത്തിക്കുകയും ചെയ്തിരുന്നു. പ്രകാശനം മാറ്റിവച്ചെങ്കിലും പുസ്‌കം ചൂടപ്പംപോലെ വിറ്റഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.