പട്ടികജാതി വികസന വകുപ്പ് 862 വീടുകള്‍ അനുവദിച്ചു

Monday 22 May 2017 8:08 pm IST

  പത്തനംതിട്ട: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പ് 2016-17 വര്‍ഷത്തില്‍ 862 പുതിയ ഭവനങ്ങള്‍ അനുവദിച്ചു. ഭൂരഹിതരായ 249 പേര്‍ക്ക് ഭൂമി വാങ്ങുന്നതിന് 9.6 കോടി രൂപയും ഭവന പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തി 466 പേര്‍ക്ക് 2.3 കോടി രൂപയും അനുവദിച്ചു. ഗുരുതരമായ രോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സാ സഹായ പദ്ധതിയില്‍ 3.24 കോടി രൂപയും വിവാഹ ധനസഹായമായി 2.72 കോടി രൂപയും ഈ കാലയളവില്‍ ചെലവഴിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് പ്രയോജനപ്പെടത്തക്കവിധം ചിറ്റാര്‍ പഞ്ചായത്തിലെ കട്ടച്ചിറ കോളനിയിലും നെടുമ്പ്രം പഞ്ചായത്തിലെ കാരാത്ര കോളനിയിലും 5.5 ലക്ഷം രൂപ ചെലവഴിച്ച് ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയുള്ള ആധുനിക ലൈബ്രറികളായ വിജ്ഞാനവാടികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഉചിതമായ തൊഴില്‍ മേഖല കണ്ടെത്തുന്നതിന് പിന്നാക്കം നില്‍ക്കുന്ന മേഖലകളിലെ യുവതീയുവാക്കള്‍ക്ക് ഏറെ സഹായകരമായ സംവിധാനമാണ് വിജ്ഞാനവാടികള്‍. ചിറ്റാര്‍ പഞ്ചായത്തിലെ കട്ടച്ചിറ കോളനിയില്‍ 40 ലക്ഷം രൂപ ചെലവഴിച്ച് കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും ഈ കാലയളവില്‍ വകുപ്പിന് കഴിഞ്ഞു. ജില്ലയില്‍ പട്ടികജാതിയില്‍പ്പെട്ട 99 വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും 13 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സ്റ്റെതസ്‌കോപ്പും അനുവദിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍കൊണ്ട് പട്ടികജാതി കോളനികളുടെയും പട്ടികജാതിക്കാര്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെയും വികസനം പൂര്‍ണതയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും 3.08 കോടി രൂപ ചെലവഴിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 51 നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ബി.ശ്രീകുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.