കാലാവസ്ഥാ വ്യതിയാനം; നാളികേര ഉത്പാദനം കുറയുന്നു

Monday 22 May 2017 9:34 pm IST

കൊഴിഞ്ഞാമ്പാറ: വരള്‍ച്ചയും കാറ്റും മൂലം ജില്ലയിലെ നാളികേര ഉത്പാദനം കുറയുമെന്ന് നാളികേര വികസന ബോര്‍ഡ് അധികൃതര്‍. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 6.22 ശതമാനം കുറവ് വരുമെന്നാണ് സൂചന. ഇന്ത്യയിലെ ഉത്പ്പാദനം 20,789 ദശലക്ഷം നാളികേരം ആയിരിക്കും എന്നാണ് കണക്കാക്കിയിരിക്കുന്നത്. രാജ്യത്തെ പ്രധാന നാളികേരോല്‍പാദന സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഉല്പാദനം നിര്‍ണ്ണയിക്കാനുള്ള പഠനം നടത്തിയത്. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഒഴികെ എല്ലാസംസ്ഥാനങ്ങളിലും ഉത്പാദനം നേരിയ തോതിലും കുറയുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.ഗുജറാത്തിലും ഒഡീഷയിലുമാണ് യഥാക്രമം 15.86 ശതമാനത്തിന്റെയും 10.38 ശതമാനത്തിന്റെയും താരതമ്യേന ഉയര്‍ന്ന ഉത്പാദന കുറവു കാണിക്കുന്നത്. എന്നാല്‍ രാജ്യത്തെ ആകെ ഉത്പാദനത്തിന്റെ 91 ശതമാനവും സംഭാവന ചെയ്യുന്ന കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 8.47 ശതമാനത്തിന്റെയും 5.85 ശതമാനത്തിന്റെയും 5.17 ശതമാനത്തിന്റെയും 0.81 ശതമാനത്തിന്റെയും കുറവാണ് സര്‍വ്വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. സര്‍വ്വേ ഫലപ്രകാരം ഏറ്റവും കൂടുതല്‍ നാളികേര ഉതപാദന ക്ഷമത രേഖപ്പെടുത്തിയിരിക്കുന്നത് ആന്ധ്രാപ്രദേശിലും ഏറ്റവും കുറവ് ഒഡിഷയിലുമാണ്. ആന്ധ്രയില്‍ ഹെക്ടറിന് 13617 നാളികേരവും ഒഡീഷയില്‍ ഹെക്ടറിന് 5782 നാളികേരവുമാണ് ഉത്പാദനക്ഷമത. കേരളത്തിലെ കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഉത്പാദനക്ഷമത ദേശീയ ശരാശരിക്ക് തുല്യമോ മുകളിലോ ആണ്. കേരളത്തില്‍ ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്‍പന്തിയില്‍ ഹെക്ടറില്‍ 11972 നാളികേരമാണ് ജില്ലയിലെ ശരാശരി ഉത്പാദനം. മലപ്പുറം (11840 നാളികേരം), തൃശ്ശൂരും (11218 നാളികേരം) ആണ് തൊട്ടു പിറകില്‍ ഏറ്റവും കുറവ് ഉത്പാദനക്ഷമത രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലാണ്. ഒരു ഹെക്ടറില്‍ ശരാശരി 1856 നാളികേരം മാത്രമാണ് ഇടുക്കിയിലെ ഉതപാദനക്ഷമത. നാളികേരമേഖല ഭൂരിഭാഗവും മഴയെ ആശ്രയിച്ചുള്ള കൃഷി മാത്രം ആയതിനാല്‍ വരള്‍ച്ചയുടെ തീവ്രത കൂടുതല്‍ അനുഭവപ്പെട്ടത് താരതമ്യേന ഉയര്‍ന്ന ഉതപാദനക്കുറവ് സൂചിപ്പിക്കുന്നു. ജലസേചനം നടത്തുന്നതും നല്ല പരിചരണ മുറകള്‍ അവലംബിക്കുന്നതുമായ തെങ്ങിന്‍ തോട്ടങ്ങളില്‍ ഉത്പാദനക്കുറവ് അനുഭവപ്പെട്ടിട്ടില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.