ആലപ്പുഴ നഗരത്തിലും ഗ്രീന്‍ പ്രോട്ടോക്കോള്‍

Monday 22 May 2017 9:37 pm IST

ആലപ്പുഴ: നഗരസഭാ തലത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ആരോഗ്യ സ്ഥിരം സമിതി തീരുമാനിച്ചു. മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിന് പ്രധാന കേന്ദ്രങ്ങളില്‍ ഉടന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. ചടങ്ങുകളിലും പൊതു പരിപാടികളിലും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുകയും പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയും വേണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു പ്ലാസ്റ്റിക് ഇതര ഉപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കണം. ലൈസന്‍സില്ലാതെ നടത്തുന്ന കേറ്ററിങ് സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഉടന്‍ ലൈസന്‍സ് എടുക്കണം. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളില്‍ പരിശോധന നടത്തി കര്‍ശന നടപടിയെടുക്കും. അടുക്കള വൃത്തിയായി സൂക്ഷിക്കാത്ത ഹോട്ടലുകള്‍ അടച്ചുപൂട്ടും. മഴക്കാലപൂര്‍വ ശുചീകരണ സമിതി യോഗം 52 വാര്‍ഡുകളിലും നടന്നതായി യോഗം വിലയിരുത്തി. കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ ആരോഗ്യ വിഭാഗം ജീവനക്കാരെ രണ്ടു ഷിഫ്റ്റായി നിയമിക്കാന്‍ തീരുമാനിച്ചു. പൊതുജനങ്ങളും കച്ചവട സ്ഥാപനങ്ങളും വഴിയോര കച്ചവടക്കാരും പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ നിരത്തില്‍ വലിച്ചെറിയാതെ നഗരസഭാ സംവിധാനത്തില്‍ സംസ്‌കരിക്കണം. ഭക്ഷ്യാവശിഷ്ടങ്ങള്‍ എയ്‌റോബിക് സെന്ററുകളില്‍ എത്തിക്കണം. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ബി.മെഹബൂബ് അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.