വ്യാജ മിനിറ്റ്‌സ് വിവാദം: സമാന്തര കൗണ്‍സില്‍ ചേര്‍ന്ന് പ്രതിഷേധം

Monday 22 May 2017 10:08 pm IST

തൃശൂര്‍: കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ അജണ്ടകള്‍ പാസാക്കിയെന്ന വ്യാജ മിനിറ്റ്‌സ് എഴുതി തയ്യാറാക്കിയ ഭരണസമിതിയുടെ നടപടി റദ്ദ് ചെയ്യണമെന്നും ഇത് വോട്ടിങ്ങിനിടണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിരക്കിട്ട് യോഗം അവസാനിപ്പിച്ച ഭരണ സമിതിയുടെ നിലപാടിനെതിരെ യുഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് സമാന്തര കൗണ്‍സില്‍ യോഗം നടത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് രാത്രിയും പിരിഞ്ഞ് പോകാതെ അവര്‍ കുത്തിയിരുന്നു.ഇന്ന് നിയമസഭയില്‍ എംഎല്‍എമാരായ ഒ.രാജഗോപാലും അനില്‍ അക്കരയും വിഷയം അവതരിപ്പിക്കും.തീരുമാനമുണ്ടായില്ലെങ്കില്‍ രാവിലെ പത്ത് മുതല്‍ മേയറെ ഘരാവോ ചെയ്യാനാണ് തീരുമാനം. ഭരണ സമിതിയുടെ നിയമലംഘനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സമാന്തര കൗണ്‍സിലില്‍ തീരുമാനിച്ചു. ഏപ്രില്‍ 7ന് ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. റിലയന്‍സിനെതിരായുള്ള മൊത്തം ഫയലുകള്‍ വിജിലന്‍സ് അന്വേഷണത്തിന് വിടണമെന്ന തീരുമാനത്തിന് വിപരീതമായി യുഡിഎഫ് ഭരണകാലത്തെ ഫയലുകള്‍ മാത്രം വിജിലന്‍സിന് വിടാന്‍ തീരുമാനമെടുത്തിരുന്നു. 75 ജീവനക്കാരെ വൈദ്യുതി വിഭാഗം താല്‍ക്കാലിക ജീവനക്കാരായി നിയമിക്കാന്‍ അംഗീകാരം നല്‍കി. സൗത്ത് ഇന്ത്യന്‍ ബാങ്കിനെ സഹായിക്കാന്‍ തീരുമാനിച്ചതായുള്ള വ്യാജ രേഖകള്‍ ചമച്ച് മിനിട്ട്‌സില്‍ രേഖപ്പെടുത്തിയെന്നും യുഡിഎഫിന്റെ ആരോപിക്കുന്നു. വിവാദ കൗണ്‍സില്‍ യോഗം മാലിന്യ വിഷയത്തെച്ചൊല്ലി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹിഷ്‌ക്കരിച്ചിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ അജണ്ടകള്‍ കൂടാതെ അധ്യക്ഷന്‍ അനുവദിക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നും, അന്നുണ്ടായിരുന്ന ബിജെപി അംഗങ്ങള്‍ ഈ ചര്‍ച്ച കേട്ടതാണെന്നും മേയര്‍ അജിതാ ജയരാജന്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ യോഗത്തില്‍ ഉണ്ടായിരുന്നുവെന്നും ഈ അജണ്ടകള്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തിരുന്നില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. കൗണ്‍സില്‍ ചര്‍ച്ച ചെയ്യാതെ അജണ്ട പാസാക്കി വ്യാജ രേഖ ചമച്ച കോര്‍പ്പറേഷന്‍ ഭരണസമിതിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടെന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.