ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറക്കും; ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സ് ഉദാരമാക്കും

Monday 22 May 2017 10:18 pm IST

കോട്ടയം: അടുത്ത മാസം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മദ്യനയം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കുമെന്ന ഉറപ്പാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ കൊടുത്തിരിക്കുന്നത്. കൂടാതെ ടൂറിസം കേന്ദ്രങ്ങളില്‍ ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സ് ഉദാരമായി നല്‍കാനും പദ്ധതിയിടുന്നുണ്ട്്. ഫോര്‍ സ്റ്റാറുകള്‍ക്ക് മാത്രമായി ലൈസന്‍സ് പരിമിതപ്പെടുത്തുന്നതോടെ പുതിയ മദ്യനയം പ്രഖ്യാപിക്കുമ്പോഴുണ്ടാകുന്ന ജനകീയ എതിര്‍പ്പ് കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ത്രീസ്റ്റാറുകള്‍ക്ക് ലൈസന്‍സ് ലഭിക്കാനുള്ള സാധ്യത കുറഞ്ഞതോടെ പല ഹോട്ടലുകളും മാസങ്ങള്‍ക്ക് മുമ്പേ ഫോര്‍ സ്റ്റാറാക്കാനുള്ള നീക്കം തുടങ്ങിയിരുന്നു. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ ലക്ഷങ്ങള്‍ മുടക്കിയാണ് ഫോര്‍ സ്റ്റാര്‍ സൗകര്യങ്ങള്‍ ഒരുക്കിയത്. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ ടൂറിസം മേഖലയില്‍ അനുവദിക്കുന്നതും ഉണ്ടാകുന്ന ജനകീയ എതിര്‍പ്പ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ്. മുന്‍ സര്‍ക്കാരിന്റെ മദ്യനയത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ബാധിച്ചത് ടൂറിസം മേഖലയിലാണെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. ഇതിന്റെ പ്രത്യാഘാതം പഠിക്കാന്‍ സര്‍ക്കാര്‍ ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നു. ടൂര്‍ ഓപ്പറേറ്റേഴ്‌സ്, ഹൗസ് ബോട്ട് ഉടമകള്‍, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങിയവരുടെ ഭാഗത്ത് നിന്ന് മദ്യ നയത്തില്‍ മാറ്റം വരുത്താന്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നു. മദ്യലഭ്യത കുറഞ്ഞത് സമ്മേളനങ്ങളെയും ബിസിനസ് മീറ്റുകളെയും ബാധിച്ചെന്നാണ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയില്‍ വളര്‍ച്ച നിരക്കില്‍ ഉണ്ടായ കുറവിനും സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത് മദ്യനയത്തെയാണ്. അതേസമയം സര്‍ക്കാര്‍ കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മുന്‍വര്‍ഷം സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചെന്നാണ് മദ്യവിരുദ്ധസംഘടനകള്‍ പറയുന്നത്. ടൂറിസം വ്യവസായത്തിന്റെ മറവില്‍ മദ്യമൊഴുക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് ഇവരുടെ ആക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.