ശില്പശാലക്കെത്തിയത് മൂന്നിലൊന്ന് കൗണ്‍സിലര്‍മാര്‍ മാത്രം

Monday 22 May 2017 10:50 pm IST

കോഴിക്കോട്: മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കാന്‍ കോര്‍പ്പറേഷന്‍ വിളിച്ചു ചേര്‍ത്ത ശില്പശാലയില്‍ പങ്കെടുത്തത് മൂന്നിലൊന്ന് കൗണ്‍സിലര്‍മാര്‍ മാത്രം. 75 ഡിവിഷനുകളില്‍ നിന്നായി പങ്കെടുത്തത് 25ല്‍ താഴെ കൗണ്‍സിലര്‍മാരാണ്. പങ്കെടുത്ത സ്ഥിരം സമിതി ചെയര്‍മാന്‍മാരുടെ എണ്ണവും പകുതിയില്‍ താഴെയായിരുന്നു. റസിഡന്‍സ് അസോസിയേഷനുകളുടെ പ്രാതിനിധ്യവും നന്നെ കുറവായിരുന്നു. 80 റസിഡന്‍സ് അസോസിയേഷനുകളുടെ പ്രതിനിധികള്‍ മാത്രമാണ് എത്തിയത്. മഴയെത്തും മുമ്പേ ശുചീകരണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ചര്‍ച്ചചെയ്യുകയും വിവിധ രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവുമായിരുന്നു ശില്പശാല ലക്ഷ്യം വെച്ചിരുന്നത്. ജില്ലയില്‍ വിവിധ തരം പനിയും ജലജന്യരോഗങ്ങളും പടരുന്ന സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍ ശില്പശാല വിളിച്ചു ചേര്‍ത്തത്. സ്വച്ഛ് ഭാരത് മിഷന്‍ (അര്‍ബന്‍), നഗരസഭ ഹെല്‍ത്ത് വിഭാഗം എന്നിവര്‍ സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്. ടാഗോര്‍ സെന്റിനറി ഹാളില്‍ 9.30ന് ആരംഭിക്കുമെന്നറിയിച്ച ശില്പശാല ആരംഭിച്ചത് പത്തു മണിയ്ക്ക് ഡോ.ടി.പി. മെഹ്‌റൂഫ് രാജിന്റെ ക്ലാസ്സോട് കൂടിയാണ്. നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് അപ്പോള്‍ ഉണ്ടായിരുന്നത്. കാഴ്ചക്കാരില്ലാതെ പ്രസന്റേഷന്‍ നടത്തേണ്ട അവസ്ഥയാണെന്നും ഗഹനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആളുകളെ കിട്ടാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പത്തേമുപ്പതോടെ ഉദ്ഘാടനചടങ്ങ് നടന്നു. ഉദ്ഘാടന പ്രസംഗം നടത്തിയ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും പ്രാതിനിധ്യം കുറഞ്ഞത് എടുത്തു പറഞ്ഞു. കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.പി. വേലായുധന്‍, സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബണ്‍ നോഡല്‍ ഓഫീസര്‍ എം.സി. റംസി ഇസ്മായില്‍, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ശുചീകരണ തൊഴിലാളികളെയും കുടുംബശ്രീ ഖരമാലിന്യ തൊഴിലാളികളെയും ആദരിച്ചു. കെ. വാസു, ഇ. പീതാംബരന്‍, സി. ലക്ഷ്മി, ആബിദ സക്കീര്‍, വിമല എന്നിവരെയാണ് ആദരിച്ചത്. വിവിധ വിഷയങ്ങളില്‍ ഡോ. ടി.പി. മെഹറൂഫ് രാജ്, ഡോ. ടി. ജയകൃഷ്ണന്‍, ഡോ. ആര്‍.എസ്. ഗോപകുമാര്‍, ജോഷി വര്‍ഗീസ് എന്നിവര്‍ ക്ലാസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.