ജിഷ കേസില്‍ സിബിഐ അന്വേഷണം വേണം: കെ.പി. ശശികല

Monday 22 May 2017 11:47 pm IST

പെരുമ്പാവൂര്‍: കനാല്‍ പുറമ്പോക്കില്‍ കൊല്ലപ്പെട്ട ജിഷയുടെ യഥാര്‍ത്ഥ ഘാതകരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ആവശ്യപ്പെട്ടു. ഹിന്ദു അവകാശ സംരക്ഷണയാത്രയ്ക്ക് പെരുമ്പാവൂര്‍ സുഭാഷ് മൈതാനിയില്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. പ്രതി ധരിച്ച ചെരുപ്പ്, വിടവുള്ള പല്ല്, അന്വേഷണ ഉദ്യോഗസ്ഥന്‍ പുറത്തുവിട്ട രേഖാചിത്രം ഇതിനോടൊന്നും യാതൊരുബന്ധവുമില്ലാത്ത പുതിയ പ്രതിയെ കണ്ടെത്തി കേസ് അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിച്ചത്. കേരളത്തിലെ റവന്യൂ ഭൂമി, വനം ഭൂമി, സ്വകാര്യ ഭൂമി എന്നിവ കാണിക്കുന്ന ധവളപത്രമിറക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എത്ര സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറിയിട്ടുണ്ടെന്നും വ്യക്തമാക്കണം. രണ്ടാം ഭൂപരിഷ്‌കരണ നിയമം നടപ്പില്‍ വരുത്തിക്കാനുള്ള അന്ത്യശാസനം നല്‍കലാണ് അവകാശ സംരക്ഷണ യാത്രയെന്നും ശശികല വ്യക്തമാക്കി. സ്വീകരണത്തിന് മുന്നോടിയായി നടന്ന പൊതുസമ്മേളനം കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷനായി. അന്തരിച്ച ജില്ല രക്ഷാധികാരി വി.ജി. ശശികുമാറിനെ അനുസ്മരിച്ചു. പെരുമ്പാവൂരിലെ വിശിഷ്ട വ്യക്തിത്വങ്ങളെ അനുമോദിച്ചു. തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ നടന്ന സ്വീകരണ യോഗത്തില്‍ ഗൗഡ സരസ്വത ബ്രാഹ്മണ ക്ഷേമ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് രംഗദാസ പ്രഭു, അഖിലകേരള പണ്ഡിതര്‍ മഹാസഭ സംസ്ഥാന ട്രഷറര്‍ സാവിത്രി ശിവശങ്കരന്‍, വെള്ളാള സഭ സംസ്ഥാന പ്രസിഡന്റ് വേണു.കെ.ജി. പിള്ള, കേരളം ബ്രാഹ്മണ സമൂഹം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എന്‍. സുരേഷ്, അഖില കേരളവേലന്‍സഭ സംസ്ഥാന പ്രസിഡന്റ് സുഗുണന്‍, കേരള കുടുംബി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുധീര്‍, കേരള ധീവര മഹാ സംസ്ഥാന വൈസ് പ്രസിഡന്റ് വാമലോചനന്‍, അയ്യന്‍കാളി സാംസ്‌കാരിക സമിതി ജനറല്‍ സെക്രട്ടറി പി.കെ. ബാഹുലേയന്‍, സാമൂഹ്യനീതി കര്‍മ്മ സമിതി ജില്ലാ പ്രസിഡന്റ് ഗോപാലന്‍മാസ്റ്റര്‍, മത്സ്യപ്രവത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ദയാപരന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.