റേഷന്‍ കാര്‍ഡ് വിതരണം ജൂണ്‍ ഒന്ന് മുതല്‍

Tuesday 23 May 2017 12:11 am IST

കാക്കനാട്: കാത്തിരിപ്പിനൊടുവില്‍ ജില്ലയില്‍ റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ ഒന്ന് മുതല്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. കോതംമംഗലം താലൂക്കില്‍ റേഷന്‍ കാര്‍ഡുകളുടെ ഔദ്യോഗിക വിതരണം നിര്‍വഹിക്കാനാണ് തീരുമാനമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ എന്‍. ഹരിപ്രസാദ് അറിയിച്ചു. 25 ദിവസത്തിനകം കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റേഷന്‍ കടകളിലും പ്രത്യേകം തയ്യാറാക്കുന്ന ക്യാമ്പുകളിലുമായി റേഷന്‍ കാര്‍ഡുകള്‍ വിതരണം നടത്തും. ആറ് മാസത്തെ തീവ്ര യത്‌നത്തിനുശേഷമാണ് അച്ചടി ഉള്‍പ്പെടെ പൂര്‍ത്തിയാക്കി കാര്‍ഡുകളുടെ വിതരണം നടത്തുന്നതെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. 7,92,465 പുതിയ റേഷന്‍ കാര്‍ഡുകളാണ് അന്തിമ പട്ടിക പ്രകാരം ഗുണഭോക്താക്കളുടെ കൈകളില്‍ എത്തുക. മുന്‍ഗണന വിഭാഗത്തില്‍ മാത്രം 99,8653 ഗുണഭോക്താക്കളുണ്ട്. മുന്‍ഗണന എ.എ.വൈ. വിഭാഗത്തില്‍ 1,46,566 ഗുണഭോക്താക്കളും മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തില്‍ 1060727 ഗുണഭോക്താക്കളും മുന്‍ഗണനേതര സബ്‌സിഡി ഇല്ലാത്തവയില്‍ 9,64,880 കാര്‍ഡുകളുമാണ് ജില്ലയിലുള്ളത്. നാല് നിറങ്ങളിലുള്ള പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണത്തിനൊരുങ്ങുന്നത്. അടുത്ത മാസം കാര്‍ഡുകളുടെ വിതരണം ആരംഭിക്കുന്നതോടെ വര്‍ഷങ്ങള്‍ നീണ്ട റേഷന്‍കാര്‍ഡ് നടപടികളില്‍ നിന്ന് രക്ഷപ്പെട്ടേക്കുമെന്ന ആശ്വാസത്തിലാണ് സിവില്‍ സപ്ലൈസ് അധികൃതര്‍. റേഷന്‍ കാര്‍ഡ് അപേക്ഷാഫോമുകളില്‍ കടന്നുകൂടിയ തെറ്റുകള്‍ കാരണം നിരവധിതവണ ഗുണഭോക്താക്കള്‍ക്ക് അപേക്ഷകള്‍ പൂരിപ്പിക്കേണ്ടി വന്നിരുന്നു. ഇതു പുതിയ കാര്‍ഡിന് ഏറെ കാലതാമസമുണ്ടാക്കി. ഇതൊക്കെ കഴിഞ്ഞ് കാര്‍ഡ് പുതുക്കലിന്റെ ഭാഗമായുള്ള മുന്‍ഗണന, മുന്‍ഗണനേതര പട്ടിക പുറത്തിറക്കിയതും ഏറെ വൈകിയാണ്. തുടര്‍ന്ന് രണ്ടുമാസം മുന്‍പ് റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണനാപ്പട്ടികയെപ്പറ്റിയുള്ള പരാതികള്‍ സ്വീകരിച്ചു. അതിനുശേഷം പ്രസിദ്ധീകരിച്ച പട്ടികയിലും അര്‍ഹതയുള്ളവരില്‍ ഭൂരിഭാഗവും പുറത്തായിരുന്നു. തെറ്റുകളും പരാതികളും കാര്‍ഡ് ലഭിച്ചതിനുശേഷം വീണ്ടും പരിഗണിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. കാര്‍ഡുകളുടെ നിറങ്ങളുടെ കാര്യത്തില്‍ നിലവിലുള്ള നീല, പിങ്ക് നിറങ്ങള്‍ കൂടാതെ വെള്ള, മഞ്ഞ നിറങ്ങളില്‍ക്കൂടി പുതിയ റേഷന്‍ കാര്‍ഡുകള്‍ ഇറങ്ങും. മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണു പിങ്ക് റേഷന്‍ കാര്‍ഡ്. ഭക്ഷ്യധാന്യങ്ങള്‍ സബ്‌സിഡിയില്‍ ലഭിക്കുന്ന പൊതുവിഭാഗത്തില്‍പെട്ടവര്‍ക്കു നീല, എ.എ.വൈ. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് മഞ്ഞ. മുന്‍ഗണനേതര സബ്‌സിഡി ഇല്ലാത്തവര്‍ക്ക് വെള്ള നിറത്തിലുള്ള കാര്‍ഡുകളും ലഭിക്കും. പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ട കുടുംബങ്ങളില്‍ നിത്യരോഗികളും അവശരും ഉണ്ടെങ്കില്‍ അവര്‍ക്കു ചികിത്സാസൗകര്യം ലഭിക്കുന്നതിനു പ്രത്യേകം സീല്‍ പതിച്ച കാര്‍ഡുകളും നല്‍കും. പുതിയ റേഷന്‍കാര്‍ഡുകളുടെ പ്രിന്റിങ് പൂര്‍ത്തിയായെങ്കിലും റേഷന്‍ കാര്‍ഡിന്റെ ലാമിനേഷന്‍ പൂര്‍ത്തിയാകാത്തതാണ് കാര്‍ഡ് വിതരണത്തിന് തടസമെന്നാണ് അധികൃതര്‍ പറയുന്നത്. നിരോധിച്ച പ്ലാസ്റ്റിക്ക് ലാമിനേഷന് ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്നായിരുന്ന കുറച്ച് ദിവസം ഈ പ്രവൃത്തികള്‍ നിര്‍ത്തിവച്ചത്. നിലവില്‍ പ്രസിദ്ധീകരിച്ച മുന്‍ഗണനാപ്പട്ടിക പ്രകാരം റേഷന്‍ കാര്‍ഡുകളുടെ അച്ചടി കാക്കനാട്ടെ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് (കെ.ബി.പി.എസ്.) സൊസൈറ്റിയിലാണ് പൂര്‍ത്തിയായത്. അതിനു ശേഷമാണ് കാര്‍ഡ് ലാമിനേഷന്‍ നടപടികള്‍ക്കായി കൈമാറിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.