മുംബൈ: പ്രശസ്ത ബോളിവുഡ് നടനും നിര്‍മാതാവുമായ സൊഹൈല്‍ ഖാന്റെ കാറിടിച്ച് വൃദ്ധ മരിച്ചു. ബാന്ദ്രയിലെ സെന്റ് ആന്‍ഡ്രൂസ് പള്ളിക്ക് സമീപം വച്ച് രാത്രിയിലായിരുന്നു സംഭവം. സ്ത്രീയെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
അപകടത്തില്‍ 70 കാരിയായ സ്ത്രീയാണ് മരിച്ചത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ബാബാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപകടസമയത്ത് സൊഹൈല്‍ ഖാന് കാറിലുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഇക്കാര്യം പോലീസ് അന്വേഷിച്ച് വരികയാണ് സംഭവസമയത്ത് കാറോടിച്ചിരുന്ന ഡ്രൈവര്‍ ധനഞ്ജയിനെ പോലീസ് അറസ്റ്റ് ചെയ്തു. അശ്രദ്ധമായി കാറോടിച്ചതിനും നരഹത്യയ്ക്കും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: