മൂഡ് മാറും,​ നിറങ്ങള്‍ക്ക് അനുസൃതമായി

Wednesday 24 May 2017 2:44 pm IST

അഴകെഴും മുറികളൊരുക്കുന്നതില്‍ നിറങ്ങളുടെ പങ്ക് ചെറുതല്ല. എന്നാല്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന നിറം നിങ്ങളുടെ വ്യക്തിത്വത്തെ തന്നെ വരച്ചു കാട്ടുന്നതാണ് എന്നറിയുമ്പോഴോ? നമ്മുടെ ചിന്തകളെയും വികാരങ്ങളെയും സ്വാധീനിക്കാന്‍ നിറങ്ങള്‍ക്കു കഴിവുണ്ട്. പ്രായ- ലിംഗ ഭേദമന്യേ ഓരോരുത്തരെയും ഓരോ തരത്തിലാവാമെന്നേയുളളു. നിറങ്ങള്‍ക്കുമുണ്ട് വികാരങ്ങള്‍ മനുഷ്യരെപ്പോലെ നിറങ്ങള്‍ക്കുമുണ്ട് വികാരങ്ങള്‍. ഇളം നിറങ്ങള്‍ക്ക് മുറിയുടെ വലുപ്പം കൂട്ടിക്കാണിക്കാനും പ്രകാശമാനമാക്കിത്തീര്‍ക്കാനും സാധിക്കും. കടും നിറങ്ങള്‍ സ്വഭാവത്തിലും ചൂടന്‍ നിറങ്ങളാണ്. മുറിയുടെ താപനില കൂട്ടും ഇത്തരം നിറങ്ങള്‍. വിശാലമായ അകത്തളങ്ങള്‍ക്ക് വലിപ്പക്കുറവു തോന്നിപ്പിക്കാനും കടും നിറങ്ങള്‍ സഹായിക്കും. മൂഡുമാറ്റും നിറങ്ങള്‍ ചുവപ്പ്- മനസ്സിന് ഊര്‍ജസ്വലത നല്‍കാന്‍ കഴിയുന്ന നിറമാണിത്. ശരീരത്തിന് ഉണര്‍വേകുന്ന അഡ്രിനാലിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കൂട്ടാന്‍ ചുവപ്പിനു കഴിവുണ്ട്. വീട്ടിലെ അംഗങ്ങള്‍ ഒത്തുകൂടുന്ന ഇടങ്ങളായ സ്വീകരണമുറി, ഊണുമുറി എന്നിവിടങ്ങള്‍ക്കു പറ്റിയ നിറം. എന്നാല്‍ ചുവപ്പിന്റെ അതിപ്രസരം മനസ്സിനെ സങ്കീര്‍ണ്ണമാക്കും. കൃത്യമായി അത്യാവശ്യ ഭാഗങ്ങളില്‍ മാത്രമായൊതുക്കിയാല്‍ ചുവപ്പ് മനസ്സിനെ ഉത്തേജിപ്പിക്കും, പ്രോത്സാഹിപ്പിക്കും. മഞ്ഞ- പ്രസരിപ്പു പകരുന്ന മഞ്ഞയും മനസ്സിനെ അലോസരപ്പെടുത്തുന്ന മഞ്ഞയുമുണ്ട്. അടുക്കളയ്ക്കും കുട്ടികളുടെ മുറികള്‍ക്കും മോടി കൂട്ടുവാന്‍ മഞ്ഞ നല്ലതാണ്. നീല- ശാന്തതയെയും വിശാലതയെയും സൂചിപ്പിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് എന്നിവ കുറയ്ക്കാനുളള കഴിവുണ്ട് നീലയ്ക്ക്. കിടപ്പു മുറിയ്ക്കുത്തമമായ നിറമാണിത്. ഇളം നീല ഷേഡുകള്‍ ഉപയോഗിക്കുന്നത് കാമിംഗ് ഇഫക്ട് കൂട്ടാന്‍ സഹായിക്കും. എന്നാല്‍ കടും നീല ശോകഭാവത്തെയാണ് ഉദ്ദീപിപ്പിക്കുക. പച്ച- കണ്ണിന് ഏറ്റവും സുഖപ്രദമായ വര്‍ണ്ണം. മാനസിക സമ്മര്‍ദ്ദങ്ങളെയകറ്റി മനസ്സിന് ശാന്തത പകരാന്‍ കഴിയും പച്ചയ്ക്ക്. വീട്ടിലെവിടെയും അനുയോജ്യമാണ് പച്ച നിറം. പര്‍പ്പിള്‍- രാജകീയതയും പ്രൗഢിയും നല്‍കുന്ന പര്‍പ്പിള്‍ ക്രിയാത്മകതയെയും ഉണര്‍ത്തുന്നു. കുട്ടികളുടെ മുറി, സ്വീകരണമുറി, ബെഡ് റൂം ഇവിടെയൊക്കെ നന്നായിണങ്ങും ഈ നിറം. എന്നാല്‍ ഇളം ഷേഡുകളായ ലാവണ്ടര്‍, ലിയാക് എന്നിവയാണ് കൂടുതല്‍ സ്വീകാര്യം. നീലയുടെ ശാന്തഭാവം ഇവയ്ക്കുമുണ്ട്് ഓറഞ്ച്- മനസ്സിന് ഉന്മേഷം നിറയ്ക്കാന്‍ കഴിയും ഓറഞ്ച് നിറത്തിന്. ശരീരത്തിന്റെ ഊര്‍ജം വര്‍ദ്ധിപ്പിക്കാനും കഴിവുണ്ട്. അതുകൊണ്ട് നിങ്ങളുടെ വ്യായാമ മുറിക്ക് ഉത്തമമായിരിക്കും. ന്യൂട്രല്‍ നിറങ്ങള്‍- കറുപ്പ്, വെളള, ഗ്രേ, ബ്രൗണ്‍ അടിസ്ഥാന നിറങ്ങളെന്നറിയപ്പെടുന്ന ഇവയെ മറ്റു നിറങ്ങളോടൊപ്പം ഉപയോഗിക്കാം. കടും നിറങ്ങളെ ന്യൂട്രല്‍ നിറങ്ങള്‍ ഉപയോഗിച്ച് ബാലന്‍സ് ചെയ്യാന്‍ സാധിക്കും. ഏതു നിറമായാലും ലൈറ്റ് ഷേഡുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇരുണ്ട ഷേഡുകള്‍ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക. ഒരു ഇന്റീരിയര്‍ ഡിസൈനറുടെ സേവനം തേടുന്നത് കൂടുതല്‍ നന്നായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.