അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം കണ്ടെത്തി; ദുരൂഹത തുടരുന്നു

Tuesday 23 May 2017 11:00 pm IST

അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്ന് കാണാതായ തിരുവാഭരണത്തിലെ മാലയും പതക്കവും തിരിച്ചുകിട്ടിയപ്പോള്‍

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണാതായ തിരുവാഭരണത്തിലെ അമൂല്യ രത്‌നങ്ങള്‍ പതിച്ച പതക്കം പത്രക്കടലാസില്‍ പൊതിഞ്ഞ നിലയില്‍ കാണിക്കവഞ്ചികളില്‍ കണ്ടെത്തി. പതക്കം കാണാതായ ശേഷം രണ്ടു തവണ വഞ്ചികള്‍ തുറന്ന് പരിശോധന നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നലെ വഞ്ചികളില്‍ നിന്ന് ഇവ കണ്ടെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

രണ്ടു കാണിക്കവഞ്ചികളിലായാണ് മാലയും പതക്കവും കണ്ടെത്തിയത്. ക്ഷേത്രത്തിനുള്ളിലെ ഗുരുവായൂരപ്പന്‍ നടയ്ക്കുമുന്നിലെ കാണിക്കവഞ്ചിയില്‍ നിന്ന് മാലയും ഗണപതി ക്ഷേത്രത്തിനു മുന്നിലെ കാണിക്കവഞ്ചിയില്‍ നിന്ന് ഒടിച്ചു മടക്കിയ നിലയില്‍ പതക്കവും കണ്ടെത്തുകയായിരുന്നു. പതക്കത്തിലെ നവരത്‌ന കല്ലുകള്‍ തീയില്‍ വച്ച് ഉരുക്കാന്‍ ശ്രമം നടന്നിട്ടുണ്ട്.

തിരുവാഭരണം കണ്ടെത്തുന്നതിനായി ഏതാനും ദിവസം മുമ്പ് ക്ഷേത്രത്തിലെ പായസക്കിണര്‍, ഗുരുവായൂരപ്പന്‍ നടയിലെ കിണര്‍, തന്ത്രി മാളികയ്ക്കു സമീപത്തെ കിണര്‍ എന്നിവ വറ്റിച്ചു പരിശോധന നടത്തിയിരുന്നു. ഇന്നലെ മേല്‍ശാന്തിമാര്‍ കുളിക്കുന്ന കുളം വറ്റിക്കുന്നതിനിടെയാണ് കാണിക്കവഞ്ചിയില്‍ നിന്ന് പതക്കവും മാലയും കണ്ടെത്തിയത്.

ഈ മാസം 12നാണ് അവസാനമായി കാണിക്കവഞ്ചി തുറന്ന് പരിശോധിച്ചത്. പ്രതി പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ തിരുവാഭരണം വഞ്ചികളില്‍ ഉപേക്ഷിച്ചതാകാമെന്ന് അന്വേഷണ ചുമതലയുള്ളഅമ്പലപ്പുഴ സിഐ ബിജു വി. നായര്‍ പറഞ്ഞു. വിലമതിക്കാനാകാത്ത ചുവപ്പ്, പച്ച നിറങ്ങളിലുള്ള എഴുപതോളം രത്‌നക്കല്ലുകളാണ് പതക്കത്തിലുണ്ടായിരുന്നത്. അവയുടെ എണ്ണം ഉദ്യോഗസ്ഥര്‍ എണ്ണി തിട്ടപ്പെടുത്തി. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പതക്കം കണ്ടെത്തിയ കാണിക്കവഞ്ചിക്കു സമീപം ക്യാമറ സ്ഥാപിച്ചിട്ടില്ല. ഇക്കാര്യം വ്യക്തമായി അറിയാവുന്നവരാകാം ഇതിനു പിന്നിലെന്നാണ് സംശയമുയര്‍ന്നിട്ടുള്ളത്.

കഴിഞ്ഞ വിഷു ദിനത്തില്‍ പതക്കം ഭഗവാന് ചാര്‍ത്താതിരുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട മുന്‍ ക്ഷേത്രോപദേശക സമിതി സെക്രട്ടറി ഡി. സുഭാഷ് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്കും അമ്പലപ്പുഴ പോലീസിനും പരാതി നല്‍കുകയായിരുന്നു. നിലവില്‍ ക്രൈംബ്രാഞ്ചും ദേവസ്വം വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്.

ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ജയശ്രീ, തിരുവാഭരണ കമ്മീഷണര്‍ പാര്‍വ്വതി, വിജിലന്‍സ് ഓഫീസര്‍ ടി.പി. ശ്രീകുമാര്‍, അമ്പലപ്പുഴ സിഐ, എസ്‌ഐ പ്രതീഷ്‌കുമാര്‍ എന്നിവര്‍ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.