കണ്ണൂര്‍ കോര്‍പ്പറേഷന്‍: വികസന സെമിനാര്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു ഭരണം നിയന്ത്രിക്കുന്നത് സിപിഎം നേതാക്കള്‍ മേയര്‍ നോക്കുകുത്തിയെന്ന് ആരോപണം

Tuesday 23 May 2017 5:16 pm IST

കണ്ണൂര്‍: കോര്‍പ്പറേഷന്‍ ഭരണം നിയന്ത്രിക്കുന്നത് സിപിഎം നേതാക്കളാണെന്ന ആരോപണം ശക്തമാകുന്നു. മേയര്‍ വെറും നോക്കുകുത്തിയായി മാറുകയാണെന്നും പരാതി. കോര്‍പ്പറേഷന്റെ ഭരണപരമായ കാര്യങ്ങളിലെല്ലാം പാര്‍ട്ടി ജില്ലാ നേതൃത്വമടക്കം ഇടപെടുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഭരണപരമായ നയങ്ങള്‍ പോലും തീരുമാനിക്കുന്നത് പാര്‍ട്ടിയും പാര്‍ട്ടിനോമിനികളായി കൗണ്‍സിലര്‍മാരായ ചില സിപിഎം നേതാക്കളുമാണെന്ന് എല്‍ഡിഎഫിലെ ഘടകകക്ഷികളുടെ കൗണ്‍സിലര്‍മാര്‍ത്തന്നെ രഹസ്യമായി പറയുന്നു. ഒരു കാര്യത്തിലും വ്യക്തമായ അഭിപ്രായങ്ങളോ തീരുമാനങ്ങളോ മേയര്‍ എന്ന നിലയില്‍ ഉണ്ടാകുന്നില്ലെന്നും ഡെപ്യൂട്ടി മേയര്‍ അടക്കം മേയറോട് പോലും ചര്‍ച്ച ചെയ്യാതെ കാര്യങ്ങള്‍ ഏകപക്ഷീയമായി തീരുമാനിക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. മാധ്യമ പ്രവര്‍ത്തകരുടെ അന്വേഷണങ്ങള്‍ക്ക് പോലും കൃത്യമായി ഉത്തരം നല്‍കാനോ പലപ്പോഴും പ്രതികരിക്കാനോ മേയര്‍ തയ്യാറാവുന്നില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ നടക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ മേയറുടെ നേതൃത്വത്തില്‍ സിപിഎം അട്ടിമറിക്കുകയാണെന്നും ഒരു കാര്യത്തിലും പ്രതിപക്ഷത്തെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നലെ നടന്ന കോര്‍പ്പറേഷന്റെ 2016-17 കാലഘട്ടത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനുളള സെമിനാര്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹിഷ്‌ക്കരിച്ചു. ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തി ആനകൂല്യങ്ങള്‍ നല്‍കുന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച് പക്ഷഭേദം കാണിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷ അംഗങ്ങള്‍ ജയിച്ചു വന്ന വാര്‍ഡുകളെ കോര്‍പ്പറേഷന്‍ ഭരണ സമിതി അവഗണിക്കുകയാണെന്ന ആരോപണം അതത് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നിന്നു തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇന്നലെ നടത്തിയ സെമിനാര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ രേഖയുടേയും ഉത്തരവിന്റെയും ലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് ധൃതിപിടിച്ച് കൂടിയാലോചനകള്‍ ഇല്ലാതെ നടത്തുന്ന സെമിനാര്‍ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുളള നീക്കത്തിന്റെ ഭാഗമാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഏകാധിപത്യ ശൈലിയിലും ജനാധിപത്യ വിരുദ്ധവുമായാണ് മേയര്‍ പെരുമാറുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. കഴിഞ്ഞ 50 വര്‍ഷക്കാലത്തിലധികം നഗരസഭയായിരുന്ന കണ്ണൂരിനെ ഭരിച്ച അഴിമതിയും കെടുകാര്യസ്ഥയും നിറഞ്ഞ യുഡിഎഫി ഭരണത്തിനെതിരെ ജനം വോട്ട് ചെയ്ത് വിജയിപ്പിച്ച് കോണ്‍ഗ്രസില്‍ നിന്നും കാലുമാറിയെത്തിയ വിമതന്റെ പിന്‍ബലത്തില്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് ഭരണ സമിതിയില്‍ പ്രതീക്ഷയര്‍പ്പിച്ച ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് പുതിയ ഭരണ സമിതിയില്‍ നിന്നും ലഭിച്ചിരിക്കുന്നത്. കടുത്ത സ്വജനപക്ഷപാതവും രാഷ്ട്രീയ അന്ധതയും കൈമുതലാക്കി പുതിയ പദ്ധതികളോ വികസന പരിപാടികളോ ഇല്ലാതെ മുന്നോട്ടു പോകുന്ന കോര്‍പ്പറേഷന്‍ ഭരണ സമിതിയ്‌ക്കെതിരെ പൊതു സമൂഹത്തില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മസ്‌ക്കോട്ട് ഓഡിറ്റോറിയത്തില്‍ ഇന്നലെ നടന്ന സെമിനാര്‍ പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു. വെളേളാറ രാജന്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.