ബിജു വധം: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തമാകുന്നു

Tuesday 23 May 2017 6:09 pm IST

കണ്ണൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് കക്കംപാറയിലെ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതൃത്വത്തിനുള്ള പങ്ക് കൂടുതല്‍ വ്യക്തമാകുന്നു. കൊലപാതകവുമായി സിപിഎമ്മിന് യാതൊരു പങ്കുമില്ലെന്നായിരുന്നു പാര്‍ട്ടി നേതാക്കള്‍ സംഭവത്തിന് ശേഷം വ്യക്തമാക്കിയത്. സംഭവം നടന്നതിന് ശേഷം ജില്ലയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നുമായിരുന്നു. എന്നാല്‍ കോടിയേരിയുടെ പ്രസ്ഥാവന കളവായിരുന്നുവെന്നാണ് കേസുമായി ബന്ധപ്പെട്ട പ്രതികളുടെ അറസ്റ്റ് വ്യക്തമാക്കുന്നത്. കൊലപാതകം നടത്തിയ ശേഷം നുണപ്രചാരണവുമായി രംഗത്തുവരികയെന്നതാണ് സിപിഎം നേതൃത്വത്തിന്റെ പതിവ് ശൈലി. കണ്ണൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന സമയത്ത് തലശ്ശേരി അണ്ടല്ലൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം സിപിഎം നേതൃത്വം പറഞ്ഞത് തങ്ങള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ്. സിപിഎം ജില്ലാ സെക്രട്ടറി ജയരാജന്‍ പറഞ്ഞത് സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ്. എന്നാല്‍ കൊലനടന്ന് രണ്ടു ദിവസത്തിനുള്ളില്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ പോലീസ് പിടിയിലായതോടെ സിപിഎം നേതൃത്വത്തിന്റെ നുണപ്രചാരണം പൊളിയുകയായിരുന്നു. രാഷ്ട്രീയ വിരോധം കാരണമാണ് കൊല നടത്തിയതെന്ന് പ്രതികള്‍ പോലീസിന് മൊഴിനല്‍കിയിരുന്നു. ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ അഞ്ചുപേര്‍ അറസ്റ്റിലായിക്കഴിഞ്ഞു. പ്രതികളില്‍ എല്ലാവരും പ്രദേശത്തെ സജീവ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. ഇന്നലെ അറസ്റ്റിലായ ടി.പി.അനൂപ് പാര്‍ട്ടിയുടെ കുന്നരു ലോക്കല്‍ കമ്മറ്റിയംഗവും ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മറ്റി ട്രഷററുമാണ്. നേരത്തെയും ഇയാള്‍ പാര്‍ട്ടിയുടെ വ്യത്യസ്ത ചുമതലകള്‍ വഹിച്ചിരുന്നു. പ്രദേശത്ത് നടന്ന നിരവധി അക്രമസംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സി.എം.വിനോദ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത് അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ബിജുവിനെ കൊലപ്പെടുത്തിയ ശേഷം സിപിഎം പാര്‍ട്ടി കേന്ദ്രങ്ങളിലാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത്. അറസ്റ്റിലായാല്‍ പോലീസിന് നല്‍കേണ്ട മൊഴി സിപിഎം സന്തത സഹചാരിയായ ഒരു അഭിഭാഷകന്‍ പ്രതികളെ പറഞ്ഞ് പഠിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിനോട് പ്രതികള്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയത്. പ്രതികളിലൊരാള്‍ മംഗലാപുരം വഴ വിദേശത്തേക്ക് കടന്നത് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെയാണ്. സിപിഎം ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ബിജുവിന്റെ കൊലപാതകമെന്ന് വ്യക്തമായിട്ടുണ്ട്. ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന് പിന്നില്‍ ഗൂഡാലോചന നടത്തിയ നേതാക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. സാധരണയായി മതതീവ്രവാദികള്‍ ചെയ്യുന്നതുപോലെ കഴുത്തറുത്താണ് ബിജുവിനെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തുന്നതിന് ഇവര്‍ക്ക് കൃത്യമായ പരിശീലനം തന്നെ ലഭിച്ചിട്ടുണെന്നാണ് കൊല നടപ്പാക്കിയ രീതി വ്യക്തമാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.