ഒരു മാസം മുമ്പ് കാണാതായ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി

Tuesday 23 May 2017 11:04 pm IST

ചാവക്കാട്: ഒരു മാസം മുന്‍പ് ഉത്തരാഖണ്ഡില്‍ കാണാതായ ചാവക്കാട് സ്വദേശിയായ യോഗ അദ്ധ്യാപകന്റെ മൃതദേഹം കണ്ടെത്തി. മണത്തല അയിനിപ്പുള്ളി കാറ്റുകുറുങ്ങല്‍ ഗിരീഷിന്റെ മകന്‍ വിശ്വാസിന്റെ (28) മൃതദേഹമാണ് ഗംഗാതീരത്ത് കണ്ടെത്തിയത്. കഴിഞ്ഞമാസം 20ന് ഗംഗാനദിയില്‍ കുളിക്കാന്‍ പോയ വിശ്വാസ് തിരിച്ചെത്തിയില്ല. നാലുമാസം മുമ്പ് തീര്‍ഥാടനത്തിന് പോയതാണ്. തുടര്‍ന്ന് ഉത്തരാഖണ്ഡിലെ റിസോര്‍ട്ടില്‍ യോഗ അധ്യാപകനായി ജോലിക്കു കയറി. ശിവപരിവാര്‍ റിസോര്‍ട്ടില്‍ ചേര്‍ന്ന വിശ്വാസ് ഏപ്രില്‍ 26ന് ഉച്ചക്ക് ഗംഗയില്‍ കുളിക്കാന്‍ പോയി. പിന്നീട് തിരിച്ചുവന്നില്ലെന്ന് റിസോര്‍ട്ട് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അച്ഛനും ബന്ധുക്കളും ഉത്തരാഖണ്ഡില്‍ പോയിരുന്നു. റിസോര്‍ട്ട് അധികൃതരുടെ നേതൃത്വത്തിലും പിന്നീട് പോലീസിന്റെ നേതൃത്വത്തിലും തെരച്ചില്‍ നടത്തി. പോലീസിന്റെ സ്‌പെഷല്‍ റെസ്‌ക്യു ടീമും തെരച്ചില്‍ നടത്തി. ആത്മീയതയില്‍ താല്‍പര്യമുള്ള വിശ്വാസ് സന്ന്യാസിമാരുടെ കൂടെ മലകയറിയിരിക്കും എന്നാണ് കരുതിയിരുന്നത്. കഴിഞ്ഞദിവസം ഗംഗാതീരത്ത് രണ്ട് മൃതദേഹങ്ങള്‍ കരയ്ക്കടിഞ്ഞിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വിധമായ മൃതദേഹങ്ങളില്‍ ഒന്ന് ചാവക്കാട് സ്വദേശിയുടേതാണെന്ന് സംശയം തോന്നിയ അധികൃതര്‍ വിവരം വീട്ടുകാരെ അറിയിച്ചു. ഉത്തരാഖണ്ഡില്‍ എത്തിയ ബന്ധുക്കള്‍ വിശ്വാസിന്റെ കയ്യിലെ പച്ചകുത്തിയത് കണ്ടാണ് തിരിച്ചറിഞ്ഞത്. ഉത്തരകാശിയില്‍ തന്നെ സംസ്‌കാരം നടത്തി. അമ്മ ഭാരതി. സഹോദരന്‍ വിഷ്ണു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.