റേഷന്‍ കാര്‍ഡില്‍ 4,076 അനര്‍ഹര്‍

Wednesday 24 May 2017 12:33 am IST

കാക്കനാട്: റേഷന്‍ കാര്‍ഡില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ദരിദ്ര വിഭാഗത്തിന്റെ മുന്‍ഗണന പട്ടികയില്‍ കയറി കൂടിയത് 4076 പേര്‍. കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെ ആനുകൂല്യം ലക്ഷ്യമിട്ടാണ് സാമ്പത്തികമായി ഉന്നതിയിലുള്ളവര്‍ ദരിദ്ര വിഭാഗത്തിന്റെ മുന്‍ഗണന വിഭാഗത്തില്‍ കയറി കൂടിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേനയും ജില്ല കളക്ടര്‍ക്ക് ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തില്‍ പരിശോധന നടത്തിയാണ് ജില്ലയിലെ വ്യാജന്മാരെ കണ്ടെത്തിയതെന്ന് ജില്ല സപ്ലൈ ഓഫിസര്‍ എന്‍. ഹരിപ്രസാദ് പറഞ്ഞു. ബിപിഎല്‍, എഎവൈ റേഷന്‍ കാര്‍ഡുകളിലാണ് മുന്‍ഗണനേതര സബ്‌സിഡി ഇല്ലാത്തവര്‍ കടന്നുകൂടിയത്. അനര്‍ഹര്‍ കന്നുകൂടിയതായി പരാതി വ്യപകമായി ഉയര്‍ന്നതിനെ തുടര്‍ന്ന് സപ്ലൈ ഓഫിസര്‍ നേരിട്ട് പരിശോധന നടത്തി വ്യാജ വിവരം നല്‍കിയവരെ കണ്ടെത്തിയിരുന്നു. പുതിയ റേഷന്‍ കാര്‍ഡ് വിതരണത്തില്‍ മുന്‍ഗണന വിഭാഗത്തില്‍ കടന്നു കൂടിയവര്‍ക്ക് എ.പി.എല്‍ കാര്‍ഡുകളാക്കി വിതരണം നടത്താണ് തീരുമാനം. തെറ്റവിവരം നല്‍കിയവര്‍ക്കെതിരെ തല്‍കാലം നടപടി വേണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് സാധാരണ കാര്‍ഡുകള്‍ നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അനര്‍ഹരെ ഒഴിവാക്കി പ്രമേയം പാസാക്കി ലിസ്റ്റ് നല്‍കാന്‍ ജില്ല സപ്ലൈ ഓഫിസര്‍ തദ്ദേശഭരണ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ജില്ലയിലെ ഏതാനും സെക്രട്ടറിമാര്‍ മാത്രമാണ് പട്ടിക നല്‍കിയത്. കൊച്ചി കോര്‍പ്പറേഷനും എതാനും തദ്ദേശ ഭരണ സ്ഥാപനങ്ങളും മാത്രമാണ് റേഷന്‍ കാര്‍ഡില്‍ കന്നുകൂടിയ അനര്‍ഹരെ ഒഴിവാക്കി പട്ടികനല്‍കിയത്. പട്ടികസമര്‍പ്പിക്കാനുള്ള സമയം പല പ്രാവശ്യം നീട്ടി നല്‍കിയെങ്കിലും അനര്‍ഹരെ ഒഴിവാക്കിയുളള പട്ടിക സിവില്‍ സപ്ലൈസിന് ലഭിച്ചില്ല. അതത് തദ്ദേശഭരണ പരിധിയില്‍ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കിയുള്ള പട്ടിക അംഗീകരിച്ചതായി പ്രമേയം പാസാക്കി അയക്കാനായിരുന്നു നിര്‍ദേശം. യഥാസമയം പട്ടിക കിട്ടാതെ റേഷന്‍ കാര്‍ഡ് അന്തിമ പട്ടിക വൈകിയത് മൂലം ഗത്യന്തരമില്ലാതെ നിലവിലുള്ള ലിസ്റ്റ് പ്രകാരം റേഷന്‍ കാര്‍ഡ് അച്ചടി പൂര്‍ത്തിയാക്കുകയായിരുന്നു. ജൂണ്‍ ഒന്നിന് കോതമംഗലലത്താണ് റേഷന്‍ കാര്‍ഡ് വിരണം നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള ദിവങ്ങളില്‍ റേഷന്‍ കടകള്‍ കേന്ദ്രീകരിച്ച് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റേഷന്‍കാര്‍ഡികള്‍ നല്‍കും. ജൂണ്‍ 30ന് വിതരണം അവസാനിപ്പിക്കാവുന്ന വിതത്തിലാണ് റേഷന്‍ കാര്‍ഡുകള്‍ വിതരണം നിശ്ചയിച്ചിരിക്കുന്നത്. കാര്‍ഡ് വിതരണം ചെയ്യുന്ന സമയവും സ്ഥലവും മുന്‍കൂട്ടി അതത് റേഷന്‍ കടകളില്‍ പ്രദര്‍ശിപ്പിക്കും. നിശ്ചിത ദിവസം റേഷന്‍ കാര്‍ഡ് കൈപ്പറ്റത്തവര്‍ നേരിട്ട് സിവില്‍ സപ്ലൈസ് ഓഫിസുകളില്‍ നിന്ന് നല്‍കും. പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ കാര്‍ഡ് ഉടമ ഹാജരാകണം. കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മുതിര്‍ന്ന അംഗം തിരിച്ചറിയല്‍ രേഖയുമായി ഹാജരായാലും മതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.