ആംബുലന്‍സുകള്‍ക്ക് മൊബൈല്‍ ആപ് വരുന്നു

Wednesday 24 May 2017 9:53 pm IST

കോഴിക്കോട്: അത്യാഹിത ഘട്ടങ്ങളില്‍ ആംബുലന്‍സ് വിളിച്ചാല്‍ കിട്ടാത്ത അവസ്ഥക്ക് പരിഹാരമായി മൊബൈല്‍ ആപ് വരുന്നു. ജില്ലയിലെ മുഴുവന്‍ ആംബുലന്‍സുകളെയും പരിശീലനം നേടിയ വളണ്ടിയര്‍മാരെയും കോര്‍ത്തിണക്കുന്ന മൊബൈല്‍ ആപ് തയ്യാറാക്കുന്നത് ജില്ലാ ഭരണകൂടവും എയ്ഞ്ചല്‍സും ചേര്‍ന്നാണ്. അത്യാഹിത സന്ദര്‍ഭങ്ങളില്‍ ആര്‍ക്കും ആപില്‍ കയറി ജിപിഎസ് സഹായത്തോടെ പരിസരത്ത് ലഭ്യമായ ആംബുലന്‍സുകളുടെയും വളണ്ടിയര്‍മാരുടെയും വിവരങ്ങള്‍ അറിയുകയും ബന്ധപ്പെടുകയും ചെയ്യാം. അടുത്തുള്ള ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ബ്ലഡ് ബാങ്കുകള്‍ തുടങ്ങിയ വിവരങ്ങളും എയ്ഞ്ചല്‍സ് ആപില്‍ നിന്ന് അറിയാം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വിളിക്കാവുന്ന സ്ഥിരം നമ്പറുകളുണ്ടാകും. ഇതിനു പുറമെ ലഭ്യമായ റെസ്‌ക്യൂ ഓപ്പറേറ്റര്‍മാര്‍, മുങ്ങല്‍ വിദഗ്ധര്‍, പാമ്പു പിടുത്തക്കാര്‍, രക്തദാതാ ക്കള്‍ തുടങ്ങിയവരെയും ഭാവിയില്‍ മൊബൈല്‍ ആപില്‍ കണ്ണികളാക്കും. തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലെ വിവരങ്ങളാണ് ആപില്‍ ഉള്‍പ്പെടുത്തുക. ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആപ് ലോഞ്ച് ചെയ്യും. പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപില്‍ ജില്ലയിലെ മുഴുവന്‍ ആംബുലന്‍സുകളും രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ യു.വി. ജോസ് അറിയിച്ചു. ഇത് സംബന്ധിച്ച് ആര്‍ടിഒയുടെ സാന്നിധ്യത്തില്‍ ആംബുലന്‍സ് ഉടമകളുടെ യോഗം വിളിക്കാന്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ആരോഗ്യ വിഭാഗത്തിനു കീഴിലുള്ള ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എമര്‍ജന്‍സി മെഡിസിനില്‍ ത്രിദിന പരിശീലനം നല്‍കാനും യോഗം തീരുമാനിച്ചു. താലൂക്ക് അടിസ്ഥാനത്തിലുള്ള പരിശീലന പരിപാടിക്ക് എയ്ഞ്ചല്‍സും നാഷണല്‍ ഹെല്‍ത്ത് മിഷനും നേതൃത്വം നല്‍കും. യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി. ജോസ് അധ്യക്ഷനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.