വധക്കേസുകളില്‍ സിപിഎം നേതാക്കള്‍ ഹാജരാകാതെ ഒളിച്ചുകളിക്കുന്നു

Tuesday 3 July 2012 10:58 pm IST

കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍, ഷുക്കൂര്‍ വധക്കേസുകളില്‍ ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ വേണ്ടി സിപിഎം നേതാക്കള്‍ക്ക്‌ പ്രത്യേക അന്വേഷണസംഘം നല്‍കിയ നോട്ടീസുകള്‍ക്ക്‌ പുല്ലുവില. നോട്ടീസില്‍ ആവശ്യപ്പെട്ട ഒരൊറ്റ ദിവസവും ഹാജരാകാന്‍ പാര്‍ട്ടി നേതാക്കളാരും തയ്യാറായില്ല. നേതാക്കളെല്ലാം തന്നെ ചോദ്യം ചെയ്യലില്‍ നിന്ന്‌ ഒഴിഞ്ഞുമാറുകയാണ്‌. ഹാജരാകാതിരിക്കുന്നതിന്‌ പിന്നില്‍ പാര്‍ട്ടി തീരുമാനമാണെന്നാണ്‌ സൂചന. ഷുക്കൂര്‍ വധക്കേസില്‍ രണ്ടാംഘട്ട ചോദ്യം ചെയ്യലിന്‌ നാളെ ഹാജരാവാന്‍ ആവശ്യപ്പെട്ട്‌ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‌ നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ തനിക്ക്‌ 9-ാ‍ം തീയ്യതി മാത്രമേ ഹാജരാകാന്‍ കഴിയൂ എന്നാണ്‌ ജയരാജന്‍ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്‌. എന്നാല്‍ ഇദ്ദേഹം അന്നും ഹാജരാകാന്‍ സാധ്യതയില്ലെന്ന്‌ സൂചനയുണ്ട്‌.
ജയരാജന്‌ പുറമേ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ടി.വി.രാജേഷ്‌ എംഎല്‍എ, ഡിവൈഎഫ്‌ഐ നേതാവായിരുന്ന കെ.കെ.രാഗേഷ്‌, ഇടുക്കിയില്‍ എം.എം.മണി എന്നിവരോടാണ്‌ വിവിധ വധക്കേസുകളിലായി അന്വേഷണസംഘങ്ങള്‍ക്ക്‌ മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്‌. ലീഗ്‌ പ്രവര്‍ത്തകന്‍ തളിപ്പറമ്പ്‌ അരിയിലെ ഷുക്കൂര്‍ വധക്കേസില്‍ ജയരാജനോടൊപ്പം ടി.വി.രാജേഷിനും അന്വേഷണസംഘം ഹാജരാകാന്‍ നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും താന്‍ നിയമസഭ ചേരുന്നതിനാല്‍ തിരക്കിലാണെന്ന്‌ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം രാജേഷ്‌ കണ്ണൂരിലെത്തിയിരുന്നു. ഇത്‌ കാണിക്കുന്നത്‌ രാജേഷ്‌ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിലേക്കാണ്‌ എന്നതാണ്‌. എന്നാല്‍ സ്പീക്കറുടെ അനുമതിയോടെ രാജേഷിനെ ചോദ്യം ചെയ്യാനുള്ള ശ്രമം പോലീസ്‌ ആരംഭിച്ചിട്ടുണ്ട്‌.
പി.ജയരാജനോട്‌ രണ്ടാം തവണ അന്വേഷണസംഘം ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവിക്കുകയാണെന്നും 20 ദിവസത്തെ ഇടവേള ആവശ്യമുണ്ടെന്നും പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ അതിനുശേഷമുള്ള ദിവസങ്ങളില്‍ ജയരാജന്‍ പത്രസമ്മേളനങ്ങള്‍ നടത്തുകയും കണ്ണൂര്‍, എറണാകുളം ജയിലുകളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഇതിനാല്‍ ശാരീരിക അസ്വാസ്ഥ്യമെന്നത്‌ ഒഴിവുകഴിവ്‌ മാത്രമാണെന്ന്‌ പോലീസ്‌ കണ്ടെത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ 5ന്‌ വീണ്ടും ഹാജരാകാന്‍ നോട്ടീസ്‌ നല്‍കുകയായിരുന്നു. ഷുക്കൂര്‍ വധത്തിന്‌ മുമ്പ്‌ തളിപ്പറമ്പ്‌ സഹകരണ ആശുപത്രിയില്‍ നടന്നതായി പറയുന്ന ഗൂഢാലോചനയില്‍ ജയരാജന്‌ ബന്ധമുണ്ടെന്ന്‌ പോലീസ്‌ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ചോദ്യം ചെയ്യാന്‍ പോലീസ്‌ തീരുമാനിച്ചത്‌.
അറസ്റ്റ്‌ ചെയ്യുമോ എന്ന ഭയവും ഹാജരാവാതിരിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ചന്ദ്രശേഖരന്‍ വധത്തില്‍ നേതാക്കളായ മോഹനന്‍, കുഞ്ഞനന്തന്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും സംഭവത്തില്‍ ജയരാജന്‌ പങ്കുള്ളതായി തെളിവ്‌ ലഭിച്ചതായി ചില മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. ഒരു പക്ഷെ ഈ കേസിലും അറസ്റ്റ്‌ നടന്നേക്കുമോ എന്ന ഭയവും ഹാജരാവാത്തതിന്‌ പിന്നിലുണ്ടാവുമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌. ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാന്‍ 9നുള്ളില്‍ അസുഖം ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യപ്പെടുമെന്നും സൂചനയുണ്ട്‌. അങ്ങനെ വന്നാല്‍ പോലീസ്‌ ബലമായി അറസ്റ്റ്‌ ചെയ്യാന്‍ സാധ്യതയുണ്ട്‌.
ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡണ്ടിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട മുഖ്യകണ്ണിയെന്ന്‌ സംശയിക്കുന്ന കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചതുമായി ബന്ധപ്പെട്ടാണ്‌ ഡിവൈഎഫ്‌ഐ നേതാവ്‌ കെ.കെ.രാഗേഷിനെ ചോദ്യം ചെയ്യലിന്‌ വിളിപ്പിച്ചത്‌. എന്നാല്‍ താന്‍ കാല്‍മുട്ടിന്‌ ബാധിച്ച അസുഖം കാരണം ചികിത്സയിലാണെന്നും കുറച്ചുദിവസങ്ങള്‍ക്ക്‌ ശേഷം മാത്രമേ ഹാജരാകാനാവൂ എന്നുമാണ്‌ അന്വേഷണസംഘത്തെ ഇദ്ദേഹം അറിയിച്ചത്‌. അതേസമയം രാഗേഷ്‌ ഇതിനുശേഷവും തിരുവനന്തപുരത്ത്‌ നടന്ന പാര്‍ട്ടി സംസ്ഥാനസമിതി യോഗത്തിലടക്കം പങ്കെടുത്തതായി പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ വീണ്ടും എപ്പോള്‍ ഹാജരാവണമെന്ന്‌ സംബന്ധിച്ച്‌ ഇയാള്‍ക്ക്‌ പോലീസ്‌ നോട്ടീസ്‌ നല്‍കിയിട്ടില്ല. ഇത്തരത്തില്‍ രാഗേഷും ചോദ്യം ചെയ്യുന്നതില്‍ നിന്നും രക്ഷപ്പെട്ടുനില്‍ക്കുകയാണ്‌.
ഇടുക്കി ജില്ലാ സെക്രട്ടറിയായ എം.എം.മണിയാവട്ടെ സ്വയം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസെടുത്ത കേസില്‍ അന്വേഷണത്തിന്‌ ഹാജരാകാതെ മുങ്ങി നടക്കുകയാണ്‌. ചുരുക്കത്തില്‍ കുമ്പളങ്ങ മോഷ്ടിച്ചത്‌ താനല്ലെന്ന്‌ പറഞ്ഞ്‌ തല തടവിയയാളുടെ അവസ്ഥയില്‍ കൊലപാതകങ്ങളില്‍ തങ്ങള്‍ക്കുള്ള പങ്കുപറയാതെ പറയുകയാണ്‌ ചോദ്യം ചെയ്യാന്‍ വിളിക്കപ്പെട്ട പാര്‍ട്ടി നേതാക്കള്‍ മുങ്ങി നടക്കുന്നതിലൂടെ.
സ്വന്തം ലേഖകന്‍


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.